അതിജീവിതർക്ക് ഓണമധുരമേകി നാട്
text_fieldsമേപ്പാടി: ഉരുൾപൊട്ടൽ ദുരന്തബാധിതരെ നോവിൽനിന്ന് സന്തോഷത്തിലേക്ക് കൊണ്ടുപോകാൻ നാടൊരുമിച്ചു. ക്യാമ്പുകളിൽനിന്ന് വാടകവീടുകളിലേക്ക് താമസം മാറ്റിയ അതിജീവിതരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു വിവിധ സംഘടനകൾ ഓണനാളുകളിൽ. ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളിൽനിന്നും ഇരകൾക്ക് എല്ലാവരും ഓണമധുരമൊരുക്കി. വിവിധയിടങ്ങളിലെ പല സംഘടനകളും മേപ്പാടി പ്രദേശത്തേക്കെത്തി അതിജീവിതരെ ചേർത്തുപിടിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്തും ദുരിതബാധിതർക്കായി ഓണസദ്യയൊരുക്കി. കുറെ കുടുംബങ്ങൾ മൂപ്പൈനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വാടക വീടുകളിൽ കഴിയുന്നുണ്ട്. അവരെ വിളിച്ചുചേർത്ത് ഗ്രാമപഞ്ചായത്ത് ഓഫിസ് വളപ്പിലാണ് സദ്യയൊരുക്കിയത്.
മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠന സൗകര്യമൊരുക്കിയ വെള്ളാർമല ഹയർ സെക്കൻഡറി സ്കൂൾ, പഞ്ചായത്ത് എ.പി.ജെ ഹാളിൽ പ്രവർത്തിക്കുന്ന മുണ്ടക്കൈ ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ഓണക്കോടിയും സദ്യയുമായി എറണാകുളം സെന്റ് തെരേസാസ് കോളജ് എൻ.സി.സി വിദ്യാർഥികളുമെത്തി. 21 ബറ്റാലിയൻ ക്യാപ്റ്റൻ അടക്കം 15 അംഗങ്ങളാണ് വന്നത്. നിലമ്പൂർ പോത്തുകല്ല് ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകരുമെത്തി. ഗവ. ഹൈസ്കൂൾ വിദ്യാർഥികളടക്കം 3500 കുട്ടികൾക്കാണ് ഓണസദ്യ ഒരുക്കിയത്. സ്കൂൾ പി.ടി.എ കമ്മിറ്റിയുമായി സഹകരിച്ചായിരുന്നു സദ്യ. മുണ്ടക്കൈ ഗവ. എൽ.പി സ്കൂൾ, വെള്ളാർമല ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്ക് എൻ.സി.സി കാഡറ്റുകൾ ഓണക്കോടി സമ്മാനിച്ചു. അവരോടൊപ്പം ആട്ടവും പാട്ടുമായി ഏറെ സമയം ചെലവഴിച്ചു. മേപ്പാടി കുന്നമ്പറ്റയിലെ ഫ്ലാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് 19ാം വാർഡിലെ ജനങ്ങൾ ഓണസദ്യയൊരുക്കി. നിങ്ങളോടൊപ്പം നാടുമുഴുവൻ കൂടെയുണ്ട് എന്ന ഐക്യദാർഢ്യം കൂടിയായിരുന്നു എല്ലായിടത്തും കണ്ടത്.
പൊലിമയില്ലാതെ ജില്ലയിൽ ഓണാഘോഷം
മാനന്തവാടി: ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം ജില്ലയിൽ പൊലിമയില്ലാതെ. പായസ ചലഞ്ച് പോലുള്ള പരിപാടികൾ നടത്തി പണം കണ്ടെത്തി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇപ്രാവശ്യം നടന്നത്.
ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടന്നു. ക്ഷേത്രങ്ങളിലെല്ലാം വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വീടുകളിൽ പൂക്കളങ്ങൾ തീർത്തും ഓണസദ്യ ഒരുക്കിയുമാണ് ആഘോഷിച്ചത്. സ്കൂളുകളിലും സ്ഥാപനങ്ങളിലും വൻ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. കേരളം കണ്ട ഏറ്റവും വലിയ ദുരന്ത ശേഷമുള്ള ഓണം വ്യാപാരരംഗത്ത് കടുത്ത മാന്ദ്യമാണ് ഉണ്ടാക്കിയത്. ഓണാവധിക്കും ജില്ലയിലേക്ക് കാര്യമായി സഞ്ചാരികൾ എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.