പൊള്ളലേറ്റ മൂന്ന് വയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവം; പിതാവും വൈദ്യനും അറസ്റ്റില്‍
text_fieldsപനമരം (വയനാട്): ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ മൂന്ന് വയസ്സുകാരന് മുഹമ്മദ് ഹസാൻ പൊള്ളലേറ്റ് മതിയായ ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തില്‍ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് അഞ്ചുകുന്ന് വൈശ്യമ്പത്ത് വീട്ടില്‍ വി.എ. അല്‍ത്താഫ് (45), വൈദ്യന് കമ്മന ഐക്കരക്കുടി വീട്ടില്‍ ജോര്‍ജ് (68) എന്നിവരെയാണ് പനമരം പൊലീസ് എസ്.എച്ച്.ഒ വി. സിജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ തുടങ്ങിയവ ചുമത്തിയാണ് അറസ്റ്റ്.
അശാസ്ത്രീയ ചികിത്സമൂലവും മതിയായ ചികിത്സ നല്‍കാത്ത പിതാവിന്റെ വീഴ്ച കാരണവുമാണ് കുട്ടി മരണപ്പെട്ടതെന്നാണ് ആരോപണം. അസുഖവിവരം അന്വേഷിച്ചെത്തിയ പനമരം സി.എച്ച്.സിയിലെ ഉദ്യോഗസ്ഥരെയും പൊലീസിനെയും പിതാവ്, കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പറയുന്നത്.
ആശുപത്രിയിലേക്ക് വിളിച്ച് യാഥാർഥ്യം മനസ്സിലാക്കിയ പൊലീസ് വീണ്ടുമെത്തിയാണ് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ നിര്‍ബന്ധപൂര്‍വം ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ മാസം ഒമ്പതിനാണ് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് മുഹമ്മദ് ഹസാന് പൊള്ളലേല്‍ക്കുന്നത്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോൾ അവിടെ പീഡിയാട്രിക്ക് സര്ജന് ഇല്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.
എന്നാല്‍, ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് 108 ആംബുലന്‍സ് സൗകര്യം വേണ്ടെന്ന് എഴുതിക്കൊടുത്ത് പിതാവ് സ്വകാര്യ ആംബുലന്‍സില്‍ കമ്മനയിലെ വൈദ്യന്റെ അടുത്തെത്തിച്ചു. വീട്ടിലെത്തിച്ചും അശാസ്ത്രീയ ചികിത്സ തുടര്‍ന്നു.
പിന്നീട്, പനമരം പൊലീസാണ് കുട്ടിയെ നിര്‍ബന്ധപൂര്‍വം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആന്തരിക അവയവങ്ങളില്‍ കടുത്ത ന്യൂമോണിയ ബാധിച്ച് ജൂൺ 20നാണ് കുട്ടി മരണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.