സംരക്ഷണ പാതയില്‍ പനമരം കൊറ്റില്ലം
text_fieldsപനമരം: വിനോദസഞ്ചാരികളുടെയും പക്ഷി നിരീക്ഷകരുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമായ പനമരത്തെ കൊറ്റില്ലം സംരക്ഷിക്കാനും കൂടുതല്‍പേരെ ഇവിടേക്ക് ആകര്‍ഷിക്കാനുമായി പദ്ധതി ഒരുങ്ങുന്നു. പനമരം വലിയ പുഴയും ചെറുപുഴയും സംഗമിക്കുന്നിടത്തെ ചെറിയ ദ്വീപിലാണ് കൊറ്റില്ലമുള്ളത്.
പനമരത്തെ പുഴക്ക് നടുവില്‍ പ്രകൃതി രൂപപെടുത്തിയ ഒന്നരയേക്കറോളം വരുന്നതാണ് ദേശാടനക്കിളികളുടെ പറുദീസയായ പനമരം കൊറ്റില്ലം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും പനമരം പഞ്ചായത്ത് ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും (ബി.എം.സി) ആഭിമുഖ്യത്തിലാണ് പദ്ധതി. കൊറ്റില്ലം സംരക്ഷണത്തിന്റെ ഭാഗമായി പ്രദേശത്ത് നിരീക്ഷണ ഗോപുരം നിർമിക്കും.
ദ്വീപിന്റെ കരയിടിച്ചിൽ തടയാൻ ജൈവരീതിയിലുള്ള സംരക്ഷണ സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. 20 അടിയോളം വരുന്ന വാച്ച് ടവറിന്റെ നിർമാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥലം പഞ്ചായത്ത് ബി.എം.സി അംഗങ്ങള്‍ സന്ദര്‍ശിച്ചു. വാച്ച് ടവറില്‍ നിന്ന് പ്രദേശത്ത് വരുന്ന പക്ഷികളെ വീക്ഷിക്കാന്‍ ബൈനോക്കുലര്‍ സംവിധാനവും സ്ഥാപിക്കും. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മൂന്ന് ലക്ഷവും പനമരം പഞ്ചായത്ത് ബി.എം.സി ഒരു ലക്ഷവും പദ്ധതിക്കായി ചെലവിടും.
അരിവാള്‍ കൊക്കുകള്‍ പോലെയുള്ള അപൂര്‍വയിനം ദേശാടന പക്ഷികളുടെ കേന്ദ്രം കൂടിയാണ് പനമരത്തെ കൊറ്റില്ലം. കൊറ്റില്ലത്തിന്റെ ആവാസവ്യവസ്ഥക്ക് കോട്ടംതട്ടാത്ത രീതിയിലായിരിക്കും വാച്ച് ടവര്‍ നിർമാണം. രണ്ട് മാസത്തിനുള്ളില്‍ നിർമാണം പൂര്‍ത്തീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
കൊറ്റില്ലത്തെ സംരക്ഷിക്കുന്നതോടൊപ്പം കൊറ്റില്ലത്തെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനും പദ്ധതിയിലൂടെ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും പനമരം പഞ്ചായത്ത് ബി.എം.സിയും ലക്ഷ്യംവെക്കുന്നതായി പ്രസിഡന്റ് പി.എം. ആസ്യ പറഞ്ഞു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കൊറ്റില്ലത്തെ മാറ്റുകയാണ് ലക്ഷ്യം. ജില്ലയിലെത്തുന്ന പക്ഷി നിരീക്ഷകര്‍ക്കും നിരീക്ഷണ ഗോപുരം സഹായകരമാകും. അതേസമയം, പക്ഷിസങ്കേതത്തിനു ചുറ്റും ചീങ്കണ്ണി ശല്യം ഏറിയത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.