അനുമതി ലഭിച്ചു: തോട്ടങ്ങൾ പ്രവർത്തിച്ചത് പേരിനുമാത്രം
text_fieldsമേപ്പാടി: കോവിഡ് സമ്പർക്ക വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട മേഖലയിലെ തോട്ടങ്ങൾ വെള്ളിയാഴ്ച തുറന്നുപ്രവർത്തിച്ചത് പേരിനുമാത്രം.
തോട്ടങ്ങൾ നിബന്ധനകൾക്ക് വിധേയമായി തുറന്നുപ്രവർത്തിക്കാൻ ജില്ല കലക്ടർ അനുമതി നൽകിയിരുന്നു. ചില നിബന്ധനകൾ പാലിക്കുന്നതിലുള്ള പ്രായോഗിക വിഷമതകളാണ് തടസ്സമായത്.
തോട്ടത്തിനുള്ളിൽ താമസിക്കുന്ന തൊഴിലാളികളെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂ എന്നാണ് വ്യവസ്ഥ. പല തോട്ടങ്ങളിലും ഇവരുടെ എണ്ണം 30 ശതമാനത്തിൽ താഴെയാണ്.
സ്ഥിരം തൊഴിലാളികളിൽ ഏറിയപങ്കും തോട്ടങ്ങൾക്ക് വെളിയിൽ സ്വന്തം വീടുകളിലോ പാടിലൈനുകളിലോ താമസിച്ച് ജോലിക്കെത്തുന്നവരാണ്. അവർക്ക് ജോലിക്ക് കയറുന്നതിന് തടസ്സമുണ്ട്.
പുറമെ നിന്നെത്തുന്നവർ ആൻറിജൻ പരിശോധന നടത്തിയവരാകണമെന്ന നിബന്ധനയും വിനയായി. നിബന്ധനകൾ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള പ്രായോഗിക വിഷമതകളും അവ്യക്തതയും തോട്ടങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിന് തടസ്സമായി.
പ്രമുഖ തോട്ടങ്ങൾ പലതും വെള്ളിയാഴ്ച തുറന്നുപ്രവർത്തനം തുടങ്ങിയില്ല. തോട്ടത്തിനുള്ളിലെ പാടികളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുള്ള അപൂർവം ഡിവിഷനുകളിൽ പേരിന് മാത്രമാണ് വെള്ളിയാഴ്ച പ്രവൃത്തി നടന്നത്.
ജില്ല കലക്ടറുമായി ചർച്ച ചെയ്ത് നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തി തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാൻ കഴിയുമെന്നാണ് മാനേജ്മെൻറുകൾ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.