മനസ്സിൽനിന്ന് മായുന്ന മൈൽകുറ്റികൾ
text_fieldsപനമരം: തലമുറകൾക്ക് വഴികാട്ടിയായി പാതവക്കിൽ നിലയുറപ്പിച്ച മൈൽകുറ്റികൾ (മൈൽ, കിലോമീറ്റർ കല്ലുകൾ) ഓർമയാകുന്നു. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് കാൽനടയായി മൈലുകൾ താണ്ടിയിരുന്ന ജനങ്ങൾക്ക് പിന്നിടാനുള്ള ദൂരങ്ങളിലേക്ക് സൂചന നൽകിയിരുന്ന മൈൽകുറ്റികളാണ് പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്.
പണ്ട് ചന്തയിലേക്കും ബന്ധുവീടുകളിലേക്കും മറ്റുമായി പത്തും മുപ്പതും മൈലുകൾ ദിനംപ്രതി നടക്കുമായിരുന്നു. വഴിയിൽ കടകളൊന്നും ഇല്ലാതിരുന്നകാലത്ത് എത്രദൂരം നടന്നെന്നും നടക്കാനുണ്ടെന്നും ഓർമപ്പെടുത്തുന്നവയായിരുന്നു മൈൽ കല്ലുകൾ. 1609 മീറ്ററാണ് ഒരുമൈൽ. അന്നു പനമരത്തുനിന്ന് പുൽപള്ളിക്കും മാനന്തവാടിക്കും അധികംപേരും നടന്നായിരുന്നു യാത്ര ചെയ്തിരുന്നത്. വെള്ളമുണ്ടയിൽനിന്നും പരിസരങ്ങളിൽ നിന്നും കുറ്റ്യാടിയിലേക്ക് സാധനങ്ങൾ വാങ്ങാൻ ആളുകൾ കാൽനട യാത്ര ചെയ്ത കാലമുണ്ടായിരുന്നു.
സൂചനബോർഡുകൾ വന്നതോടെയാണ് മൈൽകുറ്റികളുടെ 'പ്രഭാവം' ക്ഷയിച്ചത്. ഇപ്പോൾ ഗൂഗ്ൾ മാപ്പും ജി.പി.എസും ഒക്കെയായി സഞ്ചാരത്തിലേക്കുള്ള സൂചനകൾ മാത്രമല്ല, വഴിതന്നെ പറഞ്ഞുകൊടുക്കാൻ പുതുവഴികൾ തുറന്നുകിട്ടിയപ്പോൾ മൈൽകുറ്റികൾ വിസ്മൃതിയിലേക്ക് നീങ്ങുകയാണ്. അപ്പോഴും ഒരു തലമുറയുടെ ഗൃഹാതുരണ സ്മരണകളിൽ അനുഭവങ്ങളുടെ അടയാളങ്ങളായി ഒറ്റപ്പെട്ട പലയിടങ്ങളിലും അവ അവശേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.