ചളിക്കുളമായി റോഡ്; ദുരിതത്തിലായി കോളനിവാസികൾ
text_fieldsപനമരം: ആദിവാസി കോളനിയിലേക്കുള്ള ഓടക്കൊല്ലി-ഹോപ്കോ ജങ്ഷൻ റോഡിനോട് അധികൃതർക്ക് അവഗണന. ഇതോടെ പതിനഞ്ചോളം ആദിവാസി കുടുംബങ്ങൾ മുട്ടറ്റം ചളിയിലൂടെ വേണം ഊരിലെത്താൻ. ടൗണിൽനിന്ന് ഓടക്കൊല്ലി ആദിവാസി കോളനിയിലേക്കുള്ള റോഡ് ഒരു കിലോമീറ്റർ ദൂരം മാത്രമാണ്. അതിൽ 750 മീറ്റർ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
ബാക്കിയുള്ള 250 മീറ്റർ ദൂരം വരുന്ന ഭാഗമാണ് ചളിയായിക്കിടക്കുന്നത്. റോഡിന്റെ രണ്ടറ്റവും പണി പൂർത്തിയാക്കിയതാണ്. കോളനിയിലേക്കുള്ള റോഡ് മാത്രം ഒന്നും ചെയ്തില്ല. മഴ ആരംഭിച്ചതോടെ ആദിവാസി ഊരുകളിലേക്കുള്ള കാൽനടയാത്ര ദുസ്സഹമായി. വിദ്യാർഥികളും പ്രായമായവരും അടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. ഇരുചക്രവാഹനങ്ങളടക്കം ഇതുവഴി സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കാലവർഷം ശക്തമായാൽ കാൽനടയാത്രക്കുപോലും പറ്റാത്ത രീതിയിൽ റോഡ് ചളിയിൽ മുങ്ങും.
മഴക്കുമുമ്പേ കോൺക്രീറ്റ് ചെയ്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും അധികൃതർ ഗൗനിച്ചില്ല. കുറഞ്ഞ ദൂരം റോഡ് നന്നാക്കാൻ ശ്രമം നടത്താത്തത് ആദിവാസികളോടുള്ള അധികൃതരുടെ അവഗണനയുടെ തെളിവാണെന്ന് കോളനിവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.