ജെയ്ഷക്കും ചിലത് പറയാനുണ്ട്....
text_fieldsകായിക മേഖലയിൽ തങ്ങളുടെ പ്രതിഭകൾക്ക് വയനാട് ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ച് വിലയിരുത്താൻ ഒളിമ്പ്യൻ ഒ.പി. ജെയ്ഷയോളം യോഗ്യരായവർ കുറവാണ്. കരിയറിൽ വയനാട് നൽകിയ പിന്തുണയെയും സൗകര്യങ്ങളെയും കുറിച്ച് ജെയ്ഷ 'മാധ്യമ'ത്തോട് മനസ്സ് തുറക്കുന്നു...ട്രാക്കിൽനിന്ന് തിരിച്ചുകയറിയാൽ വയനാട്ടിൽ പരിശീലകയായി പ്രവർത്തിക്കണമെന്ന ആഗ്രഹം ജെയ്ഷ അധികൃതരോട് പങ്കുവെച്ചിരുന്നെങ്കിലും അവർ ഗൗനിച്ചില്ല. ഇപ്പോൾ ബംഗളൂരു സായിയിൽ പരിശീലകയായ തൃശിലേരി സ്വദേശിനി, വയനാട്ടിലെ അത്ലറ്റിക് മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും പറയുന്നു...
നൈസർഗികപ്രതിഭാശേഷിയാൽ അനുഗൃഹീതരായ ഒട്ടേറെ കുട്ടികളുള്ള നാടാണ് വയനാട്. എന്നാൽ, അവരെ യഥാസമയം കണ്ടെത്തി ഉയർത്തിക്കൊണ്ടുവരാനോ, ചിട്ടയായ പരിശീലനം നൽകി ഉയരങ്ങളിലെത്തിക്കാനോ നമുക്ക് കഴിയുന്നില്ല. കായിക മേഖലയിലെ ഗുണപരമായ മാറ്റങ്ങൾക്കു പകരം, നമ്മൾ മറ്റു മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സ്ഥാനമാനങ്ങൾ വീതിച്ചെടുത്ത് അതിനുമുകളിൽ അമർന്നിരിക്കുകയാണ്.
കഴിവുറ്റവരും മാറ്റങ്ങൾ കൊണ്ടുവരാൻ പ്രാപ്തരുമായ ആളുകളെ ചുമതലകൾ ഏൽപിക്കാനുള്ള തിരിച്ചറിവും ധൈര്യവും ഇനിയുമുണ്ടായില്ലെങ്കിൽ നമ്മുടെ കുട്ടികൾ അർഹിക്കുന്ന എക്സ്പോഷർ കിട്ടാതെ വാടിക്കരിയുന്നത് തുടർന്നുകൊണ്ടേയിരിക്കും.
സ്പോർട്സ് കൗൺസിലിൽ അത്ലറ്റുകളെ ഉൾപ്പെടുത്തണമെന്നാണ് ഞാൻ പ്രധാനമായി ഉന്നയിക്കുന്നത്. ദേശീയ തലത്തിൽ മെഡൽ നേടിയ അത്ലറ്റുകൾ ആരെങ്കിലും ജില്ലയിലെ സ്പോർട്സ് കൗൺസിലിൽ ഉണ്ടോ? ഇഷ്ടമുള്ളവരെ രാഷ്ട്രീയത്തിെൻറ പേരിൽ പ്രസിഡൻറും സെക്രട്ടറിയുമൊക്കെയാക്കും. ഒരു മെംബറായിട്ടുപോലും ഇവിടുത്തെ അത്ലറ്റുകളെ പരിഗണിക്കില്ല.
സ്പോർട്സിനോട് അത്രയേറെ താൽപര്യമുള്ളതുകൊണ്ടാണ് ഞാനൊക്കെ റെയിൽവേയിലെ ജോലി വിട്ട് ബംഗളൂരു സായിയിൽ കോച്ചായി ചേർന്നത്. ഞങ്ങളെ പോലുള്ളവരുടെ എക്സ്പീരിയൻസ് വേണോ വേണ്ടയോ എന്ന് പറയേണ്ടത് കായികമേഖല ഭരിക്കുന്നവരാണ്. ഇതൊന്നും അവർ ഞങ്ങളോട് ചോദിക്കില്ല. അവർക്ക് സ്ഥാനം മാത്രം മതി. കുട്ടികളുടെ പെർഫോമൻസൊന്നും ഒരു കാലത്തും അവരെ ബാധിക്കുന്ന വിഷയമേയല്ല.
വയനാട് ജില്ലയിൽനിന്ന് ഉയർന്നുവരാനുള്ള സൗകര്യങ്ങൾ ഒന്നും കിട്ടിയിട്ടില്ലെന്നുവേണം പറയാൻ.
ഈ മണ്ണിൽ ജനിച്ചുവളർന്നതിനെ തുടർന്ന് കുട്ടിക്കാലത്ത് നൈസർഗികമായി ലഭിച്ച പരിശീലന സാഹചര്യങ്ങളാണ് ഞങ്ങൾക്ക് തുണയായത്. അല്ലാതെ ഇവിടുന്ന് ശാസ്ത്രീയമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ലല്ലോ. ഇന്നും ഒരു 400 മീറ്റർ ട്രാക്കിടാൻ വേണ്ട ഗ്രൗണ്ട് പോലുമില്ല നമുക്ക്. ജില്ല സ്റ്റേഡിയത്തിന് ആറുവരി ട്രാക്ക് ഇടാൻ തീരുമാനിച്ചതിനെതിരെ ഞാൻ അന്ന് സ്പോർട്സ് മന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. തുടർന്നാണ് എട്ടുവരിയാക്കാൻ തീരുമാനമായത്.
