എങ്ങുമെത്താതെ പരപ്പൻപാറ കോളനി പുനരധിവാസം
text_fieldsവടുവഞ്ചാൽ: മഴക്കാലമായാൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പരപ്പൻപാറ കോളനിയിലെ 15 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ആവിഷ്കരിച്ച പദ്ധതി കടലാസിൽ ഒതുങ്ങി. മേപ്പാടി റേഞ്ചിെൻറ പരിധിയിൽ വരുന്നതും ആറു കിലോമീറ്ററിലധികം ദൂരംവരുന്ന ഉൾവനത്തിലാണ് പരപ്പൻപാറ ചോലനായ്ക്ക കോളനി.
കാടാശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിർമിച്ച താൽക്കാലിക ഷെഡിലാണ് മാറ്റിത്താമസിപ്പിച്ച കുടുംബങ്ങളിപ്പോൾ ദുരിതംപേറി കഴിയുന്നത്. 2018ലെ പ്രളയകാലത്ത് ഇവരെ കാടാശ്ശേരിയിലേക്ക് മാറ്റിയെങ്കിലും പിന്നീടവർ തിരിച്ചുപോയി. 2019ൽ പുത്തുമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വേളയിൽ വീണ്ടും ഇവരെ വനം വകുപ്പധികൃതർ മുൻകൈയെടുത്ത് കാടാശ്ശേരിയിലേക്ക് മാറ്റി.
മൂപ്പൈനാട് പഞ്ചായത്തിെൻറ അങ്ങേത്തലക്കൽ നിലമ്പൂർ വനമേഖലയോട് ചേർന്നുള്ള പരപ്പൻപാറയിലേക്ക് പോകുന്നത് അപകടമാണെന്ന് കരുതുന്നതിനാൽ അവരെ ഇവിടെത്തന്നെ പുനരധിവസിപ്പിക്കണമെന്നാണ് തീരുമാനം. പ്രാക്തന ഗോത്രവിഭാഗത്തിൽപെടുന്ന ചോലനായ്ക്ക കുടുംബങ്ങളാണിവർ. 2019ൽ കാടാശ്ശേരിയിലെ ഷെഡുകളിൽ കഴിയവെ ജില്ല ലീഗൽ സർവിസസ് അതോറിറ്റി ജഡ്ജ് ഇവരെ സന്ദർശിക്കുകയും പുനരധിവാസ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
തുടർന്ന് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വട്ടത്തുവയലിൽ വനംവകുപ്പ് ഒരു ഏക്കർ സ്ഥലം ഇതിനായി അനുവദിച്ചു. ഷെഡ് നിർമിച്ച് കുടുംബങ്ങളെ താൽക്കാലികമായി അവിടെ താമസിപ്പിച്ചു. ഇതിനോട് ചേർന്ന് എല്ലാ കുടുംബങ്ങൾക്കുമായി ഫ്ലാറ്റ് നിർമിക്കുകയായിരുന്നു ലക്ഷ്യം.
മുത്തങ്ങ സമരത്തിൽ പങ്കെടുത്ത കുടുംബങ്ങളുടെ പുനരധിവാസത്തിനായി നീക്കിവെച്ച 13 ഏക്കറിൽ ഒരു ഏക്രയാണ് പരപ്പൻപാറ ചോലനായ്ക്ക കുടുംബങ്ങൾക്ക് അനുവദിച്ചത്. ഇതിനുള്ള ഫണ്ട് ലഭ്യമാക്കുകയെന്നത് റവന്യൂ വകുപ്പിെൻറ ചുമതലയാണ്.
ഇക്കാര്യത്തിൽ റവന്യൂ അധികൃതർ തുടർനടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപമുയരുന്നത്. ഇപ്പോഴത്തെ വൈത്തിരി തഹസിൽദാർക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഫയലുകൾ പരിശോധിച്ച് വിഷയം പഠിച്ചിട്ട് പറയാം എന്നായിരുന്നു മറുപടി. വിഷയത്തിൽ റവന്യൂവകുപ്പ് ഗുരുതര അലംഭാവം കാണിച്ചുവെന്ന് സി.പി.എം മൂപ്പൈനാട് ലോക്കൽ കമ്മിറ്റി ആരോപിച്ചു. ഗ്രാമപഞ്ചായത്തും ഈ കുടുംബങ്ങളെ അവഗണിക്കുകയാണെന്നും സി.പി.എം പറയുന്നു.
പ്രശ്നം റവന്യൂ, പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു. സ്വകാര്യ വ്യക്തികളുടെ ഭൂമിയിലുള്ള ഷെഡുകൾ ഒഴിവാക്കി കൊടുക്കണമെന്ന് സ്ഥലമുടമകൾ ആവശ്യപ്പെടുന്നതായി കോളനി കുടുംബങ്ങൾ പറയുന്നു.
കോളനിയിലെ കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങി. ഇൻറർനെറ്റ് സൗകര്യം, സ്മാർട്ട് ഫോണുകൾ എന്നിവയുടെ അഭാവത്തിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനും കുട്ടികൾക്ക് കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.