സ്നേഹത്തണലിൽ ഇത്തിരിനേരം
text_fieldsകല്‍പറ്റ: കോവിഡിൽ മത്സരങ്ങൾ നിലച്ചതോടെ വയനാട്ടില്‍ കുടുങ്ങിയ സെവന്‍സ് താരത്തിനു കരുതലിെൻറ തണലൊരുക്കി ഫുട്ബാൾ പ്രേമികള്‍. ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍നിന്നുള്ള സെവന്‍സ് താരം മൂസ ഇബ്രാഹിമാണ് അമ്പലവയലില്‍ ഫുട്‌ബാള്‍ പ്രേമികളുടെ സ്‌നേഹ ചൂടില്‍ കഴിയുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ചുരം കയറി വയനാട്ടിലെത്തിയത്.
അമ്പലവയല്‍ ഫുട്‌ബാള്‍ ക്ലബാണ് അതിഥിതാരമായി മൂസയെ കൊണ്ടുവന്നത്. കളിക്കളങ്ങളില്‍ കരുത്തും വിരുതും കാട്ടി കാണികളുടെ കൈയടി നേടിവരുന്നതിനിടെയാണ് കോവിഡ് മാഹാമാരി മൂസക്കും ചുവപ്പുകാര്‍ഡ് കാട്ടിയത്. കളിക്കളങ്ങളെല്ലാം നിശ്ചലമായതോടെ വരുമാനവും നിലച്ചു. മത്സരങ്ങൾ തുടരില്ലെന്ന് ഉറപ്പായതോടെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചുപോകാനുള്ള വഴികൾ തേടിയെങ്കിലും നടന്നില്ല.
കളിയും വരുമാനവും നിലച്ചു വിഷമത്തിലായ മൂസയെ പക്ഷേ, അമ്പലവയലിലെ കാൽപന്തു കളി പ്രേമികള്‍ കൈവിട്ടില്ല. മാസങ്ങളായി മൂസയെ സംരക്ഷിച്ചുവരുകയാണ് അമ്പലവയല്‍ ഫുട്‌ബാള്‍ ക്ലബി െൻറ അണിയറയിലും അരങ്ങിലുമുള്ളവര്‍. വാടകമുറിയിലാണ് മൂസയുടെ ജീവിതം. കോവിഡ് നിയന്ത്രണങ്ങളുടെ ചട്ടക്കൂടില്‍ പരിശീലനവും പാചകവും പാട്ടുമൊക്കെയായി ദിവസങ്ങള്‍ തള്ളിവിടുകയാണ് ഈ 23 കാരന്‍. ഫുട്‌ബാള്‍ കളിക്കുന്നതിനു ആദ്യമായാണ് മൂസ ഇന്ത്യയിലെത്തുന്നത്. പ്രദേശിക ക്ലബില്‍ മികവു തെളിയിച്ചതാണ് ഇന്ത്യയിലേക്കു പറക്കാന്‍ ചിറകായത്.
മാതാപിതാക്കളും നാലു സഹോദരങ്ങളും അടങ്ങുന്നതാണ് മൂസയുടെ കുടുംബം. ഘാനയില്‍നിന്നു പുറപ്പെടുമ്പോള്‍ മൂസ കണ്ടിരുന്ന സ്വപ്‌നങ്ങളത്രയും കോവിഡ് തല്ലിത്തകര്‍ത്തു. കളിക്കാരനെന്ന നിലയില്‍ ഇന്ത്യയിലേക്കു നടത്തിയ കന്നിയാത്ര കദനത്തിലായതി െൻറ ഖിന്നത മുഖത്തു പുഞ്ചിരിപരത്തുമ്പോഴും മൂസയുടെ നെഞ്ചിലുണ്ട്.
ഘാനയിലേക്കുള്ള മൂസയുടെ മടക്കയാത്രയും പ്രതിസന്ധിയിലാണ്. യാത്രക്കുള്ള സാങ്കേതിക തടസ്സങ്ങള്‍ നീങ്ങിയാലും വിമാന ടിക്കറ്റിനു വന്‍തുക വേണം. ഈ പ്രശ്‌നത്തിനും പരിഹാരം കാണാനുള്ള പരിശ്രമത്തിലാണ് അമ്പലവയലിലെ ഫുട്‌ബാള്‍ സമൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.