ഊട്ടി പുഷ്പമേള തുടങ്ങി
text_fieldsഊട്ടി: നീലഗിരി ജില്ല ആസ്ഥാനമായ ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന 126ാമത് പുഷ്പ പ്രദർശനത്തോടൊപ്പം വിജയനഗരം റോസ് പാർക്കിലെ 19ാമത് റോസ് പ്രദർശനവും തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ ഉദ്ഘാടനം ചെയ്തു.
പുഷ്പമേളയിൽ 35,000ത്തോളം പൂച്ചട്ടികൾ ഒരുക്കിയിട്ടുണ്ട്. സന്ദർശകരെ ആകർഷിക്കുന്നതിനായി വർണാഭമായ പുഷ്പങ്ങളുള്ള കൂറ്റൻ പുഷ്പ പ്രദർശനവും 44 അടി വീതിയും 35 അടി ഉയരവുമുള്ള ഡിസ്നി കാസിൽ ഭീമാകാരവും ഒരുക്കിയിട്ടുണ്ട്.
മിക്കി മൗസ്, മിന്നി മൗസ്, ഗോബി പ്ലൂട്ടോ, ഡൊണാൾഡ് ഡക്ക് എന്നീ കാർട്ടൂൺ കഥാപാത്രങ്ങളുള്ള പ്രതിമ കുട്ടികളുടെ ആകർഷണമാണ്. 33 അടി നീളവും 20 അടി ഉയരവും 25 അടി വീതിയും 80,000 കാർണേഷൻ പൂക്കളും കൊണ്ട് ഒരുക്കിയ പർവത ട്രെയിൻ രൂപകൽപന ചെയ്തതും വേറിട്ട കാഴ്ചയാണ്. പാർക്കിൽ നട്ടുപിടിപ്പിച്ച 6.5 ലക്ഷത്തോളം പുഷ്പ തൈകളും പൂക്കളത്തിൽ ക്രമീകരിച്ചിരിക്കുന്ന വിവിധ രൂപങ്ങളിലുള്ള 2.6 ലക്ഷത്തോളം പൂക്കളും മനോഹരമാണ്.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഊട്ടി റോസ് പാർക്കിൽ 4,000 ഇനങ്ങളിലുള്ള റോസാപ്പൂക്കൾ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഏകദേശം 3.5 ലക്ഷം പൊതുജനങ്ങളും വിനോദസഞ്ചാരികളും ഗാർഡൻ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി പറഞ്ഞു.
കാർഷിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അപൂർവ, കാർഷിക വകുപ്പ് ഡയറക്ടർ മുരുകേഷ്, ഹോർട്ടികൾച്ചർ ഡയറക്ടർ കുമാരവേൽ പാണ്ഡ്യൻ, ജില്ല കലക്ടർ എം. അരുണ, ജില്ല പൊലീസ് മേധാവി ഡോ. സുന്ദരവടിവേലു, ഡി.ആർ.ഒ കീർത്തി പ്രിയദർശിനി, അഡിഷനൽ കലക്ടർ കൗഷിക്, അഡീഷനൽ പൊലീസ് സൂപ്രണ്ട് സൗന്ദരരാജൻ, ഹോർട്ടികൾച്ചർ വകുപ്പ് ജോയന്റ് ഡയറക്ടർ ശിബിലമേരി, മുനിസിപ്പൽ അഡ്മിനിസ്ട്രേറ്റിവ് സോണൽ ഡയറക്ടർ ഡോ. ഇളങ്കോവൻ, ഊട്ടി മുനിസിപ്പൽ കമീഷണർ ഏകരാജ്, ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് അബ്രൂസ് ബീഗം, പ്രബിത കുമാർ, നാഗരാജൻ അസിസ്റ്റന്റ് ഡയറക്ടർ ഐശ്വര്യകുമാർ പ്രേംകുമാർ, ജയലക്ഷ്മി നിരവധി സർക്കാർ ഉദ്യോഗസ്ഥരും മറ്റും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.