പന്തിപ്പൊയില്‍ പാലം അപകടാവസ്ഥയില്‍
text_fieldsപടിഞ്ഞാറത്തറ: 33 വര്‍ഷം മുമ്പ് നിർമിച്ച പന്തിപ്പൊയില്‍ പാലം അപകടാവസ്ഥായിലായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുനർനിർമിക്കാൻ നടപടിയില്ല. പടിഞ്ഞാറത്തറ നിന്നും ബാണാസുര ഡാമില്‍നിന്നും വെള്ളമുണ്ടയിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജില്ലക്ക് പുറത്തേക്കുമെല്ലാമുള്ള പ്രധാന പാതയിലാണ് പന്തിപ്പൊയില്‍ പാലം. പാലത്തിന്റെ കൈവരികള്‍ ഭാഗികമായി തകര്‍ന്ന നിലയിലാണ്. ശേഷിക്കുന്നവ ഏതു നിമിഷവും തകര്‍ന്നുവീഴാം.
നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാല്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ. പ്രധാന സ്ലാബിന്റെ കോണ്‍ക്രീറ്റ് മിക്കയിടങ്ങളിലും അടര്‍ന്നു പോയി. നിര്‍മാണം കഴിഞ്ഞയുടനെ സമീപ പ്രദേശത്ത് സംഭവിച്ച വന്‍ ഉരുള്‍പൊട്ടലില്‍ അന്നു തന്നെ പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം നേരിട്ടതായി നാട്ടുകാര്‍ പറയുന്നു.
കൈവരിയും തകര്‍ന്നു തുടങ്ങി. അടിവശം പൊളിഞ്ഞു കമ്പികളെല്ലാം തുരുമ്പെടുത്തു. വീതി കുറഞ്ഞ പാലത്തില്‍ സ്ഥലപരിമിതിയും പ്രശ്നമാണ്. വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകും തോറും ബലക്ഷയം വര്‍ധിക്കുന്നു. പാലത്തില്‍ നിന്നു വാഹനങ്ങള്‍ തോട്ടില്‍ പതിച്ച് അപകടം സംഭവിക്കാറുണ്ട്. പാലം അപകടാവസ്ഥയിലായതിനാല്‍ ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി അറിയിക്കുന്ന ബോര്‍ഡ് മാത്രമാണ് ഇവിടെയുള്ളത്. ഇതു വഴിയുള്ള ബസ് സര്‍വിസ് ഇപ്പോഴില്ല.
ബാണാസുര ഡാമില്‍ തിരക്കേറുമ്പോള്‍ വലിയ വാഹനങ്ങള്‍ അടക്കം ഇതുവഴിയാണു തിരിച്ചു വിടുന്നത്. ബാണാസുര ഡാം, മീന്മുട്ടി വെള്ളച്ചാട്ടം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള വാഹനങ്ങളടക്കം ഏതു നേരവും വന്‍ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്ന റോഡായതിനാല്‍ അപകട സാധ്യതയും ഏറെയാണ്.
പടിഞ്ഞാറത്തറ പഞ്ചായത്തിനെയും വെള്ളമുണ്ട പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് ബപ്പനം തോടിനു കുറുകെയുള്ള ഈ പാലം. ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതോടെയാണ് ഇതുവഴിയുള്ള ബസ് സര്‍വിസ് നിലച്ചത്. തെങ്ങുംമുണ്ട വഴിയാണ് ഇപ്പോള്‍ ബസുകള്‍ സര്‍വിസ് നടത്തുന്നത്.
പന്തിപ്പൊയില്‍ പാലം പുനര്‍നിർമിക്കണം - ടി. സിദ്ദീഖ് എം.എല്‍.എ
കല്പറ്റ: പന്തിപ്പൊയില്‍ പാലം പുനര്‍നിര്‍മാണം നടത്താനും മുണ്ടക്കുറ്റി-കക്കടവ് പാലം അപ്രോച്ച് റോഡ് നവീകരിക്കാനുമാവശ്യപ്പെട്ട് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കത്ത് നല്കി.
മുണ്ടക്കുറ്റി-തരുവണയുമായി ബന്ധിപ്പിക്കുന്ന പാലമായ കക്കടവ് പാലത്തിന്റെ നിർമാണം കഴിഞ്ഞിട്ട് ആറു വര്‍ഷത്തോളമായി. പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് ഈ പാലമാണ്. ഈ പാലത്തിന് അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ മാനന്തവാടി ഭാഗത്ത് നിന്ന് വരുന്ന ബസ് കക്കടവ് വരെ സർവിസ് നടത്തി തിരിച്ച് പോകുകയാണ്. ഈ ബസ് മുണ്ടക്കുറ്റി വരെ എത്തണമെങ്കില്‍ മുണ്ടക്കുറ്റി-കക്കടവ് അപ്രോച്ച് റോഡ് ഗതാഗതയോഗ്യമാക്കേണ്ടതാണ്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചതാണ്. രണ്ടു പ്രവൃത്തികളും വേഗത്തിലാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ കത്തില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.