വെയിലും മഴയുമേൽക്കണം; പനമരത്ത് ബസ് യാത്രക്കാർക്ക് ആശ്രയം നടപ്പാത
text_fieldsപനമരം: നിൽക്കാനും ഇരിക്കാനും ഇടമില്ലാതെ പനമരത്ത് ബസ്‍യാത്രക്കാർ വലയുന്നു. പനമരത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്കുള്ള യാത്രക്കാരാണ് മഴയും വെയിലുമേറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തെ നടപ്പാതയിൽ കാത്തുനിൽക്കേണ്ടിവരുന്നത്. നടവയൽഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്ത് നിന്നും വരുന്ന ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കും.
കൽപറ്റ ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്കു വരുന്ന ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാതെ എതിർവശത്തെ നടപ്പാതക്ക് സമീപം നിർത്തി ആളെയിറക്കുകയും കയറ്റുകയുമാണ് പതിവ്.
ടൗണിൽ സുരക്ഷിതരായി നടക്കാനുള്ള നടപ്പാതക്കരികിലാണ് കൽപറ്റയിൽനിന്നു പനമരത്തേക്ക് വരുന്ന യാത്രക്കാർ ബസ് ഇറങ്ങുന്നതും മാനന്തവാടി ഭാഗത്തേക്ക് പോവേണ്ടവർ ബസ് കാത്തുനിൽക്കുന്നതും. രാവിലെയും സ്കൂൾ വിടുന്ന നേരത്തും നൂറുകണക്കിന് യാത്രക്കാരാണ് മഴയും വെയിലുമേറ്റ് ബസ് കാത്തുനിൽക്കേണ്ടിവരുന്നത്.
നിലവിൽ പനമരം സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും അപകട ഭീഷണിയുയർത്തുകയാണ്. മൂന്നു വർഷം മുമ്പാണു സ്റ്റോപ് നിർമിച്ചത്. ആസൂത്രണത്തിലെ പിഴവ് കാരണം സ്റ്റാൻഡിൽ പ്രവേശിക്കുന്ന ബസുകൾ തട്ടി ബസ് കാത്തിരിപ്പ് കേന്ദ്രം നിലവിൽ ചെരിഞ്ഞാണുള്ളത്. ടൗണിൽ യാത്രക്കാരെയും വാഹനങ്ങളെയും ബുദ്ധിമുട്ടിച്ച് ബസ് സ്റ്റാൻഡിന് നടുക്ക് അശാസ്ത്രീയ രീതിയിൽ നാല് കമ്പിക്കാലിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം കാലുകൾ പൊട്ടി ഒരു ഭാഗം ചരിഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്. ബസുകൾ തിരിക്കുമ്പോൾ നീണ്ടു നിൽക്കുന്ന ഷീറ്റിൽ തട്ടുന്നതാണ് ഇതു പൊട്ടാൻ കാരണം.
മേൽക്കൂര പൊളിച്ച് ഉയർത്തി നിർമിച്ചാൽ ഇതിന് ഒരു പരിധിവരെ പരിഹാരം കാണാമെങ്കിലും നടപടിയെടുക്കാൻ പഞ്ചായത്തധികൃതർ തയാറാകുന്നില്ല. നിർമാണവേളയിൽ തന്നെ ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതൊന്നും പരിഗണിക്കാതെ നിർമിച്ച കേന്ദ്രം തകർച്ചയുടെ വക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.