പനമരം പഞ്ചായത്തിൽ നാഥനില്ല; പരസ്പരം പോരടിച്ച് ഭരണസമിതി അംഗങ്ങൾ
text_fieldsപനമരം: പഞ്ചായത്ത് ഭരണ കാര്യങ്ങളിൽ ഭരണസമിതി അംഗങ്ങൾ ഏകോപനമില്ലാതെ പ്രവർത്തിക്കുന്നതായി ആരോപണം. പഞ്ചായത്ത് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ ഭിന്നസ്വരം വികസനകാര്യങ്ങളിൽ മുരടിപ്പുണ്ടാക്കുന്നതായി നാട്ടുകാരും ആരോപിക്കുന്നു.
ബോർഡ് തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ല. നടപ്പാക്കുന്ന കാര്യങ്ങൾ തന്നെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിൽ ഭരണ സമിതി അംഗങ്ങൾ പ്രചാരണം നടത്തുകയും ചെയ്യുന്നു. ആര്യന്നൂർ വയലിലെ പ്രദർശനവുമായി ബന്ധപ്പെട്ടുയർന്ന സാമ്പത്തിക ആരോപണം പഞ്ചായത്തിനു നാണക്കേട് ഉണ്ടാക്കിയത് ഭരണസമിതിയിലെ ഭിന്നിപ്പാണ് വെളിവാക്കുന്നത്.
ബോർഡ് യോഗത്തിൽ അംഗീകരിച്ച് 23 വാർഡുകളിൽ നടപ്പാക്കിയ 1,252 തെരുവു വിളക്കുകളും 22 ലോ മാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്ന് കോൺഗ്രസ് നേതാവും എട്ടാം വാർഡ് അംഗവുമായ വാസു അമ്മാനി പരസ്യമായി ആരോപിക്കുന്നുണ്ട്. വാർഡ് അംഗം നിർദേശിച്ച കരാറുകാർക്ക് നൽകാത്തതിലെ പ്രതിഷേധമാണ് അഴിമതി ആരോപണമെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ തിരിച്ചടി. പഞ്ചായത്തിൽ 23 വാർഡുകളാണുള്ളത്.
അതിൽ യു.ഡി.എഫ് -11, എൽ.ഡി.എഫ് -11, ബി.ജെ.പി - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് പദം വനിത സംഭരണമാണ്. പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ തുല്യത വന്നത് കാരണം ടോക്കണിൽ ഒമ്പതാം വാർഡിൽ നിന്നു വിജയിച്ച സി.പി.എമ്മിലെ പി.എം. ആസ്യക്കാണ് നറുക്ക് വീണത്.
വൈസ് പ്രസിഡന്റായി കോൺഗ്രസിലെ തോമസ് പാറക്കാലയും തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫും യു.ഡി.എഫും ചേർന്നുള്ള ഭരണം കാര്യക്ഷമതയും കൃത്യതയുമുള്ളതായിരിക്കുമെന്ന പ്രതീക്ഷക്ക് വിപരീതമായാണ് പഞ്ചായത്തിലെ പ്രവർത്തനങ്ങൾ. കഴിഞ്ഞ രണ്ട് വർഷമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പലതും കടലാസിലുറങ്ങുന്ന അവസ്ഥയാണ്. ട്രാഫിക് പരിഷ്കാരം, ടൗൺ നവീകരണം, മാലിന്യമുക്ത പനമരം, 23 വാർഡുകളിലും സി.സി.ടി.വി കാമറ തുടങ്ങിയവയൊന്നും നടപ്പാലാവാത്തതാണെന്ന് വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.