അപ്രതീക്ഷിത മഴ; നെൽകൃഷി നശിച്ചു കാപ്പി കർഷകർക്കും നഷ്ടം
text_fieldsപനമരം: ജില്ലയിൽ ചൊവ്വാഴ്ച വൈകീട്ട് പെയ്ത അപ്രതീക്ഷിത മഴയിൽ നെൽകൃഷി വ്യാപകമായി നശിച്ചു. കാപ്പി വിളവെടുപ്പ് സമയത്തുണ്ടായ മഴ കാപ്പികർഷകരെയും പ്രതിസന്ധിയിലാക്കി. ഉണക്കാനിട്ട കാപ്പി ഉൾപ്പെടെ മഴയിൽ നനഞ്ഞ അവസ്ഥയുണ്ടായി.
മഴയിൽ നെൽകർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്. പനമരത്തും മറ്റിടങ്ങളിലുമായി അപ്രതീക്ഷിത മഴയിൽ കൊയ്തതും കൊയ്യാറായതുമായ നെല്ലുകളാണ് നനഞ്ഞത്. നെല്ല് നനഞ്ഞത് വിളവെടുപ്പിനെയും സാരമായി ബാധിക്കും. ഇത്തവണ ഡിസംബർ പാതിവരെ മഴയായിരുന്നു. ഇതിനാൽ തന്നെ മൂപ്പായ നെല്ല് വെള്ളക്കെട്ടിലായിരുന്നു.
മഴ മാറിയതോടെ കൊയ്ത് യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്യാനുള്ള പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. പനമരത്തും സമീപ പ്രദേശങ്ങളിലുമായി നൂറുകണക്കിന് ഏക്കർ നെൽ കൃഷിയാണ് വെള്ളത്തിലായത്. കൊയ്തെടുത്ത നെല്ല് സപ്ലൈകോ ഡിപ്പോയിലാണ് കർഷകർ നൽകുന്നത്.
ഇതുവരെ നൽകിയ നെല്ലിനു പണവും നൽകിയിട്ടില്ല. കൊയ്യാൻ ബാക്കിയുള്ള നെല്ലുകൂടി നശിച്ച അവസ്ഥയിൽ ഏറെ ദുരിതത്തിലാണ് കർഷകർ. മഴ പെയ്തതോടെ കാപ്പി പറിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കാപ്പി കർഷകർ. തോട്ടം ഉൾപ്പെടെ നനഞ്ഞതോടെ അവശേഷിക്കുന്ന കാപ്പിയും പറിക്കാൻ കഴിയാതെയായി. കാപ്പിക്ക് വിലകൂടിയിരിക്കെ മഴ പെയ്തത് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.