തോട്ടങ്ങളിൽ ആശങ്കയുടെ വിളവെടുപ്പ്
text_fieldsരണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള വ്യവസായമാണ് ജില്ലയിലെ തോട്ടങ്ങൾ. പ്രൗഢിയും പ്രതാപവുമുള്ള സുവർണ കാലമുണ്ടായിരുന്നു തോട്ടം വ്യവസായത്തിന്. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന നാണ്യവിളകളുടെ ഉൽപാദന മേഖല. ഉൽപാദനം, കയറ്റുമതി, ആഭ്യന്തര വിപണന ശൃംഖല എല്ലാമടങ്ങിയ സംഘടിത വ്യവസായ മേഖല എന്ന നിലക്കുള്ള അംഗീകാരം എല്ലാ തോട്ടങ്ങൾക്കുമുണ്ടായിരുന്നു. പ്രതിസന്ധി എന്ന വാക്ക് ആ ഘട്ടങ്ങളിൽ തോട്ടം മേഖലക്ക് അപരിചിതമായിരുന്നു. കോടമഞ്ഞിെൻറ നാടായ വയനാട് ഈ നാണ്യവിളകൾക്ക് വളക്കൂറുള്ള മണ്ണായിരുന്നു. വയനാട്ടിൽ വലിയതോതിൽ സ്വർണ നിക്ഷേപമുണ്ടെന്ന് കേട്ടറിഞ്ഞ് സ്വർണഖനികൾ സ്ഥാപിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഇവിടെയെത്തിയ വിദേശികളുടെ ആ ലക്ഷ്യം സാക്ഷാത്കരിക്കാതെ വന്നപ്പോഴാണ് അവർ തോട്ടം വ്യവസായത്തിലേക്ക് തിരിഞ്ഞതെന്നാണ് ചരിത്രം.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുമൊക്കെയായി തോട്ടങ്ങളിൽ ജോലിചെയ്യാൻ തൊഴിലാളികളെയും ലഭിച്ചു. അക്കാലത്ത് തൊഴിലാളികളെ തേടിപ്പിടിച്ച് തോട്ടമുടമകൾക്ക് എത്തിച്ചുകൊടുത്തിരുന്നത് കങ്കാണിമാരായിരുന്നു. കുടുംബസമേതം തോട്ടപ്പണിക്കെത്തിയവരുടെ പിന്മുറക്കാരാണ് ഇന്നുള്ളവരിൽ ഏറിയ പങ്കും. സ്ഥിരമായ ജോലിയും വരുമാനവും, സൗജന്യ താമസ സൗകര്യം, സൗജന്യ ചികിത്സ സൗകര്യങ്ങൾ തുടങ്ങിയ ആകർഷണവും ഈ മേഖലക്കുണ്ടായിരുന്നു. സംസ്ഥാനത്തിെൻറ മൊത്തം വിസ്തൃതിയുടെ 27 ശതമാനം വരും തോട്ടങ്ങൾ. മൂന്നര ലക്ഷം തൊഴിലാളികൾ നേരിട്ടും 17 ലക്ഷത്തോളം പേർ പരോക്ഷമായും തോട്ടം മേഖലയെ ആശ്രയിച്ച് തൊഴിലെടുത്ത് ജീവിക്കുന്നു. വൻകിട തോട്ടങ്ങൾക്ക് പുറമെ ചെറുകിട, സ്വകാര്യ വ്യക്തികളും തോട്ടവിള കൃഷി ചെയ്യുന്നവരായുണ്ട്.
'90കളിലെ വിപണി പരിഷ്കാരങ്ങളെത്തുടർന്നാണ് തോട്ടങ്ങൾ പ്രതിസന്ധി നേരിടാൻ തുടങ്ങിയത്. നഷ്ടത്തിലാണെന്ന് ഉടമകളും അവരുടെ സംഘടനകളും പറയുന്നു. അതിെൻറ ഫലമായി തൊഴിലാളികളുടെ ജീവിത നിലവാരത്തിലും ഇടിവുണ്ടായി. ചികിത്സ സൗകര്യങ്ങളിൽ കുറവുവരുത്തി. പാടികളുടെ അറ്റകുറ്റപ്പണികൾ പോലും വേണ്ടസമയത്ത് നടക്കുന്നില്ല. മതിയായ വേതന വർധന തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ഈ ആവശ്യത്തെ, പ്രതിസന്ധി ചൂണ്ടിക്കാട്ടി മാനേജ്മെൻറുകൾ എതിർക്കുന്നു. മറ്റ് മേഖലകളെ അപേക്ഷിച്ച് കുറഞ്ഞ ദിവസ വേതനമാണ് തോട്ടം തൊഴിലാളികൾക്ക് ലഭിക്കുന്നത്. 1951ലെ പ്ലാേൻറഷൻ തൊഴിലാളി നിയമമാണ് ഈ രംഗത്തെ തൊഴിലാളികളുടെ രക്ഷാകവചം. പ്രതിസന്ധിക്കുമുമ്പ് ആ നിയമമനുസരിച്ചുള്ള സംരക്ഷണം ഏറക്കുറെ തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. തോട്ടം തൊഴിലാളികളിൽ ഏറിയ പങ്കും സ്ത്രീകളാണ്. പരമ്പരാഗത ട്രേഡ് യൂനിയൻ പ്രവർത്തന ശൈലിയിലുള്ള അതൃപ്തി പ്രകടമാക്കിക്കൊണ്ടാണ് 2015ൽ പൊമ്പിളൈ ഒരുമൈ സമരം നടന്നത്. ആ സമരം ഒരു വഴിത്തിരിവായിരുന്നു. അടിസ്ഥാന വേതനം ക്ഷാമബത്ത അടക്കം 301 രൂപയായി വർധിപ്പിച്ചുകൊണ്ടാണ് 2015 സെപ്റ്റംബർ 13ന് സമരം ഒത്തുതീർപ്പാക്കിയത്. മറ്റാനുകൂല്യങ്ങൾ എല്ലാം കൂടി കൂട്ടിയാലും അത് 400 രൂപയോളമേ ആകുന്നുള്ളു. 