സ്വകാര്യ ബസ് വ്യവസായം കട്ടപ്പുറത്ത്
text_fieldsപനമരം: യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതോടെ ജില്ലയിൽ സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിൽ. ഇതോടെ ഉടമകളും തൊഴിലാളികളും ആശങ്കയിലായി.
കോവിഡ് മഹാമാരിയെത്തുടർന്ന് വെന്റിലേറ്ററിലായ ബസ് വ്യവസായം വർഷങ്ങൾ കഴിഞ്ഞിട്ടും പച്ചപിടിക്കാത്ത അവസ്ഥയാണുള്ളത്. കോവിഡ് വന്നതോടെ ബസിൽ യാത്രചെയ്യാൻ ആളുകൾ വിസമ്മിച്ചതും നിരവധി പേർ ബസ് ഒഴിവാക്കി യാത്ര സ്വകാര്യം വാഹനങ്ങളിലാക്കിയതും കടുത്ത പ്രതിസന്ധിയാണ് സ്വകാര്യ ബസ് വ്യവസായത്തിൽ ഉണ്ടാക്കിയത്.
കോവിഡ് മാറിയെങ്കിലും യാത്രക്കാർ കൂടുതലും ടൂ വീലറിനെയും മറ്റും ആശ്രയിച്ചതോടെ ബസിൽ യാത്ര ചെയ്യാൻ ആളില്ലാതായി. ജില്ലയിൽ 340 ഓളം സ്വകാര്യ ബസ് ഉടമകളെയും 1500ഓളം തൊഴിലാളികളെയും തീർത്തും പട്ടിണിയിലേക്ക് തള്ളിവിടുന്ന രീതിയിലേക്കാണു നിലവിൽ ബസ് വ്യവസായം. നേരത്തേ ഒരു ബസിന് മൂന്നു തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഓട്ടോമാറ്റിക് ഡോർ സിസ്റ്റം നടപ്പിലാക്കുകയും ദിനം പ്രതിയുള്ള വരുമാനത്തിൽ ഗണ്യമായ കുറവും വന്നതോടെ നിരവധി ബസുകളിൽ രണ്ട് തൊഴിലാളികളാക്കി കുറച്ചു.
നോട്ട് നിരോധത്തിനു തൊട്ടുമുമ്പ് ഡീസൽ വില 60 രൂപ ഉണ്ടായിരുന്ന കാലത്ത് ശരാശരി ഒരു ബസിന് പന്ത്രണ്ടായിരത്തോളം രൂപ കലക്ഷൻ കിട്ടിയ സ്ഥാനത്ത് ഇന്നു ഡീസലിനു 96 രൂപ കൊടുക്കുമ്പോൾ കലക്ഷൻ പരമാവധി പതിനായിരം രൂപയിൽ ഒതുങ്ങിയെന്ന് ബസ് ഉടമകൾ പറയുന്നു. ദിനം പ്രതി 65 ലിറ്റർ ഡീസലടിക്കുന്ന ഒരു ബസിന് പരമാവധി കലക്ഷൻ ലഭിച്ചാലും തൊഴിലാളികളുടെ കൂലിയും മെയിന്റനൻസും ഇൻഷൂറൻസുമെല്ലാം കഴിച്ചാൽ അടവിനുപോലും തികയാത്ത അവസ്ഥയാണെന്ന് മാനന്തവാടി താലൂക്ക് പ്രൈവറ്റ് ബസ് ഓപറ്റേഴ്സ് അസോസിയേഷൻ സെകട്ടറി എൻ.ജെ. ചാക്കോ പറയുന്നു. വരവും ചെലവും കൂട്ടിമുട്ടാതെ വന്നതോടെ പലരും ബസ് വ്യവസായത്തിൽനിന്ന് പിന്തിരിയാനുള്ള ശ്രമത്തിലാണ്.
നൂറുകണക്കിന് തൊഴിലാളികളാണ് ഈ മേഖലയിൽ ജോലിയെടുക്കുന്നത്. കൂലി കുറവാണെങ്കിലും അന്നന്നത്തെ വരുമാനത്തിലാണ് പല കുടുംബങ്ങളും പട്ടിണിയില്ലാതെ മുന്നോട്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.