ഓൺലൈനിൽ ഓഫായി വയനാട്
text_fieldsഓൺൈലൻ ക്ലാസുകൾ രണ്ടാം വർഷത്തിലേക്ക് കടക്കുേമ്പാൾ ജില്ലയിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പലവിധ പ്രയാസങ്ങളാണ് അഭിമുഖീകരിക്കുന്നത്. ഡിജിറ്റൽ പഠനോപകരണങ്ങളുടെ അഭാവവും ഇൻറർനെറ്റ് കണക്ടിവിറ്റി പ്രശ്നങ്ങളും പഠനം ധാരാളം വിദ്യാർഥികൾക്ക് ബാലികേറാമലയാകുന്നു. ഒരുപാട് ആദിവാസി വിദ്യാർഥികൾ ഇപ്പോഴും ഒൺലൈൻ ക്ലാസുകളുടെ പരിധിക്ക് പുറത്താണ്. ജില്ലയിൽ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാധ്യമം വിലയിരുത്തുന്നു.
ഓൺലൈൻ ക്ലാസിെൻറ ലിങ്ക് ഓണാക്കി അധ്യാപകൻ വിദ്യാർഥികളെ കാത്തിരുന്നു. കുട്ടികൾ ഓരോരുത്തരായി ജോയിൻ ചെയ്തുതീർന്നപ്പോഴേക്കും 10 മിനിറ്റ് കഴിഞ്ഞു. എല്ലാവരും കയറിയല്ലോ, അല്ലേ....? ബഹളം അടങ്ങിയപ്പോൾ അധ്യാപകൻ ചോദിച്ചു. എല്ലാവരും ഫോൺ മ്യൂട്ടാക്കൂ. ഞാൻ പറയുമ്പോൾ മാത്രം ഓണാക്കിയാൽ മതി. അധ്യാപകെൻറ നിർദേശം. ഞാൻ മ്യൂട്ടാക്കി സാർ. ഞാനും...ഞാനും... മതിമതി ഇനിയാരും മ്യൂട്ട് ഓണാക്കരുത്. സയൻസിലെ ആദ്യത്തെ പാഠമാണ് ഇന്ന് പഠിക്കുന്നത്. എല്ലാവരും വിഡിയോ ഓണാക്കിയേ... സാറേ വിഡിയോ ഓണാകുന്നില്ല. സാറേ കേൾക്കുന്നില്ല... പരാതികൾ തുടങ്ങുകയായി.
'സാറേ എെൻറ ജ്യേഷ്ഠത്തി പത്താം ക്ലാസിലാണ്. അവൾക്ക് ക്ലാസ് തുടങ്ങാൻ സമയമായി. ഞാൻ ലെഫ്റ്റടിച്ചോട്ടെ' ഒരാൾ ചോദിച്ചു. അഞ്ചാറു പേരങ്ങനെ പോയി. അപ്പോഴാണ് അധ്യാപകെൻറ ഫോണിലേക്ക് ഒരു രക്ഷിതാവിെൻറ വിളി: അവർക്ക് ക്ലാസ് കേൾക്കുന്നില്ല. കുട്ടികൾക്ക് കേൾക്കാനാവാതെ ക്ലാസെടുത്തിട്ടെന്താ കാര്യം? ചോദ്യം ന്യായമാണ്. വിദ്യാർഥികളുടെ ഓൺലൈൻ പഠനം രണ്ടാം വർഷത്തിലേക്ക് കടന്നിട്ടും ഇതുപോലുള്ള അനുഭവങ്ങളാണ് ജില്ലയിൽ പലയിടത്തും.
പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ നടന്ന ക്ലാസുകളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇത്തവണ ആദ്യം ജൂൺ പകുതി വരെ ട്രയലും പിന്നീട് ക്ലാസും തുടങ്ങിയത്.
