മഞ്ഞിൽ നേരത്തേ വിരിഞ്ഞ് മാമ്പൂക്കൾ
text_fieldsപനമരം: മകരമാസം തുടക്കം തന്നെ നിറഞ്ഞുപൂത്ത് മാവുകൾ. ഇത്തവണ തണുപ്പും മഞ്ഞും കൂടിയത് കാരണമാണ് നേരത്തേ പൂത്തത്. മിക്ക മരങ്ങളും നിറയെ പൂത്തിട്ടുണ്ട്. സാധാരണഗതിയിൽ മകരം അവസാനത്തിലാണ് വയനാട്ടിൽ മാവുകൾ പൂക്കുന്നത്.
ജില്ലയിൽ മാവ് പൂത്തിട്ടേയുള്ളൂവെങ്കിലും ഇതരജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നുമായി പച്ചമാങ്ങ വിപണിയിലെത്തിയിട്ടുണ്ട്. കിലോക്ക് പച്ചമാങ്ങ 80 മുതൽ 120 രൂപ വരെ വിലയുണ്ട്. നാലഞ്ചു വർഷമായി മാങ്ങ വലുപ്പമെത്തുന്നതിന് മുമ്പ് കച്ചവടക്കാർ പാട്ടത്തിനെടുത്തു കൊണ്ടുപോകുന്നതും ജില്ലയിൽ പതിവായി. കണ്ണിമാങ്ങക്കുവേണ്ടി അച്ചാർ കമ്പനികളാണ് ഇങ്ങനെ മൊത്തത്തിൽ പാട്ടത്തിനെടുക്കുന്നത്.
റോഡരികിലെ പഴയ നാട്ടുമാവുകളും പൊതുമരാമത്ത് വകുപ്പ് ഇങ്ങനെ കണ്ണിമാങ്ങ പറിക്കാൻ പാട്ടത്തിന് നൽകാറുണ്ട്.
താരതമ്യേന ചുരുങ്ങിയ വിലക്കാണ് ഇത്തരം മാവുകളിൽനിന്ന് കണ്ണിമാങ്ങ പറിക്കാൻ അനുമതി നൽകാറ്. അച്ചാർ കമ്പനികളുമായുള്ള ഒത്തുകളിയും ഇത്തരം ഇടപാടുകളിൽ ആരോപിക്കപ്പെടാറുണ്ട്.
മാങ്ങകൾ പഴുക്കാനും അവയിൽനിന്ന് പുതിയ മരങ്ങൾ ഉണ്ടാവാനുമൊക്കെയായി റോഡരികിലെ നാട്ടുമാവുകൾ പാട്ടത്തിന് കൊടുക്കുന്നത് നിർത്തിവെക്കണമെന്ന് നാട്ടുകാരും പരിസ്ഥിതി സ്നേഹികളുമൊക്കെ ആവശ്യപ്പെടാറുണ്ടെങ്കിലും അധികൃതർ ഗൗനിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.