അനീതിക്കെതിരെ ഒറ്റയാൾ പോരാട്ടം; അമ്മാനി രാജൻ ആളു സൂപ്പറാ
text_fieldsപനമരം: അനീതിക്കും അഴിമതിക്കുമെതിരെ ഒറ്റയാൾ പോരാട്ടമായി അമ്മാനി രാജൻ. പനമരം അമ്മാനിയിലെ രാജൻ കഴിഞ്ഞ 20 വർഷമായി അനീതിക്കെതിരെ ഒറ്റയാൾ പോരാട്ടം തുടരുകയാണ്. ചുറ്റുവട്ടത്തെ അനീതികളും കൊള്ളരുതായ്മകളും കണ്ടിെല്ലന്നു നടിക്കാൻ കഴിയില്ല. അത് ചോദ്യം ചെയ്തേപറ്റൂ. അതുകൊണ്ട് തന്നെ രാജൻ പലർക്കും കണ്ണിലെ കരടാണ്. അതുകൊണ്ടൊന്നും അേദ്ദഹത്തിന് കുലുക്കമില്ല.
അമ്മാനി ഓർകോട്ടുമൂല ട്രൈബൽ റോഡിൽ ഓവുപാലം നിർമിക്കാൻ അഞ്ചു ലക്ഷം രൂപ പനമരം പഞ്ചായത്ത് അനുവദിച്ചിരുന്നു. കലുങ്ക് നിർമിക്കാതെ റോഡിൽ സിമൻറ് പൈപ്പിട്ട് ആദിവാസികളെ കബളിപ്പിക്കുകയും ഫണ്ട് വകമാറ്റി ചെലവഴിക്കുകയും ചെയ്തു. ഇതിനെതിരെ നടത്തിയ നിരന്തരമായ പോരാട്ടം വിജയിച്ചു. അധികൃതർ ഫണ്ട് തിരിച്ചടച്ച് തലയൂരി.
മുൻമന്ത്രി പി.കെ. ജയലക്ഷ്മിയുടെ വികസന ഫണ്ടിൽ നിന്ന് പാറവയൽ കോളനി റോഡരികിൽ കല്ല് കെട്ടാൻ അനുവദിച്ച തുക വകമാറ്റി ചെലവഴിക്കാൻ ശ്രമം നടന്നു. രാജൻ അവിടെയും പോരാട്ടം നടത്തി പരിഹാരം കണ്ടു. പഞ്ചായത്ത് ഭരണസമിതിയുടെ വഴിവിട്ട നടപടികളും അദ്ദേഹം ചോദ്യം ചെയ്തു. പനമരം പഞ്ചായത്ത് ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷെൻറ പേരിൽ ക്രമക്കേട് നടത്താനുള്ള നീക്കവും രാജൻ ചോദ്യം ചെയ്തു.പനമരം മാർക്കറ്റിൽ പഴകിയ മീൻ വിറ്റ സംഭവത്തിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഇടപെടലിനു പിന്നിലും രാജനായിരുന്നു. റേഷൻ കടയിലെ ക്രമക്കേടും അദ്ദേഹം ചോദ്യം ചെയ്തു.
സി.പി. എം അമ്മാനി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അദ്ദേഹം പാർട്ടിക്ക് അനഭിമതനായപ്പോൾ, അഴിമതി പോരാട്ടം ശക്തപ്പെടുത്തുകയല്ലാതെ പിൻവാങ്ങിയില്ല. സെക്രട്ടറി സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചു. കൂലിപ്പണിയും സ്വന്തം കൃഷിപ്പണിയുമായി രാജൻ ജീവിതം നയിച്ചു. മിക്ക സമയങ്ങളിലും പനമരം ടൗണിൽ അദ്ദേഹമുണ്ട്. അനീതിക്കെതിരെ ശബ്ദിക്കുമെന്നും ആരെയും ഭയപ്പെടുന്ന പ്രശ്നമില്ലെന്നും രാജൻ പറയുന്നു. ഭാര്യ: പുഷ്പ. രണ്ട് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.