മഴയും രോഗങ്ങളും; കണ്ണീർ വിളവെടുത്ത് കർഷകർ
text_fieldsപനമരം: തുടർച്ചയായ മഴയും വിളകൾക്ക് രോഗബാധയും കാരണം ജില്ലയിലെ നെല്ല്, കാപ്പി, കുരുമുളക്, ഇഞ്ചി, അടക്ക കർഷകർ ദുരിതത്തിൽ. വിളവെടുപ്പിന് തൊഴിലാളികളെ കിട്ടാത്തതും കർഷകരെ പ്രതികൂലമായി ബാധിക്കുന്നു. കാപ്പിക്കുരു പഴുത്തുതുടങ്ങിയെങ്കിലും മഴ മാറാത്തത് കാരണം വിളവെടുക്കാൻ കഴിയാതെ പ്രയാസത്തിലാണ് കർഷകർ. പഴുത്തവ കൊഴിഞ്ഞുവീഴുന്നതും ഇരുട്ടടിയാവുകയാണ്. വിളവെടുക്കുന്നതിനുമുമ്പ് തോട്ടത്തിലെ കളകൾ വൃത്തിയാക്കുന്നതും പലയിടത്തും മഴ കാരണം മുടങ്ങി.
കഴിഞ്ഞ തവണയും കാലവർഷം കാരണം കാപ്പിവിളവ് മോശമായിരുന്നത് ഇത്തവണയും ആവർത്തിക്കുന്നതോടെ ദുരിതത്തിലാണ് കർഷകർ. ഡിസംബറിൽ വിത്തിന് ആവശ്യമായ ഇഞ്ചി പറിച്ചു സൂക്ഷിക്കാനുള്ളപ്പോഴാണ് വിലങ്ങുതടിയായി മഴ തുടരുന്നത്. നെൽകൃഷിയേയും അപ്രതീക്ഷിതമായ മഴ കാര്യമായി ബാധിക്കുന്നു.
ദ്രുതവാട്ട രോഗം പടരുന്നതിനാൽ കുരുമുളക് കർഷകർ പ്രതിസന്ധിയിലാണ്. തുടർച്ചയായ മഴയിൽ മണ്ണിൽ ഈർപ്പം കൂടിയതാണ് രോഗകാരണം. ഇത്തവണ നല്ല വിളവ് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, മൂപ്പ് എത്തും മുമ്പുതന്നെ രോഗം ബാധിച്ച് നശിക്കുന്നതിനാൽ പൊള്ളിനുപോലും പറ്റാത്ത അവസ്ഥയാണ്. വർഷങ്ങൾക്ക് മുമ്പ് കുരുമുളക് തോട്ടങ്ങളെ തുടച്ചുനീക്കിയ ദ്രുതവാട്ടത്തിനുശേഷം നിരന്തര അധ്വാനത്തിലൂടെ വളർത്തിയെടുത്ത കുരുമുളക് വള്ളികളാണ് ഇപ്പോൾ നശിക്കുന്നത്.
കൃഷിവകുപ്പ് നിർദേശിക്കുന്ന ബോഡോമിശ്രിതം തളിച്ചിട്ടും ഫലമില്ലെന്ന് കർഷകർ പറയുന്നു. തൊഴിലുറപ്പ് പ്രവൃത്തികൾ ആരംഭിച്ചതോടെ വിളവെടുപ്പിന് തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. അടക്ക പൊളിക്കാതെ കൊടുക്കുന്നതിനാൽ കർഷകർക്ക് കിലോക്ക് 12 രൂപയോളം നഷ്ടം വരുന്നുണ്ട്.
ബാങ്കുകളിൽനിന്ന് വായ്പയെടുത്തും ഉള്ള സ്വർണം പണയംവെച്ചുമൊക്കെ കൃഷിയിറക്കുന്നവർക്കാണ് കാലാവസ്ഥ വ്യതിയാനം തിരിച്ചടിയാവുന്നത്. വിളവ് കുറയുന്നത് വായ്പ തിരിച്ചടവിനെയടക്കം ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.