പന്നികളെ ഏറ്റെടുക്കൽ പദ്ധതി പരിഗണനയിൽ -മന്ത്രി ചിഞ്ചുറാണി
text_fieldsകൽപറ്റ: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നുണ്ടായ പന്നി കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും പന്നിയിറച്ചി സംഭരണം പരിഗണനയിലാണെന്നും മൃഗ സംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കല്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ പന്നി കര്‍ഷകര്‍ക്കുള്ള ധനസഹായം വിതരണം ചെയ്യുകയായിരുന്നു അവര്‍. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ ഓണം സീസണ് ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. അവരിപ്പോള്‍ അങ്കലാപ്പിലാണ്. അവരെ സഹായിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ തയാറാക്കുന്നത്.
നെല്ല് സംഭരിക്കുന്ന രീതിയില്‍ പന്നി കര്‍ഷകരില്‍നിന്ന് വിലകൊടുത്ത് പന്നികളെ ഏറ്റെടുക്കുന്ന പദ്ധതി സര്‍ക്കാറിന്റെ പരിഗണനയിലാണ്. കേന്ദ്ര നിരക്കില്‍ പന്നികളെ മീറ്റ്സ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയെക്കൊണ്ട് ഏറ്റെടുപ്പിക്കുന്ന സംഭരണ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. വെറ്ററിനറി ഡോക്ടര്‍മാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പന്നികളെ ഏറ്റെടുക്കുക.
കേരള ബാങ്കിന്റെയും സഹകരണ ബാങ്കുകളുടെയും അധികൃതരോടും സഹകരണ വകുപ്പ് മന്ത്രിയോടും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പാക്കുമ്പോള്‍ വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കുറ്റിമൂലയിൽ ചത്ത പന്നികളുടെ സാമ്പിൾ അയച്ചു
മാനന്തവാടി കുറ്റിമൂലയിലെ ഒരു സ്വകാര്യ ഫാമില്‍ രണ്ട് പന്നികള്കൂടി അസ്വാഭാവികമായി ചത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി ഭോപാലിലേക്ക് അയച്ചിട്ടുണ്ട്. കര്‍ഷകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. മൃഗസംരക്ഷണ വകുപ്പുമായി സഹകരിക്കണം. പന്നികള്‍ക്ക് എന്തെങ്കിലും രോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് നാലു രൂപ അധികം നല്കുന്ന പദ്ധതി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തിലായതായും മന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് അധിക വില നല്‍കും. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് സബ്സിഡി തുക കൈമാറുക. 28 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
ധനസഹായ വിതരണ ചടങ്ങിൽ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കെ. ജയരാജ് വായിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ല കലക്ടര്‍ എ. ഗീത, മാനന്തവാടി നഗരസഭ ചെയര്പേഴ്സൻ സി.കെ. രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, മൃഗസംരക്ഷണ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. വിന്നി ജോസഫ്, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വി.ആര്. രാജേഷ്, പിഗ് ഫാര്‍മേഴ്സ് അസോസിയേഷന് ജില്ല പ്രസിഡന്റ് പി.ആര്. ബിശ്വപ്രകാശ് എന്നിവര്‍ സംസാരിച്ചു. റാപിഡ് റെസ്പോണ്‍സ് ടീം അംഗങ്ങൾക്കും മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർക്കുമുള്ള അനുമോദനപത്രം മന്ത്രി വിതരണം ചെയ്തു. ജില്ലയിലെ പന്നികര്‍ഷകര്‍ക്കുള്ള അണുനശീകരണ കിറ്റിന്റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.