പൂക്കളങ്ങളില്ലാത്ത ഓണക്കാലം
text_fieldsമാനന്തവാടി: 'പൂവേ പൊലി പൂവേ' എന്ന പാട്ടിെൻറ താളത്തിൽ പൂക്കളങ്ങൾ തീർത്ത കാലം വിസ്മൃതിയിലാവുകയാണോ? ഈ ഓണക്കാലം ഓർമപ്പെടുത്തുന്നത് അതാണ്. ഈ തലമുറയിൽ ഉള്ളവർ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല പൂക്കളവും മത്സരങ്ങളും ഓണക്കളികളുമില്ലാതെ ഓണം ഇങ്ങനെ ആഘോഷിക്കേണ്ടിവരുമെന്ന്. എന്നാൽ, ഇന്നത് യാഥാർഥ്യമായിരിക്കുന്നു.
മിക്ക വീടുകളിലും ക്ലബുകളിലും സ്കൂളുകളിലും ക്ഷേത്രങ്ങളിലും പൂക്കളമില്ലാതെയാണ് അത്തം മുതൽ ഇങ്ങോട്ടുള്ള ഓരോ ദിവസവും കടന്നുപോവുന്നത്. അപൂർവം വീടുകളിൽ മാത്രമാണ് കുട്ടികൾ പൂക്കളം തീർത്തിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പുവരെ, ചാണകം മെഴുകിയ മുറ്റത്ത്, തൊടികളിൽനിന്ന് ശേഖരിക്കുന്ന മുക്കുറ്റിയും തുമ്പയും കൊങ്ങിണിയും തുളസിയും ഡാലിയയും റോസും എല്ലാം ചേർത്താണ് പൂക്കളം തീർത്തിരുന്നത്. അത്തം നാളിൽ ഒരു കളറിൽ തുടങ്ങുന്ന പൂവിടൽ തിരുവോണ നാൾ എത്തുേമ്പാൾ ബഹുവർണ പൂക്കളം തീർത്താണ് ഓണാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചത്.
മുക്കുറ്റിയും തുമ്പയുമെല്ലാം തൊടികളിൽനിന്ന് അപ്രത്യക്ഷമായതോടെ മലയാളികൾ പൂക്കളം തീർക്കാൻ അന്യസംസ്ഥാനത്തെ, പ്രത്യേകിച്ച് കർണാടകയിലെ പൂക്കളെ ആശ്രയിക്കാൻ തുടങ്ങി. അങ്ങനെയാണ് ചെണ്ടുമല്ലിയും ജമന്തിയും വാടാർ മല്ലിയും അരളിപ്പൂവും മറ്റും പൂക്കളങ്ങളിൽ സ്ഥാനം നേടിയത്. ലക്ഷക്കണക്കിന് രൂപയുടെ വ്യാപാരമായിരുന്നു ഇത്. നഗരങ്ങളിലും ഗ്രാമങ്ങളിലും വർണച്ചാർത്തായി പൂക്കൾ നിറഞ്ഞു. കഴിഞ്ഞവർഷം വരെ ജില്ലയിൽ പൂവിൽപനക്കാർ നിറഞ്ഞിരുന്നു. എന്നാൽ, ഇത്തവണ കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിെൻറ ഭാഗമായി, അന്യസംസ്ഥാനങ്ങളിൽനിന്നും പൂക്കൾ കൊണ്ടുവന്ന് വിൽക്കുന്നതിന് സർക്കാർ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്.
പൂവിപണി ഇല്ലാതായതോടെ ഓണ സീസണിൽ ലഭിച്ചിരുന്ന വരുമാനം പാടേ നിലച്ചതായി കഴിഞ്ഞ 30 വർഷമായി മാനന്തവാടി ഗാന്ധി പാർക്കിൽ പൂക്കച്ചവടം ചെയ്തുവരുന്ന ബദറുദ്ദീൻ പറഞ്ഞു. കഴിഞ്ഞ വർഷം ഒരു കെട്ട് പൂവിന് കർണാടകയിൽ 2600 രൂപ വിലയുണ്ടായിരുന്നു. ഇത്തവണ അത് 1600 മുതൽ 1800 രൂപ വരെയായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പൂ ഇപ്പോഴും വിപണിയിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.