കാവടത്തെ ഇരട്ടക്കൊലയിൽ നടുങ്ങി നാട്
text_fieldsപനമരം: താഴെ നെല്ലിയമ്പത്തെ കാവടത്ത് അജ്ഞാത സംഘം വയോധിക ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ നടുങ്ങി നാട്. പൊലീസ് അന്വേഷണം ഊർജിതമാക്കി. ദമ്പതികളായ കേശവനെയും ഭാര്യ പത്മാവതിയെയും ദാരുണമായി കൊലപ്പെടുത്തിയതിനു പിന്നിൽ ആസൂത്രിത നീക്കമെന്ന നിഗമനത്തിലാണ് പൊലീസ്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരുമടങ്ങുന്ന സംഘം വീട്ടിലെത്തി പരിശോധന നടത്തി. ഐ.ജി അശോക് യാദവ്, ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍, ക്രൈംബ്രാഞ്ച് എസ്.പി വി.ഡി. വിജയന്, ഡി.സി.ആര്.ബി ഡിവൈ.എസ്.പി പ്രകാശന് പടന്നയില്‍ എന്നിവരും മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പിമാരും സ്ഥലത്തെത്തിയിരുന്നു.
ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് വിഭാഗം, കണ്ണൂര്‍, വയനാട് സയൻറിഫിക് എക്സ്പേര്‍ട്സ്, ട്രാഫിക് ആന്‍ഡ് എന്‍ഫോഴ്സ്മെൻറ് യൂനിറ്റ് തുടങ്ങിയവരും സംഭവസ്ഥലത്ത് എത്തിയിരുന്നു. കാവടത്തെ റോഡരികില്‍ നിന്ന് അൽപംമാറി കൃഷിയിടത്തിനുള്ളിലായി വീടുവെച്ച് വര്‍ഷങ്ങളായി തനിച്ച് താമസിച്ചു വരുന്നവരാണിവര്‍. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയാണ് റിട്ട. കായികാധ്യാപകനായ കേശവനും ഭാര്യ പത്മാവതിയും അജ്ഞാത സംഘത്തിെൻറ ആക്രമണത്തിനിരയാകുന്നത്.
ആക്രമണമുണ്ടായ സമയവും മോഷണത്തിന് സമാനമായ യാതൊന്നും കണ്ടെത്താന്‍ കഴിയാത്തതുമാണ് സംഭവത്തിനുപിന്നില്‍ ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. കവര്ച്ചക്കെത്തിയവരാണെങ്കില് വീട് കണ്ടുപിടിക്കാന്‍ തന്നെ കുറേ നേരമെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. കുടുംബവുമായി അടുത്ത പരിചയമുള്ളവര്‍ക്കല്ലാതെ രാത്രി 8.30ഓടെ സ്ഥലത്തെത്തി കൃത്യം നടത്താനും സാധിക്കില്ല.
കാരണം തേടി പൊലീസ്
ദമ്പതികളെ കൊലപ്പെടുത്തിയതിെൻറ കാരണം തേടി പൊലീസ് ഉഴലുന്നു. കൊലപാതകം നടത്തിയ സംഘം, കൊല്ലപ്പെട്ട പത്മാവതിയുടെ കഴുത്തിലെയും കാതിലെയും കൈയിലെയും ആഭരണങ്ങൾ മോഷ്ടിക്കാതിരുന്നത് പ്രതികളുടെ ലക്ഷ്യം മോഷണമല്ലായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. പിന്നെ കൊലപാതകം എന്തിനാണെന്നാണ് പൊലീസിനെ കുഴക്കുന്ന പ്രധാന ചോദ്യം.
വീട് മാറിക്കയറി കൊല നടത്തിയതാണോ, സ്വത്ത്– കുടുംബ പ്രശ്നങ്ങളാണോ കൊലപാതകത്തിലേക്ക് നയിക്കാൻ കാരണമെന്ന സാധ്യതകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നതായാണ് സൂചന. അതേസമയം, അടുത്തിടെയായി പ്രദേശത്ത് ചെറുതും വലുതുമായ ഒട്ടേറെ മോഷണങ്ങളും കവര്ച്ചശ്രമങ്ങളും പനമരം പൊലീസ് സ്റ്റേഷന് പരിധിയില്‍ നടന്നതാണ് സംശയത്തിനിടയാക്കുന്നത്.
കാവടത്തുണ്ടായ ആക്രമണത്തിന് സമാനമായ രീതിയിലുള്ള ആക്രമണം 2019ലും നടന്നിരുന്നു. നെല്ലിയമ്പം കുരിശുപള്ളിക്കടുത്ത ജോണ്സണ് മുണ്ടത്താനത്തിന് നേരെയായിരുന്നു ആക്രമണം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ഉണ്ടായിട്ടില്ല.
മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പനമരം പൊലീസ് ഇൻസ്പെക്ടർ എം.സി. കുഞ്ഞുമോൻ കുട്ടി, മാനന്തവാടി എസ്.ഐ യു.സനീഷ്, എ.എസ്.ഐ എ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി വെള്ളിയാഴ്ച ഉച്ച 2.30ഓടെ പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. എം.എല്‍.എമാരായ ഒ.ആര്. കേളു, അഡ്വ. ടി. സിദ്ദീഖ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാര്‍ തുടങ്ങിയവരും സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.