വിവാദ റിസോർട്ട് കെട്ടിടങ്ങള്‍ പരിശോധിച്ച് ഡി.ഡി.എം.എ; അന്തിമതീരുമാനം നിയമങ്ങള്‍ പാലിച്ചുമാത്രമെന്ന് കലക്ടര്‍
text_fieldsപടിഞ്ഞാറത്തറ: മഞ്ഞൂറയിൽ ചട്ടങ്ങൾ ലംഘിച്ച് കെട്ടിടം നിർമിച്ചെന്ന് പരാതിയുയർന്ന റിസോർട്ട് നിർമിതി ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ജില്ല ദുരന്തനിവാരണ സമിതി അംഗങ്ങള്‍ പരിശോധിച്ചു. ജില്ല കലക്ടര്‍ക്ക് പുറമെ അതോറിറ്റി സഹചെയര്‍മാന്‍ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍, എ.ഡി.എം എന്‍.ഐ. ഷാജു, ജില്ല ഫയര്‍ ഓഫിസര്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, ജില്ല ടൗണ്‍ പ്ലാനര്‍, ജിയോളജിസ്റ്റ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ദുരന്തനിവാരണ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുമാത്രമേ ഡി.ഡിഎം.എ അന്തിമ തീരുമാനമെടുക്കൂ എന്ന് കലക്ടര്‍ പറഞ്ഞു.
തരിയോട് പഞ്ചായത്തില്‍ പുതിയ കെട്ടിടങ്ങളുടെ പരമാവധി ഉയരം 10 മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. കെന്‍സ വെല്‍നസ് സെന്ററിനായി നിർമിച്ച പ്രധാന കെട്ടിടത്തിന് 15 മീറ്ററിലധികം ഉയരമുണ്ടെന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. എന്നാല്‍, ദുരന്തനിവാരണ അതോറിറ്റിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഈ കെട്ടിടത്തിന്റെ താഴത്തെനില പൂർണമായും മണ്ണിട്ടുമൂടിയിട്ടുണ്ടെന്ന് കണ്ടെത്തി. മണ്ണിന് മുകളിലേക്ക് ഒമ്പതു മീറ്ററില്‍ താഴെയേ ഉയരമുള്ളൂവെന്ന ഉടമകളുടെ വാദം കലക്ടറും ജില്ല പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ളവർ അംഗീകരിച്ചില്ല. ദുരന്തനിവാരണ നിയമമനുസരിച്ച് കെട്ടിടത്തിന്റെ തറമുതലുള്ള ഉയരമേ കണക്കാക്കാനാകൂ എന്ന് ഇവര്‍ വ്യക്തമാക്കി.
ഇതിനിടെ കെട്ടിടത്തിന് ഹൈകോടതി നിർദേശപ്രകാരം നമ്പര്‍ നല്‍കിക്കഴിഞ്ഞു എന്ന് തരിയോട് പഞ്ചായത്ത് സെക്രട്ടറി വെളിപ്പെടുത്തിയത് നാടകീയരംഗങ്ങള്‍ക്കിടയാക്കി. കോടതി ഇങ്ങനെ ഒരുത്തരവ് നല്‍കിയിട്ടില്ലെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്തിന് തോന്നിയപോലെ തീരുമാനം എടുക്കാനാണെങ്കില്‍ ഡി.ഡി.എം.എ സന്ദര്‍ശനത്തിന്റെ ആവശ്യമെന്താണെന്നായിരുന്നു കലക്ടറുടെ ചോദ്യം. പിന്നീട് തരിയോട് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടന്ന ഡി.ഡി.എം.എ യോഗത്തിലും കെട്ടിടത്തിന് നമ്പര്‍ നല്‍കാനുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനത്തെ കലക്ടറുള്‍പ്പെടെയുള്ളവര്‍ രൂക്ഷമായി വിമര്‍ശിച്ചു. സന്ദര്‍ശന സംഘത്തിലുണ്ടായിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് പ്രത്യേകം റിപ്പോര്‍ട്ടുകള്‍ നല്കാന് കലക്ടര്‍ നിർദേശിച്ചിട്ടുണ്ട്. അതിനുശേഷം ഹൈകോടതിക്ക് വിശദ റിപ്പോര്‍ട്ട് നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.