ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി
text_fieldsപനമരം: വാടോച്ചാലിലും മേച്ചേരിയിലും കാട്ടാനയിറങ്ങി. ഏഴ് ആനകളും ഒരു കുട്ടിയാനയുമാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തമ്പടിച്ചത്. വനപാലകരും പൊലീസും നാട്ടുകാരും ചേർന്ന് ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കാട്ടാനകളെ തുരത്തി വനത്തിലേക്ക് കയറ്റി.
ശനിയാഴ്ച രാവിലെ വാടോച്ചാലിലെ വീടിനു സമീപത്തെ വാഴത്തോട്ടത്തിലാണ് കാട്ടാനകളെ ആദ്യം കാണുന്നത്. തുടർന്ന് നാട്ടുകാർ വനപാലകരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. 10.30ഓടെ വാടോച്ചാലിലെ സ്വകാര്യ തോട്ടത്തിൽ നിലയുറപ്പിച്ച കാട്ടാനകളെ മേച്ചേരി ഭാഗത്തേക്ക് തുരത്തി.
മേച്ചേരിവയലിലെ ഇല്ലിക്കൂട്ടത്തിൽ വീണ്ടും നിലയുറപ്പിച്ച ഇവയെ ഒന്നരയോടെ വനത്തിലേക്ക് കയറ്റുകയായിരുന്നു. വാടോച്ചാലിലെ സ്റ്റേഡിയത്തിനു പിറകിലെ കുന്നിൻമുകളിലുള്ള സ്വകാര്യ തോട്ടത്തിലായിരുന്നു കാട്ടാനകൾ നിലയുറപ്പിച്ചത്. ഒട്ടേറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണിത്. നീണ്ട ഇടവേളക്കുശേഷമാണ് പനമരം ടൗണിനടുത്തുള്ള വാടോച്ചാൽ കുന്നിലും മേച്ചേരിക്കുന്നിലും കാട്ടാനകൾ എത്തിയത്. പാതിരി സൗത്ത് സെക്ഷനിലെ നെയ്ക്കുപ്പ വനവും കടന്നാണ് കാട്ടാനകൾ പനമരത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.