ചെറുപ്പത്തിൽ എന്നെ പരിശീലിപ്പിച്ച കോച്ച് ഗിരീഷേട്ടനെ പോലെ വളറെ കുറച്ചുപേരാണ് വയനാട്ടിൽ ആത്മാർഥതയോടെ സ്പോർട്സിനെ സമീപിക്കുന്നവർ.
കാട്ടിക്കുളത്ത് ഒരു ട്രാക്കുപോലുമില്ലാതെയാണ് ഗിരീഷേട്ടനൊക്കെ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. എന്നിട്ടാണ് സംസ്ഥാന മീറ്റിൽനിന്ന് മെഡൽ കൊണ്ടുവരുന്നത്. ഗിരീഷേട്ടനെ പോലെയുള്ളവരെയാണ് യഥാർഥത്തിൽ സ്പോർട്സ് കൗൺസിലിൽ എടുക്കേണ്ടത്. അങ്ങനെയുള്ളവരെ കൊണ്ടുവരാതെ കായിക മേഖലയുമായി ഒരു ബന്ധവുമില്ലാത്തവരെ കൊണ്ടുവരുമ്പോൾ ഇതിൽ കൂടുതൽ എന്താണ് വയനാട് ജില്ല പ്രതീക്ഷിക്കേണ്ടത്?
വയനാട്ടിൽ പരിശീലകയായി പ്രവർത്തിക്കാൻ എനിക്ക് ഏറെ താൽപര്യമുണ്ട്. അത് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഞാൻ പരിശീലിപ്പിക്കുന്നത് ഇപ്പോൾ കൂടുതൽ ഉത്തരേന്ത്യയിലെ കുട്ടികളാണ്.
നമ്മുടെ മുറ്റത്ത് മികച്ച താരങ്ങളുള്ളപ്പോൾ എന്തിന് ഞാൻ അവിടേക്ക് പോകണം? എന്നാൽ, സർക്കാറിന് താൽപര്യമില്ലെങ്കിൽ നമുക്കെന്ത് ചെയ്യാൻ പറ്റും. അതിനുവേണ്ടിയാണ് ഞാൻ മുമ്പ് കേരളത്തിൽ ജോലി തരാൻ പറഞ്ഞത്. അസി. കമീഷണർ പോസ്റ്റ് ഉപേക്ഷിച്ച് ഇവിടെ വരാൻ ഒരു കോച്ചിെൻറ പോസ്റ്റ് മാത്രമെ ഞാൻ ചോദിച്ചുള്ളൂ.
മറ്റുള്ളവർക്കൊക്കെ വലിയ വലിയ പദവി നൽകിയപ്പോഴും വെറുമൊരു കോച്ചിെൻറ പോസ്റ്റ് മതി എന്നാണ് ഞാൻ പറഞ്ഞത്. എനിക്കറിയുന്ന ഫീൽഡാണിത്. എനിക്ക് സ്ഥാനമാനങ്ങൾ ഒന്നും വേണ്ട. കോച്ച് എന്ന നിലയിൽ അംഗീകരിച്ചാൽ മാത്രം മതി. കുട്ടികളെ പരിശീലിപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിത്തന്നാൽ മതി. നല്ല ഗ്രൗണ്ട് ലഭ്യമാക്കിത്തരൂ. അതുപോലും തരില്ല എന്നു പറഞ്ഞാൽ എന്തു ചെയ്യാൻ പറ്റും? അതുകൊണ്ടുതന്നെ ഞാൻ റെയിൽവേ വിട്ട് സായിയിൽ വന്നു.
ഒരു വർഷം കൊണ്ടുതന്നെ എനിക്ക് റിസൽറ്റുണ്ടാക്കാൻ കഴിഞ്ഞു. വയനാട് ജില്ലയിൽ ഇത്രയും കഴിവുള്ള കുട്ടികളുണ്ടാവുമ്പോ പെട്ടെന്ന് റിസൽറ്റുണ്ടാക്കാൻ കഴിയുമായിരുന്നു. പക്ഷേ, അവർ സമ്മതിച്ചില്ല.
നമ്മൾ എന്തിന് ഊട്ടിയിലും തിംഫുവിലുമൊക്കെ പോയി പരിശീലിക്കണം? വയനാട്ടിൽ പരിശീലിച്ചാൽ മതി. പ്രകൃത്യാ നമുക്ക് വലിയ അഡ്വാേൻറജ് ഉണ്ട്. ഹൈ ആൾട്ടിറ്റ്യൂഡ് അന്തരീക്ഷം മുതലെടുക്കുകയാണ് വേണ്ടത്. ഇക്കാര്യം മനസ്സിലാക്കി പ്രവർത്തിക്കാൻ നമ്മളേറെ വൈകി.
വയനാട്ടിലെ കഴിവുള്ള എത്രയോ കുട്ടികളുടെ ജീവിതമാണ് ഇക്കാലയളവിൽ നമ്മൾ ഒന്നുമല്ലാതാക്കിക്കളഞ്ഞത്. ഒരുപാടുവർഷങ്ങൾ നമ്മൾ പാഴാക്കി. ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.