നവീകരണവഴിയിൽ പുഞ്ചവയലിലെ കല്ലമ്പലങ്ങൾ
text_fieldsകൽപറ്റ: പനമരം പുഞ്ചവയലിലുള്ള പുരാതന കല്ലമ്പലങ്ങളുടെ നവീകരണ പ്രവൃത്തികൾക്ക് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തുടക്കമിട്ടു. ദേശീയ സ്മാരകമായ ഈ ശിലാക്ഷേത്രങ്ങൾ നാശത്തിന്റെ വക്കിലായിരുന്നു. നവീകരണം നടത്തി കല്ലമ്പലം പഴയപടി നിലനിർത്താനാണ് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ തീരുമാനം. ഒരു വർഷത്തിനകം നവീകരണം പൂർത്തിയാകുമെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതരുടെ കണക്കുകൂട്ടൽ. നവീകരണത്തിന് മുന്നോടിയായി കല്ലമ്പലത്തിലെ ശിലാപാളികൾ പൊളിച്ചുമാറ്റും. കൽത്തൂണുകളും പാളികളും ഉപയോഗിച്ച് നിർമിച്ച കല്ലമ്പലങ്ങളിലെ കൂറ്റൻ ശിലാപാളികൾ പൊളിക്കുന്നതിനു മുമ്പ് ഓരോന്നിനും നമ്പറിട്ടു. പൊളിക്കുന്ന ശിലാപാളികൾ യഥാസ്ഥാനത്ത് സ്ഥാപിക്കുക ഈ നമ്പർ ക്രമീകരിച്ചാകും.
2009ൽ അന്നത്തെ കേന്ദ്രമന്ത്രി വി. നാരായണ സ്വാമിയാണ് പനമരത്തെ കല്ലമ്പലങ്ങളായ വിഷ്ണുഗുഡി, ജനാർദനഗുഡി എന്നിവയെ ദേശീയ സ്മാരകങ്ങളായി പ്രഖ്യാപിക്കുമെന്ന് ലോക്സഭയെ അറിയിച്ചത്. രാജ്യത്തെ 25 ക്ഷേത്രങ്ങൾ ഏറ്റെടുത്ത കൂട്ടത്തിലാണ് പുഞ്ചവയലിലെ ക്ഷേത്രങ്ങളും ഉൾപ്പെട്ടത്. എന്നാൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിഷ്ണുഗുഡിയെ 2015ലും ജനാർദനഗുഡിയെ 2016ലുമാണ് ദേശീയ സ്മാരകങ്ങളായി പ്രഖ്യാപിച്ചത്. രണ്ടു ക്ഷേത്രങ്ങളും തമ്മിൽ 700 മീറ്റർ അകലം മാത്രമാണുള്ളത്. പനമരം-സുൽത്താൻ ബത്തേരി റോഡിലും പനമരം-ദാസനക്കര റോഡിലുമായാണ് ഇവ സ്ഥിതി ചെയ്യുന്നത്.
2014ലെ മഴക്കാലത്ത് ജനാർദനഗുഡിയുടെ ഗോപുരത്തിന്റെ ഒരുഭാഗം തകർന്ന് വീണിരുന്നു. കൽമതിലിലെ ശിൽപങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ശിലാക്ഷേത്രങ്ങൾ ചരിത്ര സ്മാരകങ്ങളായി പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അവക്ക് ശാപമോക്ഷം ലഭിച്ചിരുന്നില്ല. ഒടുവിൽ, സന്ദർശകരുടെയും ചരിത്രകുതുകികളുടെയും നിരന്തരമായ അഭ്യർഥനയുടെ ഫലമായാണ് നവീകരണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര പുരാവസ്തു വകുപ്പ് തുടക്കമിട്ടത്. പുരാവസ്തു വകുപ്പിന്റെ തൃശൂർ സർക്കിളിലാണ് ഈ കല്ലമ്പലങ്ങൾ.
ശിലാപാളികൾ പൊളിച്ചുമാറ്റുന്ന ജോലി ഒരുമാസംകൊണ്ട് പൂർത്തിയാകുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജൂനിയർ കൺസർവേഷൻ അസിസ്റ്റന്റായ പി.വി. ഷാജു പറഞ്ഞു. സിമന്റിന് പകരം ചുണ്ണാമ്പുകൊണ്ടുള്ള സുർക്കി മിശ്രിതം ഉപയോഗിച്ചാകും ശിലാപാളികൾ പഴയ രീതിയിൽതന്നെ പുനഃസ്ഥാപിക്കുക. ജനാർദനഗുഡിയിലെ നവീകരണ പ്രവൃത്തികൾ പൂർത്തിയായതിനുശേഷമേ വിഷ്ണുഗുഡിയുടെ നവീകരണ ജോലികൾ തുടങ്ങുകയുള്ളൂവെന്നും ഷാജു പറഞ്ഞു.
ഡെക്കാൻ പീഠഭൂമിയിൽ 12 മുതൽ 14 വരെ നൂറ്റാണ്ടുകളിൽ ഭരിച്ചിരുന്ന ഹൊയ്സാല അല്ലെങ്കിൽ വിജയനഗര രാജവംശങ്ങളുടെ ഭരണകാലത്തായിരിക്കാം ക്ഷേത്രങ്ങൾ നിർമിച്ചതെന്നാണ് അനുമാനം. ജൈനമത വിശ്വാസികൾ കർണാടകയിൽനിന്നും ആന്ധ്രയിൽനിന്നും ജില്ലയിലേക്ക് കുടിയേറിയ കാലത്തോളം പഴക്കമുണ്ട് ഈ കല്ലമ്പലങ്ങൾക്ക്. ജനാർദനഗുഡിയിലെ ശിൽപനിർമിതിയുടെ ശൈലിയും ക്ഷേത്രത്തിന്റെ ഭിത്തിയിലെ പഴയ കന്നഡ ലിപിയും ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
മത്സ്യത്തൊഴിലാളിയുടെ ശിൽപം, പുരാതന യുദ്ധരംഗം, പഴയ കന്നഡ ലിപിയിലുള്ള ശിലാകുറിപ്പ്, ജൈന ദേവതകളുടെ രൂപങ്ങൾ, ദശാവതാര ശിൽപങ്ങൾ അടക്കം കൂറ്റൻ കൽത്തൂണുകളിലെ 300ഓളം കൊത്തുപണികളാണ് കല്ലമ്പലങ്ങളിലെ പ്രധാന ആകർഷണങ്ങൾ. കൽത്തൂണുകളിൽ ജൈനരുടെയും വൈഷ്ണവരുടെയും ദേവതകളുടെയും ചിത്രങ്ങൾ ഒരമ്പലത്തിൽതന്നെ കൊത്തിയിട്ടുള്ള രാജ്യത്തെ ഏക ക്ഷേത്രമാണിത്. നിരവധി സഞ്ചാരികളാണ് ഇവ കാണാനായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.