വരുന്നു, വാട്ടർ എ.ടി.എം
text_fieldsപനമരം: ചെറിയ തുകക്ക് ശുദ്ധമായ കുടിവെള്ളം പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമിഷൻ ഗ്രാൻഡ് ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവിൽ അഞ്ച് പഞ്ചായത്തുകളിലായി വാട്ടർ എ.ടി.എം സ്ഥാപിക്കുന്നു. അതിനൂതനമായ പ്രോജക്ട് കമ്പളക്കാട് ബസ് സ്റ്റോപ്പ്, പനമരം ബസ് സ്റ്റാൻഡ്, പൂതാടി പഞ്ചായത്തിന് സമീപം, പുൽപ്പള്ളി ബസ് സ്റ്റാൻഡ്, പാടിച്ചിറ ടൗൺ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്. നിർമാണ പ്രവർത്തി 90 ശതമാനവും പൂർത്തീകരിച്ചു.
മാർച്ച് 30ന് മുൻപ് കമീഷൻ ചെയ്യാനായിരുന്നു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നത്. ഇതിനിടയിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതോടെ പ്രവൃത്തി നീണ്ടുപോകുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കഴിയുന്നതോടെ ഉദ്ഘാടനം നടത്താനാണ് ഭരണസമിതിയുടെ തീരുമാനം.
പൊതുജനങ്ങൾ സ്ഥിരമായി വന്ന് ചേരുന്ന ബസ് സ്റ്റാൻഡുകൾ, ആശുപത്രി പരിസരം, പഞ്ചായത്ത് ഓഫിസ്, സ്കൂളുകൾ എന്നിവിടങ്ങൾക്കു സമീപം ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണ് വാട്ടർ എ.ടി.എം. വയനാട് ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു മെഷീൻ സ്ഥാപിക്കുന്നത്. അഞ്ചു സ്ഥലങ്ങളിലാണ് നിലവിൽ ഇത് സ്ഥാപിക്കുന്നതെങ്കിലും കൂടുതൽ സ്ഥലങ്ങളിലേക്ക് വാട്ടർ എ.ടി.എം വ്യാപിപ്പിക്കുന്നത് ഭരണസമിതിയുടെ ആലോചനയിലുണ്ട്.
ഒരു ലിറ്റർ മിനറൽ വാട്ടറിനു കടകളിൽ 20 രൂപ നൽകേണ്ടി വരുമ്പോൾ ഒരു രൂപ നിരക്കിൽ അതേ ക്വാളിറ്റിയിലുള്ള വെള്ളം വാട്ടർ എ.ടി.എമ്മിലൂടെ നൽകാൻ കഴിയും. ഇതുമൂലം ടൗണുകളിൽ പ്ലാസ്റ്റിക് കുപ്പിയുടെ അനാവശ്യ വലിച്ചെറിയൽ തടയാനും സാധിക്കും.
കോയിൻ ഉപയോഗിച്ചും മെഷിനിൽ സ്ഥാപിക്കുന്ന സ്കാനർ ഉപയോഗിച്ച് ഫോൺ പേ, ഗൂഗിൾ പേ, തുടങ്ങിയ യു.പി.ഐ അക്കൗണ്ടുകൾ വഴിയും പൊതുജനങ്ങൾക്ക് വെള്ളം ലഭ്യമാകും. ഓരോ തവണ വെള്ളം എടുക്കുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേരും ജല സരംക്ഷണത്തെ കുറിച്ചുള്ള ചെറിയ വോയ്സും ഇതിലൂടെ കേൾക്കാൻ സാധിക്കും. ബ്ലോക്ക് പഞ്ചായത്തിലെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകൾ നൽകിയ സ്ഥലത്താണ് ആദ്യഘട്ടത്തിൽ വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.