കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണം; ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം
text_fieldsപനമരം: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം. പനമരം മാതോത്ത് പൊയിൽ കോളനിയിൽ ബിജുവിന്റെ ഭാര്യ സൗമ്യ(31)യാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ സ്ഥലത്തെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സിനെ വിവരം അറിയിച്ചു. ഇവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.
കൺട്രോൾ റൂം എമർജൻസി റെസ്പോൺസ് ഓഫിസർ ഇന്ദു ഉടൻ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് സന്ദേശം കൈമാറി. ആംബുലൻസ് ഡ്രൈവർ ടി. അസീസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നിഖിൽ ജോസ് എന്നിവർ വൈകാതെ പൊയിൽ കോളനിയിൽ എത്തി.
പരിശോധനയിൽ പ്രസവം എടുക്കാതെ സൗമ്യയെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നിഖിൽ വീട്ടിൽ പ്രസവം എടുക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. 9.45ന് നിഖിലിന്റെ പരിചരണത്തിൽ സൗമ്യ കുഞ്ഞിന് ജന്മം നൽകി. പൊക്കിൾകൊടി ബന്ധം വേർപെടുത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ ആംബുലൻസ് പൈലറ്റ് അസീസ് അമ്മയെയും കുഞ്ഞിനേയും മാനന്തവാടി ജില്ല ആശുപത്രിയിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.