വയനാട് ജില്ലയിൽ ഓണം വാരാഘോഷം 27 മുതല്‍
text_fieldsകൽപറ്റ: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഓണം വാരാഘോഷം 27 ന് തുടങ്ങാന്‍ ജില്ല കലക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജില്ല ഭരണകൂടത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്. 27, 28 തീയതികളില്‍ മാനന്തവാടിയിലും 30, 31 തീയതികളില്‍ കല്പറ്റ, ബത്തേരി എന്നിവിടങ്ങളിലുമാണ് പരിപാടികള്‍. ഇതിനായി പ്രാദേശികതലത്തില്‍ സംഘാടക സമിതി രൂപവത്കരിക്കും. എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയര്മാന്മാര് എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും കലക്ടര്‍ ചെര്പേഴ്സനായും ഡി.ടി.പി.സി സെക്രട്ടറി കണ്‍വീനറായും സംഘാടക സമിതി രൂപവത്കരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സിലുകള്‍, ടൂറിസം ക്ലബുകള്‍, ടൂറിസം ഓര്‍ഗനൈസേഷനുകള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വന്‍ ജനപങ്കാളിത്തത്തോടുകൂടി പരിപാടികള്‍ നടത്താന്‍ കലക്ടര്‍ നിർദേശം നല്കി.
വിവിധ കലാപരിപാടികള്‍, ഓണസദ്യ, പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, വടംവലി, കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധമാണ് ഓണം വാരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത്, സെക്രട്ടറി കെ.ജി. അജേഷ്, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പരിപാടികൾക്ക് അപേക്ഷകള്‍ ഏഴിനകം ലഭിക്കണം
കൽപറ്റ: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഓണം വാരാഘോഷം 2023 ല്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരിപാടി അവതരിപ്പിക്കുന്നതിന്റെ വിശദാംശങ്ങള്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.ടി.പി.സി ഓഫിസില്‍ ഏഴിനകം നല്‍കണം.
എക്സൈസ് പരിശോധന കര്‍ശനമാക്കും
കൽപറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കും. പൊലീസ്, ഫോറസ്റ്റ്, റവന്യൂ, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചേര്‍ന്നുള്ള സംയുക്ത പരിശോധനയുമുണ്ടാകും. വാഹന പരിശോധന, ചെക്ക്പോസ്റ്റ് പരിശോധന, റോഡ് പെട്രോളിങ് തുടങ്ങിയവ ശക്തമാക്കും. വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് എക്സൈസിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ഡ്രൈവും തുടങ്ങും. ഇതിന്റെ ഭാഗമായി ജില്ല എക്സൈസ് ഡിവിഷന് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു.
വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉൽപാദനം, വില്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കണ്ട്രോള് റൂമിലെ 04936 288215 എന്ന നമ്പറിലും പൊതുജനത്തിന് ടോള്‍ഫ്രീ നമ്പറായ 18004252848 ലും അറിയിക്കാം. എക്സൈസ് റെയ്ഞ്ച്, സര്‍ക്കിള്‍ ഓഫിസ് കണ്ട്രോള് റൂം നമ്പറുകള്‍ കല്പറ്റ - 04936 208230, 202219, മാനന്തവാടി - 04935 244923, 240012 , സുൽത്താൻ ബത്തേരി - 04936 227227, 248190, എക്സൈസ് സ്പെഷല്‍ സ്ക്വാഡ്, മീനങ്ങാടി -04936 246180.
ഓണം ഖാദി മേള ആരംഭിച്ചു
കല്പറ്റ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ല തല ഉദ്ഘാടനം പള്ളി താഴെ റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തില്‍ കല്പറ്റ മുനിസിപ്പല്‍ ചെയര്മാന് കേയംതൊടി മുജീബ് നിർവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഖാദി ബോര്‍ഡ് ഡയറക്ടര്‍ കെ.വി. ഗിരീഷ് കുമാര്‍ ക്യാഷ് അവാര്‍ഡും ഉപഹാരവും നല്കി അനുമോദിച്ചു. ഖാദി ബോര്‍ഡ് ജില്ല പ്രോജക്ട് ഓഫിസര്‍ പി. സുഭാഷ് സ്വാഗതം പറഞ്ഞു.
വി. ഹാരിസ്, ഗിരീഷ് കല്പറ്റ, ടി.എം. സുബീഷ്, വി. ദിനേശ് കുമാര്‍, എ.കെ. രാജേഷ്, കെ.ടി. ഷാജി, കെ. ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഓരോ ആയിരം രൂപ പര്‍ച്ചേസിനും ഒരു സമ്മാന കൂപ്പൺ ലഭ്യമാണ്. ഒന്നാം സമ്മാനം ടാറ്റാ ടിയാഗോ ഇലക്ട്രിക് കാര്‍, രണ്ടാം സമ്മാനം ഒല ഇലക്ട്രിക് സ്കൂട്ടര്‍, മൂന്നാം സമ്മാനം ജില്ലകള്‍ തോറും ഒരു പവന് സ്വര്‍ണം, കൂടാതെ ആഴ്ചതോറുമുള്ള നറുക്കെടുപ്പില്‍ വിജയിക്ക് അയ്യായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും. സര്‍ക്കാര്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റും പ്രഖ്യാപിച്ചിടുണ്ട്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. മേള ആഗസ്റ്റ് 28 വരെ നീണ്ടുനില്‍ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.