പനമരത്ത് രണ്ടുവർഷം മുമ്പ് നടന്ന ആക്രമണത്തിലും കേസിന് തുമ്പില്ല
text_fieldsപനമരം: താഴെനെല്ലിയമ്പം കാവടത്ത് റിട്ട. അധ്യാപകനും ഭാര്യയും കുത്തേറ്റ് കൊല്ലപ്പെട്ടിട്ട് 10 ദിവസമായിട്ടും പ്രതികളെ പിടികൂടാനാവാത്തതിൽ പ്രദേശവാസികൾ ഭീതിയിലായതോടെ രണ്ടു വർഷം മുമ്പ് നടന്ന അക്രമസംഭവവും ചർച്ചയാവുന്നു. നെല്ലിയമ്പം-നടവയൽ റോഡരികിലെ കുരിശുപള്ളിക്ക് സമീപത്തെ ജോൺസൻ മുണ്ടത്താനത്തിന് നേരെയാണ് 2019 മേയ് ഒന്നിന് ആക്രമണമുണ്ടായത്. രാത്രി ഏഴോടെയായിരുന്നു സംഭവം. സുഹൃത്ത് പറഞ്ഞുവിട്ടതാണെന്ന് പറഞ്ഞ് പരിചയം നടിച്ചെത്തിയ രണ്ടുപേർ ജോൺസനെ വീട്ടിൽകയറി ആക്രമിക്കുകയായിരുന്നു.
കുടിവെള്ളം ചോദിച്ച സംഘത്തിന് വെള്ളമെടുക്കാൻ തിരിഞ്ഞ സമയത്ത് കമ്പി വടികൊണ്ട് തലക്കടിച്ചു. തുടർന്ന് കൈകാലുകൾ തല്ലിയൊടിച്ചു. ജോൺസെൻറ നിലവിളി കേട്ട് നാട്ടുകാർ പെട്ടെന്ന് ഓടിയെത്തിയതിനാൽ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതിനിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. അന്നും പൊലീസ് മൊബൈൽ ടവറുകളും സമീപത്തെ സി.സി ടി.വികളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ഇതുവരെയും കേസിന് തുമ്പുണ്ടാക്കാൻ നിയമപാലകർക്കായില്ല.
വ്യാഴാഴ്ച രാത്രി 11.30നു നെല്ലിയമ്പം ചോയികൊല്ലി വാഴക്കണ്ടി ദേവദാസെൻറ വീടിന് മുന്നിൽ അജ്ഞാതസംഘം വാഹനത്തിലെത്തിയത് പ്രദേശത്ത് ആശങ്കപരത്തിയിരുന്നു. കൊല്ലപ്പെട്ട കേശവൻ മാസ്റ്ററുടെ വീടിന് ഒരു കിലോമീറ്റർ ദൂരത്താണു ദേവദാസെൻറ വീട്.
ദേവദാസും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വളർത്തു നായ് കുരക്കുന്ന ശബ്ദം കേട്ട് ജനൽ തുറന്നുനോക്കിയപ്പോഴാണു അജ്ഞാതസംഘം വാഹനവുമായി കടന്നുകളഞ്ഞതെന്നു ദേവദാസ് പറഞ്ഞു. ഇരട്ടക്കൊലപാതക അന്വേഷണവുമായി ബന്ധപ്പെട്ട് നെല്ലിയമ്പത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.