മാവോവാദി വെടിവെപ്പ്: വനത്തിൽ തിരച്ചിൽ തുടരുന്നു
text_fieldsപടിഞ്ഞാറത്തറ: മാവോവാദി യുവാവ് വേൽമുരുകൻ തണ്ടർബോൾട്ട് സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കാപ്പിക്കളം മീൻമുട്ടി വെള്ളച്ചാട്ടത്തിനു സമീപം വനത്തിൽ രണ്ടാം ദിവസവും പരിശോധന തുടർന്നു. തോക്കുധാരികളായ തണ്ടർബോൾട്ട് സംഘവും ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസുമാണ് പരിശോധന നടത്തിയത്.
തമിഴ്നാട് തേനി സ്വദേശി വേൽമുരുകനൊപ്പം ഉണ്ടായിരുന്നവർക്ക് വേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നത്. അതേസമയം മാധ്യമപ്രവർത്തകർക്ക് സംഭവദിവസം സ്ഥലത്തേക്ക് പ്രവേശിപ്പിക്കാത്ത പൊലീസ് ബുധനാഴ്ച ഏഴ് ക്യാമറാമാൻ മാർക്ക് പ്രവേശനം നൽകി. വൈത്തിരി വെടിവെപ്പിനു സമാനമായി മനുഷ്യാവകാശ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും ആദ്യ ദിവസം വിലക്ക് ഏർപ്പെടുത്തിയത് സംശയം സൃഷ്ടിക്കുന്നു. ചൊവ്വാഴ്ച രാവിലെ 9.15നാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് വിശദീകരണം. നക്സൽ വിരുദ്ധ സേന പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ പ്രകോപനമില്ലാതെ മാവോവാദികൾ പൊലീസിനുനേരെ വെടിയുതിർത്തെന്നാണ് പൊലീസ് പറയുന്നത്. വെടിവെപ്പ് അരമണിക്കൂറോളം നീണ്ടു. എന്നാൽ, തൊട്ടടുത്ത കോളനികളിലുള്ളവർ പോലും സംഭവം അറിയുന്നത് മാധ്യമ പ്രവർത്തകരിൽനിന്നും പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴുമാണ്.
വെടിവെപ്പ് നടക്കുന്നതി െൻറ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും നാട്ടിലിറങ്ങിയ ആനയെ തുരത്തുന്നതിന് ഈ കാടുകളിൽ സഞ്ചരിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ഒറ്റയാനെ തുരത്തി കയറ്റിവിട്ട വനപ്രദേശത്താണ് ചൊവ്വാഴ്ച രാവിലെ വെടിവെപ്പ്. ആനയെ തുരത്താൻ കാടുകയറിയ സമയത്തൊന്നും മാവോവാദി സാന്നിധ്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് പ്രദേശവാസികളും വനംവകുപ്പ് ജീവനക്കാരിൽ ചിലരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.