മാർബിൾ കടയിലെ കവർച്ച; പ്രതികളെ പിടികൂടിയത് നാലര മണിക്കൂറിനുള്ളിൽ
text_fieldsപനമരം: കൂളിവയൽ കാട്ടുമാടം മാര്‍ബിള്‍സിൽ കവർച്ച നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളുമായി പൊലീസ് തെളിവെടുത്തു. ഞായറാഴ്ച രാവിലെ പനമരം സി.ഐ വി.സി. സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളുമായി സ്ഥാപനത്തിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്.
പ്രതികളിൽനിന്ന് ചെലവായ തുക കുറച്ച് ബാക്കിയുള്ള 1,56,800 രൂപ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. രണ്ടരലക്ഷത്തോളം രൂപ കവര്‍ന്ന് കടന്നുകളഞ്ഞ അഞ്ച് അന്തർ സംസഥാന തൊഴിലാളികളെ മംഗളൂരു റെയില്‍വേ പൊലീസിന്റെ സഹായത്തോടെ ശനിയാഴ്ച രാവിലെ 11.30ഓടെ മംഗളൂരുവില്‍നിന്നാണ് പനമരം പൊലീസ് പിടികൂടിയത്.
ശനിയാഴ്ച രാവിലെ 7.30നാണ് കവർച്ച നടന്നത് പൊലീസ് അറിഞ്ഞത്. അന്വേഷണം ആരംഭിച്ച് നാലര മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാനായി. പിടിയിലായവരെല്ലാം കൂളിവയലിലെ കാട്ടുമാടം മാര്‍ബിള്‍സിലെ തൊഴിലാളികളാണ്.
രാജസ്ഥാനിലെ ബന്‍സ്വര സ്വദേശികളായ ഗോവിന്ദ് മസാര്‍(20), വികാസ്(19), ശങ്കര്‍(25), പ്രതാപ്(21), രാഗേഷ്(18) എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപനത്തിലെ ലോക്കർ തകർത്ത് 2,34,000 രൂപയാണ് ഇവർ കവർന്നത്.
ഇതോടൊപ്പം സി.സി.ടി.വികളും തകർത്തിരുന്നു. സ്ഥാപനത്തോട് ചേർന്ന മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. ഇവരുടെ കൂടെ താമസിച്ചിരുന്ന ലക്ഷ്മൺ എന്ന തൊഴിലാളിയാണ് മോഷണം നടന്ന കാര്യം സ്ഥാപനം ഉടമയെ അറിയിച്ചത്. സ്ഥാപനത്തിലെ ലോക്കര്‍ തകര്‍ത്തായിരുന്നു മോഷണം.
ശനിയാഴ്ച രാവിലെ സംഭവം അറിഞ്ഞ ഉടനെ ഉടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പനമരം പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ സഹായകമായത്. 7.30ഓടെ വിവരം അറിഞ്ഞ ഉടൻ പനമരം പൊലീസ് കടയിലെത്തി പരിശോധന ആരംഭിച്ചു. തുടർന്നാണ് ലോക്കറിലുള്ള 2,34,000 രൂപ നഷ്ടപെട്ടത് അറിയുന്നത്.
വെള്ളിയാഴ്ച രാത്രി 12ഓടെ കവർച്ച നടത്തിയശേഷം അഞ്ചംഗ സംഘം കൂളിവയലിൽനിന്ന് പനമരം ടൗൺവരെ നടന്നു. പെരുന്നാൾ തലേന്നായതിനാൽ അടക്കാത്ത കടയിൽനിന്നു ഷൂ വാങ്ങി 3,500 രൂപ ഓട്ടോക്ക് നൽകി കോഴിക്കോട് എത്തുകയായിരുന്നു. തുടർന്നാണ് മംഗളൂരുവിൽ എത്തിയതെന്നു പൊലീസ് പറഞ്ഞു.
ഉടമയുടെ പരാതിയിൽ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷനും പരിശോധിച്ചാണ് പ്രതികൾ കോഴിക്കോടുനിന്ന് ട്രെയിൻ മാർഗം മംഗളൂരുവിലേക്ക് കടന്നതായി മനസ്സിലാക്കിയത്. തുടർന്ന് മംഗളൂരു റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു.
ശനിയാഴ്ച രാവിലെ 11.30ഓടെയാണ് മംഗളൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ മംഗളൂരു റെയിൽവേ പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.
കവർച്ച നടന്ന വിവരം കിട്ടിയ ഉടൻ ജില്ല പൊലീസ് മേധാവി ആർ. ആനന്ദന്റെ നിർദേശപ്രകാരം മാനന്തവാടി ഡിവൈ.എസ്. പി. പി. എൽ. ഷൈജുവിന്റെ മേൽനോട്ടത്തിൽ, പനമരം ഇൻസ്പെക്ടർ വി.സി. സിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സി.വിമൽ ചന്ദ്രൻ, കെ.എസ്. സുനിൽകുമാർ.
സീനിയർ സി.പി.ഒമാരായ ഒ.എം. ലക്ഷ്മണൻ, വി.എ. അശോകൻ, വി. റോബർട്ട്, സി. ജോൺ, സി.പി.ഒ വി.ജി വിനായൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. പൊലീസ്, രഹസ്യാന്വേഷണ വിഭാഗം, സ്പെഷൽ ബ്രാഞ്ച് എന്നിവരും അന്വേഷണത്തിൽ പങ്കാളികളായി.
സുൽത്താൻ ബത്തേരിയിലെ കടകളിൽ മോഷണം: അന്വേഷണം ഊർജിതം
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരത്തിലെ വിവിധ കടകളിൽ മോഷണം നടന്ന സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ശനിയാഴ്ച പുലർച്ച ഒന്നിനും മൂന്നിനും ഇടയിലായാണ് നഗരത്തിൽ മോഷണം നടന്നത്. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ റോഡിലെ സൂപ്പർ മാർക്കറ്റ്, തുണിക്കട, ടൗണിലെ
കക്കോടൻ പെട്രോൾ പമ്പ് ഓഫിസ് എന്നിവിടങ്ങളിലാണ് കള്ളൻ കയറിയത്. പെട്രോൾ പമ്പിലെ ഓഫിസിനുള്ളിലെ സി.സി.ടി.വി ദൃശ്യത്തിൽ ഉൾപ്പെടെ മുഖം മറച്ച നിലയിൽ കള്ളന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പമ്പിൽനിന്ന് കാര്യമായി ഒന്നും മോഷണം പോയിട്ടില്ല. തുണിക്കടയിൽനിന്ന് ഷർട്ടുകൾ മോഷണം പോയതായാണ് സംശയിക്കുന്നത്.
പൊലീസ് സ്റ്റേഷൻ റോഡിലെ എക്സ്പ്രസ്സ് സൂപ്പർമാർക്കറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് എ.ടി.എം കാർഡ്, ബാങ്ക് കാർഡ്, ലൈസൻസ്, ആധാർ കാർഡ് എന്നിവ കൊണ്ടുപോയി. 5000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. അബ്ദുൾ അസീസിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പർ മാർക്കറ്റ്. സംഭവത്തിൽ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളിൽ മോഷണം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.