പാലവും റോഡുകളും തകർന്നു; ശവപ്പെട്ടി സ്ഥാപിച്ച് നാട്ടുകാരുടെ പ്രതിഷേധം
text_fieldsപനമരം: പനമരം-നടവയൽ പാലത്തിന്റെയും സംസ്ഥാന പാതയുൾപ്പെടെയുള്ള പ്രധാന റോഡുകളുടേയും ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പനമരം പൗരസമിതി ചെറിയ പാലത്തിന് മുകളിൽ ശവപ്പെട്ടി സ്ഥാപിച്ചു.
പനമരം നെല്ലാറാട്ട് കവലയിൽ നിന്ന് വാമൂടിക്കെട്ടി റീത്തുമേന്തി പ്രകടനവുമായെത്തിയ പ്രവർത്തകർ പനമരം-നടവയൽ റോഡിലെ പാടെ തകർന്ന് നിലംപൊത്തൽ ഭീഷണിയിലായ പാലത്തിന് മുകളിൽ ശവപ്പെട്ടി സ്ഥാപിക്കുകയായിരുന്നു. ശവപ്പെട്ടിക്ക് മുകളിൽ റീത്തുവെച്ചും സമിതി പ്രതിഷേധിച്ചു.
പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിന്റെ തൂണുകളും കൈവരികളും തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെ റോഡും പാലവും സന്ദർശിച്ച് ഉടനടി പരിഹാരം കാണാൻ നിർദ്ദേശം നൽകിയിട്ടും പ്രവൃത്തികൾ നീണ്ടുപോവുന്നതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം സംഘടിപ്പിച്ചത്.
പാലം തകർച്ചയിലായിട്ടും പുനർനിർമിക്കാത്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമം വാർത്ത നൽകിയിരുന്നു. കുഴി നിറഞ്ഞ പനമരം-നടവയൽ റോഡ് പ്രവൃത്തിയും തുടങ്ങിയിട്ടില്ല. പനമരം-മാനന്തവാടി, പനമരം-കൽപറ്റ റോഡുകളും തകർന്ന നിലയിലാണ്. റോഡിന്റെ ശോചനീയാവസ്ഥ മൂലം അപകടങ്ങൾ തുടർക്കഥയാവുകയാണ്.
റോഡിലെ കുഴികളും വശങ്ങളിൽ വളർന്നു പന്തലിച്ച അടിക്കാടുകളും പ്രവർത്തനരഹിതമായ തെരുവുവിളക്കുകളും സൂചന ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാവുകയാണ്. വെയിൽ കനത്തതോടെ റോഡിലെ പൊടി ശ്വസിച്ചുള്ള യാത്രയും ആരംഭിച്ചു.
കാൽനടക്കാരും സ്ഥാപനങ്ങളും സമീപത്തെ വീട്ടുകാരുമെല്ലാം ദുരിതമനുഭവിക്കുകയാണ്. ഇവ പരിഹരിച്ച് യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ അധികൃതർ തയ്യാറാവണമെന്ന് പനമരം പൗരസമിതി ആവശ്യപ്പെട്ടു. ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
കൺവീനർ റസാഖ് സി. പച്ചിലക്കാട് അധ്യക്ഷത വഹിച്ചു. ട്രഷറർ വി.ബി. രാജൻ, ജോ. കൺവീനർ കാദറുകുട്ടി കാര്യാട്ട്, അജ്മൽ തിരുവാൾ, വിജയൻ മുതുകാട്, സജീവൻ ചെറുകാട്ടൂർ, സജി എക്സൽ, പി.കെ. രാജേഷ്, ജോസ് ചുണ്ടക്കര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.