നടവയലിൽ കാട്ടാനശല്യം രൂക്ഷം; വ്യാപക കൃഷിനാശം
text_fieldsപനമരം: കാട്ടാന ശല്യം സഹിക്കാനാവാതെ നടവയൽ മേഖലയിലെ പ്രദേശവാസികൾ. പാതിരി സൗത്ത് സെക്ഷനിലെ നടവയൽ വില്ലേജിലുള്ള നടവയൽ, അമ്മാനി, അഞാണിക്കുന്ന്, പരിയാരം, മണൽവയൽ പ്രദേശങ്ങളിലുള്ള നൂറുക്കണക്കിനു കുടുംബങ്ങളാണ് വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയിരിക്കുന്നത്.
നടവയൽ വില്ലേജിൽ വനാതിർത്തി പ്രദേശങ്ങളാണ് കാട്ടാനശല്യം കാരണം ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. കൃഷിയിറക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടിലാണ് കർഷകർ. വനാതിർത്തിയോട് ചേർന്നുള്ള തോട്ടങ്ങളിൽ മാത്രമല്ല അകലെയുള്ള തോട്ടങ്ങളിലും കാട്ടാനക്കൂട്ടങ്ങൾ വ്യാപക കൃഷിനാശമാണുണ്ടാക്കിയത്.
ചക്കിട്ട കിഴക്കെതുണ്ടത്തിൽ റോയിയുടെ കുലക്കാൻ പാകമായ തെങ്ങ് കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം പൂർണമായും നശിപ്പിച്ചു. പുതുക്കുളത്തിൽ ജോർജിന്‍റെ കൃഷിയിടത്തിലെ തെങ്ങുകളും നശിപ്പിച്ചു. പാതിരി സെക്ഷൻ ഫോറസ്റ്റ് ഓഫിസ് സമീപത്തുണ്ടായിട്ടും ഒരുഗുണവുമില്ലെന്നും കർഷകർ പറയുന്നു.
ലക്ഷങ്ങൾ ചചിലവിട്ട് നിർമിച്ച വൈദ്യുതി വേലിയും തകർത്താണ് പലയിടത്തും കാട്ടാനയിറങ്ങുന്നത്. രാത്രിയായാൽ വീടിനുള്ളിൽ ഉറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ്. പാതിരി സൗത്ത് സെക്ഷനിൽ നെയ്ക്കുപ്പ കക്കോടൻ ബ്ലോക്ക് മുതൽ നീർവാരം ദാസനക്കര വരെ ഏഴര കോടി ചെലവിൽ ക്രാഷ് ഗാർഡ് ഫെൻസിങ് നിർമിക്കാൻ ഭരണാനുമതി ലഭിച്ചതാണ്. സർക്കാറിന്റെയും ജനപ്രതിനിധികളുടെയും അനാസ്ഥമൂലം ഇത് മുടങ്ങിക്കിടക്കുകയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.