എന്നാൽ, വൈദ്യുതിയും ഇൻറര്‍നെറ്റും ഇല്ലാത്ത ജില്ലയിലെ പിന്നാക്കമേഖലകളിലെ കുട്ടികള്‍ പുറത്തുതന്നെ നിൽക്കുകയാണ്. ഇവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ബദല്‍ സംവിധാനമെത്തിക്കാനുള്ള ശ്രമം നടന്നുവരുകയാണെന്ന് വിവിധ വകുപ്പുകള്‍ പറയുന്നുണ്ടെങ്കിലും എത്ര മാസംകൊണ്ട് പൂർത്തിയാവും എന്നതിന് വ്യക്തമായ ഉത്തരമില്ല.
രണ്ടു വർഷമെങ്കിലും കോവിഡിനൊപ്പം ജീവിക്കേണ്ടിവരുമെന്ന വിദഗ്ധാഭിപ്രായം ഉയർന്നുവന്ന ഈ സാഹചര്യത്തിൽ ക്ലാസ് റൂം പഠനം പൂർവസ്ഥിതിയിലെത്താൻ ഇനിയും സമയമെടുക്കും. മൂന്നു ക്ലാസുകൾ ഒരുമിച്ചുചേർത്ത് നൂറിനടുത്ത് വിദ്യാർഥികളെ ഇരുത്തി ഓൺലൈൻ വഴി നടത്തുന്ന ക്ലാസുകൾ ജില്ലയിലെ ഒട്ടു മുക്കാൽ ഭാഗത്തും ഇപ്പോഴും പരാജയമാണ്. വാട്സ് ആപ് ഗ്രൂപ്പുവഴിയുള്ള പഠനവും ഉപയോഗത്തിലെ അശാസ്ത്രീയത കാരണം ഉപകാരപ്പെടുന്നില്ല.
നൂറ് കുട്ടികൾ കൂട്ടത്തോടെ വിഡിയോയും ശബ്ദവും അയക്കുന്നതോടെ ഫോണുകൾ മിക്കതും സ്തംഭിക്കുമെന്നതും അധ്യാപകർ നേരിടേണ്ടിവരുന്നു. ഒന്നിലധികം കുട്ടികളുള്ള വീടുകളിൽ ഒരു ഡിജിറ്റൽ പഠനോപകരണം മാത്രമുണ്ടാവുന്നതും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു.
ആദിവാസികളും സാധാരണക്കാരും കൂടുതലുള്ള വയനാട് ജില്ലയിൽ പതിനായിരക്കണക്കിന് കുട്ടികളാണ് പരിധിക്ക് പുറത്തുനിൽക്കുന്നത്. ജൂണിലെ ഔദ്യോഗിക കണക്ക് പ്രകാരം 9500 വിദ്യാർഥികളാണ് ജില്ലയിൽ ഓഫ്ലൈനിലുള്ളത്. യഥാർഥ കണക്ക് ഇതിലും എത്രയോ വലുതാണ്.
ഹൈസ്കൂൾതലത്തിലെ കുട്ടികൾ മാത്രമാണ് ഓൺലൈൻ ക്ലാസുകളിൽ തുടർച്ചയായി പങ്കെടുക്കുന്നത്. ഗൂഗിൾ മീറ്റ് വഴി അധ്യാപകർ നടത്തുന്ന ക്ലാസുകളിൽ പലയിടത്തും പങ്കാളിത്തം നാമമാത്രമാണ്. 60 വിദ്യാർഥികളുള്ള ഓൺലൈൻ ക്ലാസിൽ പത്തിൽ ചുവടെ മാത്രം വിദ്യാർഥികളാണ് എത്തുന്നതെന്ന് വെള്ളമുണ്ടയിലെ ഒരധ്യാപകൻ പറഞ്ഞു. വനമേഖല കൂടുതലുള്ള ഗ്രാമങ്ങളിൽ പല സമയത്തും വൈദ്യുതി പണിമുടക്കുന്നതും ഇൻറർനെറ്റ് വേഗത കുറവും ഓൺലൈൻ പഠന സംവിധാനത്തിൽ വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നു.
തുടരും..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.