ചീങ്കണ്ണികൾ നിറഞ്ഞ് പനമരം പുഴ
text_fieldsപനമരം: വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയ കൃഷിക്കാർക്കും നാട്ടുകാർക്കും ഭീഷണിയായി പനമരം പുഴയിൽ ചീങ്കണ്ണികൾ പെരുകുന്നു. പുഴയിൽ അലക്കുന്നതിനിടെ യുവതിയെ വലിയ ചീങ്കണ്ണി ആക്രമിച്ചതോടെയാണ് പനമരം പുഴയോരവാസികൾ ഭീതിയിലായത്.
ഏതാനും വർഷങ്ങളായി കബനി പുഴയുടെ ഭാഗമായ പനമരം പുഴയിൽ ചീങ്കണ്ണികൾ പെറ്റു പെരുകയാണ്. കരയിലും പുഴയിലും ചെറുതും വലുതുമായ ചീങ്കണ്ണികളെ കാണാത്ത ദിവസങ്ങളില്ല. പനമരം പരക്കുനിപൊയിൽ കോളനിയിലെ മണിയുടെ ഭാര്യ സരിതയെ യാണ് ബുധനാഴ്ച ചീങ്കണ്ണി ആക്രമിച്ചത്. ഇടത് കൈയിൽ ചീങ്കണ്ണി ചാടിക്കടിക്കുകയായിരുന്നു.
ഉടനെ ഇവർ കൈ തെറിപ്പിച്ചതിനാലാണ് വൻ അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ഒറ്റപ്പെട്ടു ഇറങ്ങുന്ന കന്നു കാലികൾക്കുനേരെയും ചീങ്കണ്ണികളുടെ ആക്രമണം മുമ്പ് ഉണ്ടായിട്ടുണ്ട്. പനമരം പുഴയിൽ മുതലകളുള്ളതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ചെറുതും വലുതുമായ ചീങ്കണ്ണികളുടെ താവളമായി പനമരം പുഴ മാറിയതോടെ പ്രദേശവാസികൾ ഇപ്പോൾ പുഴയിലിറങ്ങുന്നതും അപൂർവമാണ്. പുഴയിലെ മാതോത്ത് പൊയിൽ മുതൽ പരിയാരം കടവുവരെ ഭാഗങ്ങളിൽ കരക്കും പുഴയിലുമായാണ് ചീങ്കണ്ണികളെ വ്യാപകമായി കാണുന്നത്.
ആദ്യമൊക്കെ ചീങ്കണ്ണിയെ ശല്യക്കാരനായി കണ്ടിരുന്നില്ല. എന്നാൽ, ആക്രമണം തുടങ്ങിയത് ആശങ്കയുണ്ടാക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു. ജില്ലയിൽ പക്ഷികളുടെ ആവാസ കേന്ദ്രമായ പനമരം കൊറ്റില്ലവും ചീങ്കണ്ണി ഭീഷണി നേരിടുന്നുണ്ട്.
കൊറ്റില്ലത്തിനു ചുറ്റുമുള്ള കരയിൽ മണിക്കൂറുകളോളം കരയിൽ കയറി നിൽക്കുന്ന ചീങ്കണ്ണികൾ പക്ഷികൾക്കും ഭീഷണിയാണെന്നാണ് നാട്ടുകാർ പറയുന്നത്. പനമരം വാളയെന്നത് ചരിത്രത്തിൽ ഇടം നേടിയ പനമരം വാളയെന്ന മീനും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ചീങ്കണ്ണികൾ പുഴയിൽ നിറഞ്ഞതോടെയാണ് വാള മീൻ വംശനാശ ഭീഷണി നേരിടുന്നത്.
വേനലായാൽ ചെറുമീനുകളെയും പുഴയിൽ കാണാനില്ല. മീനുകളുടെ എണ്ണം കുറഞ്ഞതാണ് ചീങ്കണ്ണി ആക്രമണങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ ഉപജീവന മാർഗമായിരുന്നു പനമരം പുഴ.
സ്വന്തമായി പത്തോളം വള്ളങ്ങളും കൊട്ടത്തോണികളും ഉണ്ടായിരുന്ന പുഴയോരത്തോട് ചേർന്ന് താമസിച്ചിരുന്നവർ മീൻ പിടിച്ചായിരുന്നു ഉപജീവന മാർഗം നടത്തുന്നത്. ഇന്ന് ഇതെല്ലാം അന്യമായിരിക്കുകയാണ്. പുഴയോരവാസികൾ അലക്കാനും കുളിക്കാനുമെല്ലാം മുമ്പ് പുഴയെ ആശ്രയിച്ചിരുന്നു.
മറ്റ് സൗകര്യങ്ങളില്ലാത്ത ആളുകൾ മാത്രമാണ് ഇപ്പോൾ വസ്ത്രങ്ങൾ അലക്കാൻ അടക്കം പുഴയിലിറങ്ങുന്നത്. ചീങ്കണ്ണികളുടെയും മുതലകളുടെയും ആക്രമണം ഭയന്ന് കന്നുകാലികളെ പുഴയിൽ കുളിപ്പിക്കുന്നത് പോലും ഇല്ലാതായി. ആളനക്കമില്ലാതായതോടെ പുഴയിൽ മാലിന്യങ്ങളും നിറഞ്ഞിട്ടുണ്ട്.
ചീങ്കണ്ണികളുടെ ശല്യത്തിന് വനംവകുപ്പ് ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ചീങ്കണ്ണി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുഴക്കരയിൽ വ്യാപകമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും
പനമരം പുഴയിൽ ചീങ്കണ്ണിയുടെ ശല്യം വർധിച്ചത് സർക്കാറിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പുഴയോരത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. വിഷയത്തിൽ ജില്ല കലക്ടർ വിവരം തേടിയിരുന്നു. കൊറ്റില്ലത്തിലെ പക്ഷികളെ ആക്രമിക്കുന്നതായി നാട്ടുകാരുടെ പരാതി അന്വേഷിക്കുമെന്നും പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.