പനമരത്തെ ഗതാഗത പരിഷ്കരണം: എതിർപ്പുമായി വ്യാപാരികൾ
text_fieldsപനമരം: പനമരം ടൗണിൽ നടപ്പാക്കുന്ന ഗതാഗത പരിഷ്കാരം വ്യാപാരികളുടെ ആവശ്യം പരിഗണിക്കാതെയാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് കമ്മിറ്റി. ടൗണിൽ ഓട്ടോ, ടാക്സി വാഹനങ്ങൾക്ക് മാത്രമാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ഗതാഗതം പരിഷ്ക്കരിക്കുന്നതിനായി അഞ്ച് ഉപദേശക കമ്മിറ്റികൾ ചേർന്നിട്ടുണ്ടെങ്കിലും വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല.
ഫെബ്രുവരി 22ന് യോഗം ചേർന്ന് അന്തിമ റിപ്പോർട്ട് അവതരിപ്പിച്ച ശേഷം മാർച്ച് ഒന്നിന് പനമരം ടൗണിൽ ഗതാഗത പരിഷ്കാരം നടപ്പാക്കാനായിരുന്നു പഞ്ചായത്ത് ഭരണസമിതി തീരുമാനം. എന്നാൽ, ആ യോഗം ചേരുകയോ പരിഷ്കാരം വ്യാപാരികളെ നേരത്തെ അറിയിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ പരിഷ്കാരങ്ങളോട് വ്യാപാരികൾ നിസ്സഹകരിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. പൊതുജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും കടയുടമകൾക്ക് ചരക്കു വാഹനങ്ങളിൽ സാധനങ്ങൾ കയറ്റിയിറക്കാനും സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.ഇത് കച്ചവടത്തെ സാരമായി ബാധിക്കും. കൃത്യമായി വാണിജ്യ, കെട്ടിട, തൊഴിൽ നികുതികൾ പഞ്ചായത്തിൽ അടക്കുന്നവരാണ് വ്യാപാരികൾ.
അതിനാൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഏപ്രിൽ ഒന്നിന് ടൗണിലെ കച്ചവട സ്ഥാപനങ്ങൾ അടച്ച് കരിദിനം ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പനമരം യൂനിറ്റ് കമ്മിറ്റി പ്രസിഡന്‍റ് എം.കെ. അബ്ദുൽ നാസർ, ജനറൽ സെക്രട്ടറി കെ.ടി. ഇസ്മായിൽ, ട്രഷറർ വി. മെഹബൂബ്, വൈസ് പ്രസിഡന്‍റുമാരായ സോണ സെബാസ്റ്റ്യൻ, എ. സലീം, സെക്രട്ടറിമാരായ യൂനസ് പൂമ്പാറ്റ, കെ.സി. സഹദ് എന്നിവർ അറിയിച്ചു.
ടൗണിലെ യാത്രക്കുരുക്ക് അഴിക്കാനുള്ള പരിഹാരമല്ല ഗതാഗത പരിഷ്ക്കാരമെന്ന് പനമരം പൗരസമിതി കുറ്റപ്പെടുത്തി. മുസ്ലിം യൂത്ത് ലീഗും പ്രതിഷേധവുമായി രംഗത്തുവന്നു.
പനമരം പാലം ജങ്ഷൻ മുതൽ പഞ്ചായത്ത് ഓഫിസുവരെ വരുന്ന ഓട്ടോ പാർക്കിങ് ടൗണിലെ വാഹന ഗതാഗതക്കുരുക്കിനു കാരണമാകുന്നതായി ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.