കോയമ്പത്തൂർ-മാനന്തവാടി സർവിസ് വെട്ടിച്ചുരുക്കാൻ നീക്കം
text_fieldsമാനന്തവാടി: ഏറെ ലാഭകരമായ മാനന്തവാടി -കോയമ്പത്തൂർ അന്തർസംസ്ഥാന കെ.എസ്.ആർ.ടി.സി സർവിസ് വെട്ടിച്ചുരുക്കാൻ നീക്കം. മാനന്തവാടി ഡിപ്പോയെ ഒഴിവാക്കി കൽപറ്റയിൽനിന്ന് സർവിസ് നടത്താനാണ് അധികൃതർ ചരടുവലി നടത്തുന്നത്.
അമിത ജോലിഭാരമാണെന്ന ഡ്രൈവർമാരുടെ പരാതി പരിഗണിച്ചാണ് സർവിസ് വെട്ടിച്ചുരുക്കുന്നതെന്ന ആരോപണം വിവിധ കോണുകളിൽനിന്ന് ഉയർന്നുകഴിഞ്ഞിട്ടുണ്ട്.
2019ലാണ് ഈ സർവിസ് ആരംഭിച്ചത്. തുടക്കത്തിൽ മാനന്തവാടി -പടിഞ്ഞാറത്തറ-കൽപറ്റ വഴി സർവിസ് നടത്തണമെന്ന ആവശ്യമുയർന്നിരുന്നു. എതിർപ്പുകളെ തുടർന്ന് ആ നീക്കം ഉപേക്ഷിക്കുകയും പനമരം വഴി സർവിസ് ആരംഭിക്കുകയുമായിരുന്നു.
രാവിലെ 7.40ന് മാനന്തവാടിയിൽനിന്ന് പുറപ്പെടുന്ന ബസ് വൈകീട്ട് മൂന്നോടെ കോയമ്പത്തൂരിൽ എത്തും. വൈകീട്ട് ഏഴിന് അവിടെ നിന്നും തിരിക്കുന്ന ബസ് പിറ്റേന്ന് പുലർച്ച രണ്ടോടെ മാനന്തവാടിയിൽ എത്തും. ഗതാഗതക്കുരുക്കുമൂലം മണിക്കൂറുകൾ വൈകിയാണ് ഇരുസ്ഥലത്തും ബസ് എത്താറ്. ഇതാണ് ജീവനക്കാർ അമിത ജോലിഭാരമാണെന്ന് പറയുന്നത്.
ഒരുസർവിസ് പോയി മടങ്ങിയെത്തുമ്പോൾ 25000ത്തിനും 30,000ത്തിനും ഇടയിൽ വരുമാനം ലഭിക്കുന്നുണ്ട്. കോവിഡിന് ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പാണ് സർവിസ് പുനരാരംഭിച്ചത്. വ്യാപാരികൾ, വിദ്യാർഥികൾ, കോയമ്പത്തൂരിലെ ആശുപത്രിയിൽ പോകുന്നവർ എന്നിവർക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന സർവിസാണിത്.
മാനന്തവാടിയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാർക്ക് ഉപകാരപ്പെടുന്ന സർവിസ് വെട്ടിച്ചുരുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുതുടങ്ങിയിട്ടുണ്ട്.
പനമരം ബസ് പാസഞ്ചേഴ്സ് അസോ. പ്രതിഷേധിച്ചു
പനമരം: മാനന്തവാടി -കോയമ്പത്തൂർ കെ.എസ്.ആർ.ടി.സി ബസ് സർവിസ് കൽപറ്റ ഡിപ്പോയിൽനിന്ന് ആരംഭിക്കാനുള്ള നീക്കത്തിൽ പനമരം ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. നിരവിൽപുഴ, വെള്ളമുണ്ട, പനമരം, വിളമ്പുകണ്ടം, നടവയൽ തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാർക്കും ഇതര സംസ്ഥാനങ്ങളിലെ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും തിരിച്ചടിയാവും ഈ തീരുമാനം. മാനന്തവാടിയിൽ നിന്നുതന്നെ ബസ് സർവിസ് തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഖാദർ കാര്യാട്ട്, എം.എ. ചാക്കോ, കെ.സി. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.