പൂതാടി ഗവ. യു.പിക്ക് ശുചിത്വ വിദ്യാലയ പുരസ്കാരം
text_fieldsപനമരം: കേന്ദ്ര സർക്കാറിന്‍റെ 2021-22 വർഷത്തെ മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള ജില്ലതല അംഗീകാരം പൂതാടി ഗവ. യു.പി സ്കൂളിന്. പ്രൈമറി വിഭാഗത്തിൽ ഒന്നാംസ്ഥാനത്തോടെ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആൺകുട്ടികൾ, പെൺകുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്കുള്ള ശുചിമുറി, കോവിഡ് കാലത്തെ കുട്ടികളുടെ പരിപാലനം, സാനിറ്റൈസേഷൻ, മാസ്ക് ഉപയോഗം, കുടിവെള്ള സംവിധാനം, ഇൻസിനേറ്റർ, ന്യൂട്ടീഷ്യൻ ഗാർഡൻ, ഹാൻഡ് വാഷ് തുടങ്ങി 68 ഇനങ്ങൾ പരിശോധിച്ചാണ് മികച്ച വിദ്യാലയത്തെ തിരഞ്ഞെടുത്തത്.
വയനാട് ജില്ലയിൽനിന്നും 196 വിദ്യാലയങ്ങൾ സെക്കൻഡറി, പ്രൈമറി വിഭാഗങ്ങളിലായി നാമനിർദേശം നൽകിയിരുന്നു. കോവിഡാനന്തരം ഒട്ടേറെ മികച്ച പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി സാബു, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ മിനി സുരേന്ദ്രൻ, വാർഡംഗം ഇമ്മാനുവൽ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ റോസ് മേരി എന്നിവർ വിദ്യാലയ അധികൃതരെ അഭിനന്ദിച്ചു. സലിം പൂതാടി പി.ടി.എ പ്രസിഡന്‍റും കെ.കെ. സുരേഷ് പ്രധാനാധ്യാപകനുമായ മികച്ച ടീമാണ് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. സംസ്ഥാനതലത്തിലും തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിദ്യാലയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.