പാതിരിപ്പാലത്തെ റോഡ് ടാറിങ്; ബത്തേരി– കൽപറ്റ റൂട്ടിൽ ബസ് സർവിസ് താളം തെറ്റി
text_fieldsസുൽത്താൻ ബത്തേരി: ദേശീയപാതയിൽ പാതിരിപ്പാലത്ത് പുതിയ പാലത്തോടനുബന്ധിച്ചുള്ള റോഡ് ടാറിങ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സുൽത്താൻ ബത്തേരി- കൽപറ്റ റൂട്ടിൽ ബസ് സർവിസ് താളം തെറ്റിച്ചു. കിലോമീറ്ററുകൾ നീളുന്ന രീതിയിലായിരുന്നു ഗതാഗത സ്തംഭനം.
സമയക്രമം പാലിക്കാൻ കഴിയാത്തതിനാൽ ചില ബസുകൾ സർവിസ് നിർത്തിവെച്ചു. സമയക്രമം പാലിക്കാൻ മിക്ക ബസുകളും മരണപ്പാച്ചിലാണ് നടത്തിയത്. പാലത്തിെൻറ സമീപത്തായിരുന്നു ടാറിങ്. ഗതാഗതം നിയന്ത്രിക്കാൻ കാര്യമായ സംവിധാനമൊരുക്കാത്തതാണ് പ്രശ്നമായത്.
സുൽത്താൻ ബത്തേരി ഭാഗത്തേക്ക് വരുമ്പോൾ കൃഷ്ണഗിരി മുതലും മീനങ്ങാടി ഭാഗത്തേക്ക് പോകുമ്പോൾ ഉജാലക്കവല മുതലും വാഹനങ്ങളുടെ നിര നീണ്ടു. തിരക്കുണ്ടാകാത്ത രീതിയിൽ വാഹനങ്ങളെ കടത്തിവിടാൻ പൊലീസുകാരും ഇവിടെ ഉണ്ടായിരുന്നില്ല.
തിങ്കളാഴ്ച ലോറി കുഴിയിൽ താഴ്ന്നപ്പോൾ ഒരു മണിക്കൂറിനടുത്താണ് ഗതാഗതം സ്തംഭിച്ചത്. നിരന്തരമായി ആംബുലൻസുകൾ ഓടുന്ന റോഡായിരുന്നിട്ടും മുൻകരുതലെടുക്കാൻ അധികൃതർക്കായില്ല. തിങ്കളാഴ്ച വൈകീട്ടോടെ ടാറിങ് 70 ശതമാനം പൂർത്തിയായി. പാലം പണി പൂർത്തിയായിട്ട് രണ്ട് വർഷമായി. അപ്രോച്ച് റോഡ് പണി പിന്നീട് ഇഴയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.