എൻ ഊര് മനോഹരം; പാർക്കിങ് സൗകര്യം പരിതാപകരം
text_fieldsവൈത്തിരി: പൂക്കോട് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ദേശീയ ശ്രദ്ധയിലെത്തുകയാണ്. പ്രകൃതി രമണീയത കൊണ്ടും ശില്പചാതുര്യം കൊണ്ടും സഞ്ചാരികളുടെ ഹൃദയം കവരുകയാണിവിടം. ഈ ഗ്രാമ പ്രൗഢിയിലേക്ക് സന്ദർശകരായി എത്തുന്നത് നൂറുകണക്കിന് ആളുകളാണ്. ഇത്രയൊക്കെ സന്ദർശക ബാഹുല്യമുള്ള ഇവിടത്തെ പാർക്കിങ് സംവിധാനത്തിലെ പോരായ്മ സഞ്ചാരികൾക്ക് ദുരിതമാവുകയാണ്. സഞ്ചാരികളുടെയും നാട്ടുകാരുടെയും വയനാട് റൂട്ടിലെ യാത്രക്കാരുടെയും ക്ഷമയുടെ നെല്ലിപ്പലക കാണിക്കുന്ന വിധത്തിലാണ് എൻ ഊരിലേക്കുള്ള യാത്രാ സംവിധാനം.
എൻ ഊരിലേക്ക് സന്ദർശകരായി എത്തുന്നവർക്ക് വാഹന പാർക്കിങ്ങിന് പൂക്കോട് വെറ്ററിനറി സർവകലാശാലക്ക് സമീപമുള്ള ചെറിയ സ്ഥലമാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ ബസുകളും ട്രാവലറുകളും പാർക്ക് ചെയ്യാൻ കഴിയില്ല. ദിവസവും ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളിലാണ് സഞ്ചാരികളുമായി ഇവിടേക്ക് ഒഴുകിയെത്തുന്നത്. സഞ്ചാരികളെ ഇറക്കിയ ശേഷം ഈ വാഹനങ്ങളൊക്കെ ദേശീയപാതയുടെ ഇരുവശത്തുമായാണ് പാർക്ക് ചെയ്യുന്നത്. ഇതുമൂലം കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ലക്കിടി ഗാന്ധിഗ്രാമം മുതൽ തളിപ്പുഴ വരെ ഇതാണവസ്ഥ. സർവകലാശാല ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്താനാവില്ല. ദേശീയ പാതയോരത്തുള്ള കച്ചവടക്കാരും നാട്ടുകാരും പ്രയാസമനുഭവിക്കുകയാണ്. അധികൃതർ ഒരുക്കിയ ജീപ്പുകളിലാണ് സഞ്ചാരികൾ എൻ ഊരിലേക്ക് പ്രവേശിക്കുന്നത്. ഇതിന് ഒരാൾക്ക് 20 രൂപയാണ് ഈടാക്കുന്നത്. കൂപ്പണായിട്ടാണ് രസീത് നൽകുന്നത്. കൂപ്പൺ നമ്പർ ക്രമമനുസരിച്ചാണ് യാത്രക്കാരെ ജീപ്പിൽ കയറ്റിക്കൊണ്ടുപോകുന്നത്. പലപ്പോഴും ജീപ്പുകളെത്താൻ ദീർഘനേരം കാത്തിരിക്കണം. മഴയും വെയിലും കൊണ്ടുവേണം മണിക്കൂറുകളോളം ഇവിടെ ജീപ്പ് കാത്തിരിക്കാൻ. ഷെൽട്ടർ ഒരുക്കണമെന്നത് സഞ്ചാരികളുടെ ആവശ്യമാണ്.
പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യവും ഇവിടെയില്ലാത്തത് ദൂരെ സ്ഥലങ്ങളിൽനിന്ന് അടക്കം എത്തുന്നവർക്ക് വൻ പ്രയാസമുണ്ടാക്കുന്നു. സന്ദർശകർക്ക് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സംവിധാനവും ഇവിടെ ഇല്ലാത്തത് പാർക്കിങ് കേന്ദ്രത്തിൽ മാലിന്യം നിറയാനും ഇടവരുന്നു.
എൻ ഊരിലേക്കുള്ള റോഡിൽ എം.ആർ.എസ് ജങ്ഷൻ മുതൽ മേൽഭാഗം വരെ റോഡ് പൊളിഞ്ഞു കിടക്കുകയാണ്. റോഡുപണിക്കുള്ള ഫണ്ട് പാസായിട്ടുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല. അതേസമയം, എൻ ഊരിലെ പാർക്കിങ് പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ഉന്നതാധികാര കമ്മിറ്റി ചേരുന്നുണ്ടെന്ന് മാനേജർ ശ്യാം പ്രസാദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.