അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുക ലക്ഷ്യം -മന്ത്രി എം.ബി. രാജേഷ്
text_fieldsപനമരം: നാല് വര്‍ഷംകൊണ്ട് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.ബി. രാജേഷ്. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന 'നവകേരളം തദ്ദേശകം 2.0' പരിപാടിയില്‍ തദ്ദേശസ്ഥാപനങ്ങളുടെ ജില്ലതല അവലോകന യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണം.
തനത് വരുമാനം ഉയര്‍ത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. സാധ്യമായ മേഖലകളില്‍ നിന്നെല്ലാം വരുമാനം കണ്ടെത്തണം. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും മുഖ്യപങ്ക് വഹിക്കാനുണ്ട്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ സംസ്ഥാനത്തിന് ഏറെ മുന്നേറാന്‍ സാധിച്ചത് തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ്.
സര്‍ക്കാര്‍ സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നുണ്ടെങ്കിലും അതൊന്നും തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. നടപ്പ് സാമ്പത്തിക വര്‍ഷം പദ്ധതി വിഹിതത്തില്‍ അര ശതമാനം വര്‍ധന സര്‍ക്കാര്‍ വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സേവനങ്ങളും ഭരണനിര്‍വഹണ നടപടികളും സുതാര്യമായി നടപ്പാക്കുന്നതിന് ആരംഭിച്ച ഐ.എല്‍.ജി.എം.എസ് പോര്‍ട്ടല്‍ സംവിധാനം ജനുവരിയോടെ നഗരസഭകളിലും തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ 2931 കുടുംബങ്ങളും 4531 വ്യക്തികളുമാണ് അതിദരിദ്രരായിട്ടുളളത്. ഇവരുടെ പ്രശ്‌നങ്ങള്‍ നിർണയിച്ചിട്ടുണ്ട്.
അവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഡിസംബര്‍ അവസാനത്തോടെ മുഴുവന്‍ അതിദരിദ്രര്‍ക്കും സേവനാവകാശ രേഖകള്‍ ലഭ്യമാക്കുന്ന ആദ്യ ജില്ലയായി മാറാന്‍ വയനാടിനാകുമെന്നും മന്ത്രി പറഞ്ഞു.
'ഫയലുകള്‍ കെട്ടിക്കിടക്കരുത്'
പനമരം: ഐ.എല്‍.ജി.എം.എസ് പോര്‍ട്ടലില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തദ്ദേശ വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. പദ്ധതി തുകയുടെ വിനിയോഗം കാര്യക്ഷമമായും അടിയന്തരമായും നടക്കണം. കുറവുകള്‍ കണ്ടെത്തി പരിഹരിക്കണം. പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനകള്‍ ജില്ലയില്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗോത്ര സാരഥി പദ്ധതിക്ക് തുക അനുവദിക്കല്‍, സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം, തദ്ദേശ വകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരണം, ജനപ്രതിനിധികളുടെ ഹോണറേറിയം വർധിപ്പിക്കല്‍, വന്യമൃഗ ശല്യം തുടങ്ങിയ കാര്യങ്ങള്‍ ജനപ്രതിനിധികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.