പനമരത്തേക്ക് വരൂ, വെയിലും മഴയുമേറ്റ് ബസ് കാത്തിരിക്കാം!
text_fieldsപനമരം: വെയിലും മഴയുമേറ്റ് ബസ് കാത്തുനിൽക്കണോ? എങ്കിൽ പനമരം ടൗണിലേക്ക് വന്നാൽ മതി. പനമരം പഞ്ചായത്താണ് നിലവിലുള്ള ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കഴിഞ്ഞ ദിവസം പൊളിച്ചത്. മേൽക്കൂര പൊളിച്ചതോടെ ഇരിപ്പിടവും തറയും ബാക്കിയായി. ഇതിൽ വെയിലും മഴയുമേറ്റ് ബസ് കാത്തിരിക്കാനാണ് യാത്രക്കാർക്ക് വിധി.
ബദൽ സൗകര്യമൊരുക്കാതെയാണ് പനമരം പഞ്ചായത്ത് അധികൃതർ ഇത് പൊളിച്ചുമാറ്റിയത്. കോഴിക്കോട്, കൽപറ്റ ഭാഗത്തേക്ക് പോകുന്നവരാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്.
വിദ്യാർഥികളും സ്ത്രീകളുമടക്കമുള്ളവർ ബസ് സ്റ്റാൻഡിനോട് ചേർന്ന തുറസ്സായ സ്ഥലത്ത് ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണിപ്പോൾ.പഞ്ചായത്ത് നടപടി നാട്ടുകാരിലും യാത്രക്കാരിലും പ്രതിഷേധമുയർത്തിയിട്ടുണ്ട്. അഞ്ചു വർഷം മുമ്പ് മൂന്നര ലക്ഷം രൂപ മുടക്കിയാണ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്.
30ഓളം പേർക്ക് ബസ് കാത്തുനിൽക്കാൻ ഇവിടെ സൗകര്യമുണ്ടായിരുന്നു. പ്രായമായവർക്ക് ഇത് ഏറെ സൗകര്യവുമായിരുന്നു.
അതേസമയം, അപകടാവസ്ഥയിലായതിനാലാണ് ബസ് സ്റ്റോപ് പൊളിച്ചതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയിൽ പറഞ്ഞു. അടുത്ത പഞ്ചായത്ത് ബോർഡ് യോഗത്തിൽ പുതിയ സംവിധാനമൊരുക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.