പകൽ മുഴുവൻ കാട്ടാനകൾ കൃഷിയിടത്തിൽ മുൾമുനയിൽ നാട്ടുകാർ
text_fieldsപനമരം: നാട്ടുകാരെ മുൾമുനയിൽ നിറുത്തി ഒരു പകൽ മുഴുവൻ കാട്ടാനകൾ കൃഷിയിടത്തിൽ. പുഞ്ചവയൽ പരിയാരത്ത് സ്വകാര്യ കൃഷിയിടത്തിലാണ് നാല് കാട്ടാനകൾ തമ്പടിച്ചത്. സന്ധ്യയോടെ രണ്ട് ആനകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ അമ്മാനി വനത്തിലേക്ക് തുരത്തിയങ്കിലും ബാക്കി രണ്ടെണ്ണം കൃഷിയിടത്തിൽ തുടരുകയാണ്.
അമ്മാനി വനത്തിൽ നിന്നു കഴിഞ്ഞ രാത്രി ഇറങ്ങിയ നാലംഗ കാട്ടാനകളാണ് ശനിയാഴ്ച നേരം വെളുത്തിട്ടും വനത്തിലേക്ക് തിരികെ പോകാതെ സ്വകാര്യ എസ്റ്റേറ്റിൽ തങ്ങിയത്. വിവരമറിഞ്ഞ് വനപാലകരും പനമരം പൊലീസും സ്ഥലത്ത് എത്തി നാട്ടുകാർക്ക് ജാഗ്രത നിർദ്ദേശം നൽകി. തുടർന്ന് ആനകൾ തമ്പടിച്ച പ്രദേശത്തിന് സമീപം പ്രവർത്തിക്കുന്ന നീർവാരത്തെയും അമ്മാനിയിലേയും സ്കൂളുകൾ ഉച്ചക്ക് രണ്ടു മണിയോടെ പ്രവർത്തനം നിർത്തി വിദ്യാർഥികളെ വീടുകളിൽ എത്തിച്ചശേഷം വൈകീട്ട് നാലു മണിയോടെയാണ് തുരത്തൽ നടപടികൾ ആരംഭിച്ചത്. മാനന്തവാടിയിൽ നിന്ന് എത്തിയ ആർ.ആർ.ടി സംഘത്തിന്റെ നേതൃത്ത്വത്തിൽ പടക്കം പൊട്ടിച്ച് ആനകളെ തോട്ടത്തിൽ നിന്നു താഴെ വയലിൽ ഇറക്കിയെങ്കിലും രണ്ട് കൊമ്പൻമാർ മാത്രമാണ് നീർവാരം പാലത്തിനുസമീപം പുഴയിലൂടെ ഇറങ്ങി അമ്മാനി വനത്തിലേക്ക് തിരിച്ചുകയറിയത്. ബാക്കിയുള്ള രണ്ട് ആനകൾ തോട്ടത്തിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. ആനകളെ തുരത്താൻ രാത്രിയും വനം വകുപ്പ് അധികൃതർ ശ്രമം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.