കാഴ്ചയുടെ വിരുന്നൊരുക്കി 'കൊറോണപ്പൂ'
text_fieldsപനമരം: കൊറോണ വൈറസിനെ ഓർമിപ്പിക്കുന്ന പൂക്കളോടെ കടമ്പുമരം പൂത്തു. മഴ പെയ്ത് മണ്ണ് തണുത്തതോടെയാണ് കടമ്പിെൻറ പൂക്കാലം ആരംഭിച്ചത്. കോവിഡ് വ്യാപനം കൂടിയ കാലത്ത് ഈ പൂവ് താരമാവുകയാണ്. നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിന് മുന്നിലെ കടമ്പ് മരമാണ് പൂവിട്ടത്. നിറയെ പൂക്കളുള്ള കടമ്പ് മരങ്ങൾ കാണികളെ ആകർഷിക്കുകയാണ്.
കേട്ടറിഞ്ഞ് പൂക്കൾ കാണാൻ എത്തിയവർ പൂക്കളുടെ പടമെടുത്ത് കൊറോണപ്പൂവെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് പള്ളിമുറ്റത്ത് ഇത്തരം ഒരുമരം ഉണ്ടെന്നുപോലും പലരും അറിയുന്നത്. പന്തുപോലെ മാസങ്ങളോളം മരത്തിൽ തൂങ്ങിനിൽക്കുന്ന മൊട്ടുകൾ മഴയെത്തിയതോടെയാണ് പൂവിട്ടത്. വെള്ള കലർന്ന ഓറഞ്ച് നിറമാണ് പൂക്കൾക്ക്. പന്തിന് മുകളിലുള്ള കുഞ്ഞുപൂക്കൾ തേനീച്ചകളെയും വണ്ടുകളെയും പൂമ്പാറ്റകളെയും ആകർഷിക്കുന്നു.
ടെന്നിസ് പന്തിെൻറ ആകൃതിയുള്ളതിനാൽ ടെന്നിസ് ബാൾ ട്രീയെന്ന പേരും പ്രചാരത്തിലുണ്ട്. പുരാണങ്ങളിലെ പ്രിയപ്പെട്ട മരമാണ് കടമ്പ്. അപൂർവമായി പൂക്കുന്ന കടമ്പ് മരത്തിൽ ചിത്രശലഭങ്ങളും കൂടണയാൻ തുടങ്ങി. രാത്രികാലങ്ങളിൽ വിരിയുന്ന ഈ പൂവിന് പ്രത്യേകതരം സുഗന്ധമാണ്.
കടമ്പിൻ പൂവിനും വേരിനും ഔഷധഗുണങ്ങളുണ്ട്. മൊട്ടിട്ട് മാസങ്ങളോളം നിന്നാലും മഴ നല്ലപോലെ പെയ്താൽ മാത്രമാണ് പൂവ് വിരിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.