വഴിമുട്ടി വഴിയോരക്കച്ചവടക്കാർ
text_fieldsപനമരം: പനമരം-മാനന്തവാടി റോഡിൽ പനമരം വലിയ പാലം മുതൽ ആര്യന്നൂർ നട വരെയുള്ള പാതയോരം വഴിയോരക്കച്ചവടക്കാർ നിരവധിയുള്ള സ്ഥലമായിരുന്നു. എന്നാൽ, കുറച്ചു മാസങ്ങളായി ഇവിടെ കച്ചവടക്കാരാരുമില്ല. പഴം, പച്ചക്കറി, കപ്പ വറുത്തത്, ഐസ്ക്രീം തുടങ്ങിയ വഴിയോര കച്ചവടങ്ങളാണ് ഇവിടെ വ്യാപകമായുണ്ടായിരുന്നത്. എന്നാലിപ്പോൾ ഒരു കച്ചവടം പോലും റോഡരികിൽ കാണാനില്ല.
ഇവിടെയുണ്ടായിരുന്ന കച്ചവടക്കാരെ മുഴുവൻ പനമരം പഞ്ചായത്തും പൊലീസും നോട്ടീസ് നൽകി ഒഴിപ്പിച്ചതാണ് കാരണം. ഇത് കച്ചവടക്കാരിൽ പലരെയും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ദേശീയ സംസ്ഥാന പാതകളുടെ പണി നടക്കുന്നതിനാൽ മറ്റു വഴിയോരങ്ങളിലൊന്നും കച്ചവടം ചെയ്യാനും കഴിയില്ല. തമിഴ് നാട്ടിൽ നിന്നും മറ്റും വന്ന് കച്ചവടം ചെയ്തിരുന്ന അന്യസംസ്ഥാന കച്ചവടക്കാർ തിരികെ നാട്ടിലേക്ക് മടങ്ങി. മുമ്പുണ്ടായിരുന്ന പുഴ മീനുകളുടെ വഴിയോര കച്ചവടമടക്കം ഇപ്പോഴില്ല.
കഴിഞ്ഞ മേയ് ഏഴിനാണ് പനമരം പഞ്ചായത്ത് നോട്ടീസ് നൽകി കച്ചവടക്കാരെ ഇവിടെനിന്ന് പറഞ്ഞുവിട്ടത്. റമദാനിന് മുമ്പുതന്നെ റോഡു പണി ആരംഭിച്ചതിനാൽ എല്ലാ കൊല്ലവും ലഭിക്കാറുള്ള സീസൺ കച്ചവടവും കച്ചവടക്കാർക്ക് കിട്ടിയില്ല. ഓണമായപ്പോൾ എവിടെയും കച്ചവടം ചെയ്യാൻ അവസരവുമുണ്ടായില്ല. വർഷങ്ങളായി ഇവിടെ കച്ചവടം ചെയ്യുന്ന പലരും വഴിയോര കച്ചവടത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്. പലരും കച്ചവടമുപേക്ഷിച്ച് മറ്റു തൊഴിലുകളെ ആശ്രയിച്ചു ജീവിക്കുകയാണ്. ആര്യന്നൂർ നടയിലുണ്ടാവുന്ന ഗതാഗത കുരുക്കിന്റെയും അപകടങ്ങളുടെയും അടിസ്ഥാനത്തിലാണ് പനമരം പഞ്ചായത്തും പനമരം പോലീസും കച്ചവടക്കാരെ ഒഴിപ്പിച്ചതെന്നാണ് നോട്ടിസിൽ പറയുന്നത്. നിലവിൽ റോഡിന്റെ വീതി കൂട്ടിയിട്ടുണ്ട്. അപകട സാധ്യതയില്ലാതാക്കി വഴിയോരകച്ചവടക്കാർക്ക് കച്ചവടം നടത്താനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.