പനമരം ചങ്ങാടക്കടവിൽ കാട്ടാനക്കൂട്ടം
text_fieldsപനമരം: ചങ്ങാടക്കടവിലെ കൊറ്റില്ലത്തിനു സമീപം ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടം. വെള്ളിയാഴ്ച വെളുപ്പിനാണ് നാല് കൊമ്പൻമാർ സ്വകാര്യ തോട്ടത്തിൽ എത്തിയത്. ഏറെ വൈകിയും ഇവ കാട്ടിലേക്ക് തിരിച്ചുപോകാത്തതിനാൽ നാട്ടുകാർ ആശങ്കയിലാണ്. ആനകളെ കാട്ടിലേക്ക് തുരുത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥറും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം താഴെ നെല്ലിയമ്പം ചോയ് കൊല്ലിയിൽ കണ്ട ആനകളാണ് ഇതെന്നു നാട്ടുകാർ പറഞ്ഞു. ചങ്ങാടക്കടവിൽ കണ്ട ആനകൾ പുലർച്ച മാത്തുർ ഭാഗത്തുനിന്നു കമ്പനിപുഴ കടന്നാണു എത്തിയത്. രാവിലെയാണു നാട്ടുകാർ ആനകളെ കാണുന്നത്. ചങ്ങാടക്കടവ് ജനവാസ കേന്ദ്രമാണ്. ആനകൾ തമ്പടിച്ചതിനടുത്താണ് ജുമുഅത്ത് പള്ളിയും മദ്റസയും. ആനകൾ സ്വകാര്യ തോട്ടത്തിൽ നിന്നു പുറത്തേക്ക് ഇറങ്ങാതിരുന്നതിനാലാണ് അപകടം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.
വനത്തിൽ നിന്ന് കാട്ടാനകൾ കൂട്ടമായിവന്നു വനത്തോട് ചേർന്ന പരിയാരം, അഞ്ഞാണിക്കുന്നു, പുഞ്ചവയൽ തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ തോട്ടങ്ങളിലാണ് സ്ഥിരമായി തങ്ങുന്നത്. ചില തോട്ടങ്ങൾ കൃഷിയൊന്നും ചെയ്യാതെ കാടായി കിടക്കുന്നത് കാട്ടാനകൾക്ക് സൗകര്യമാണ്. തോട്ടത്തിലെ ചക്കയും മാങ്ങയുമാണ് ഭക്ഷണം. കഴിഞ്ഞദിവസം താഴെ നെല്ലിയമ്പത്ത് കണ്ട ആനകളും വാഴക്കണ്ടികുന്നിലെ സ്വകാര്യതോട്ടത്തിൽ ഒരു ദിവസം തങ്ങിയാണ് പുഞ്ചവയൽ ഭാഗത്തേക്ക് കടന്നത്. പടക്കം പൊട്ടിച്ചും ബഹളം ഉണ്ടാക്കിയാലും ആനകൾ വകവെക്കുന്നില്ലന്നു പ്രദേശവാസികൾ പറഞ്ഞു. കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വികരിച്ചില്ലങ്കിൽ വീടുകൾ ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലാണു ഇവിടുത്തെ നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.