21 കി.ഗ്രാം ആയിരുന്ന ടാസ്ക് (ഒരു തൊഴിലാളി നുള്ളേണ്ട തേയിലച്ചപ്പിെൻറ കുറഞ്ഞ അളവ്) 27 ആയി വർധിപ്പിച്ചു.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് 50 രൂപ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ശമ്പള വർധനയുണ്ടായില്ല. മറ്റ് മേഖലകളെ അപേക്ഷിച്ച് തുച്ഛമായ കൂലിയായതിനാൽ ഈ ജോലിയിലേക്ക് വരാൻ പുതുതലമുറ തയാറാകുന്നില്ല. ഹാരിസൺസ് മലയാളം, പോഡാർ, എ.വി.ടി, പാരിസൺസ്, എൽസ്റ്റൺ, ഫാത്തിമ പ്ലാേൻറഷൻസ്, ചെമ്പ്ര എസ്റ്റേറ്റ്, കുറിച്യർമല എസ്റ്റേറ്റ്, വനറാണി, റാണിമല, കോട്ടനാട് പ്ലാേൻറഷൻസ്, സഹകരണ മേഖലയിലുള്ള പ്രിയദർശിനി എന്നിവക്ക് പുറമെ ഏതാനും ചെറുകിട തോട്ടങ്ങളും ചേർന്നതാണ് ജില്ലയിലെ പ്ലാേൻറഷൻ മേഖല. എല്ലാം കൂടിച്ചേർന്ന് 10,000ത്തിൽപരം തൊഴിലാളികളും ജില്ലയിലുണ്ട്. തോട്ടങ്ങളെ ആശ്രയിച്ച് മറ്റ് ജോലികളിലേർപ്പെട്ടവർ വേറെയുമുണ്ട്. ജില്ലയിലെ ഏറ്റവും വലിയ വ്യവസായവും തൊഴിൽദാതാവുമാണ് തോട്ടങ്ങൾ. ഹാരിസൺ മലയാളം ലിമിറ്റഡാണ് ജില്ലയിലെ ഏറ്റവും വലിയ തോട്ടം.
വളരെ സങ്കീർണമാണ് തോട്ടം മേഖലയിലെ ഭൂമിപ്രശ്നങ്ങൾ. പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ പല കമീഷനുകളെയും മുമ്പ് നിയമിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി സർക്കാറിെൻറ അവസാന കാലത്ത് 2015ൽ നിയമിച്ച ജസ്റ്റിസ് എൻ. കൃഷ്ണൻ നായർ കമീഷനാണ് ഒടുവിലത്തേത്. 2016 ആഗസ്റ്റ് 10ന് കമീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. ആ റിപ്പോർട്ടിലും പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് ഒട്ടനവധി നിർദേശങ്ങളുണ്ട്. സർക്കാർ തീരുമാനമെടുത്ത് നടപ്പാക്കേണ്ടവയാണ് അവയെല്ലാം. ചില കാര്യങ്ങളിലെങ്കിലും തീരുമാനങ്ങളുണ്ടായില്ലെങ്കിൽ പ്രതിസന്ധി നീളും. സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽ മേഖല കൂടുതൽ പ്രശ്ന സങ്കീർണമാവുകയും ചെയ്യും.
ദുരിതത്തിലായി തൊഴിലാളികൾ
തൊഴിലാളികളുടെ ജീവിതാവസ്ഥ ഏതാണ്ടെല്ലായിടത്തും വളരെ പരിതാപകരമാണ്. പലയിടത്തും ലയങ്ങൾ ശോച്യാവസ്ഥയിലാണ്. ചികിത്സ സൗകര്യങ്ങൾ പേരിന് മാത്രം. കുറ്റമറ്റ രീതിയിലുള്ള ശുദ്ധജല വിതരണ സംവിധാനം പോലും പല തോട്ടങ്ങളിലുമില്ല. തോട്ടം തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരാണ്. ജോലിയിൽ നിന്ന് പിരിഞ്ഞാൽ അന്തിയുറങ്ങാൻ സ്വന്തമായി വീടില്ല പലർക്കും. ഒട്ടുമിക്ക എസ്റ്റേറ്റുകളിലും മിച്ചഭൂമിയുണ്ട്. അത് ഏറ്റെടുത്ത് തോട്ടം തൊഴിലാളികൾക്ക് ഭവനപദ്ധതികൾ ആവിഷ്കരിക്കാവുന്നതേയുള്ളു. ഒരു സർക്കാറും അതിന് തയാറാവുന്നില്ല.
ഉടമകൾക്കും പരാതികളുണ്ട്
മറ്റ് സംസ്ഥാനങ്ങളിലെങ്ങുമില്ലാത്തത്ര ഉയർന്ന പ്ലാേൻറഷൻ നികുതിയാണ് കേരളത്തിലെന്ന് തോട്ടം ഉടമകൾ പറയുന്നു. വ്യവസായങ്ങളുടെ താരിഫ് അനുസരിച്ചുള്ള ഉയർന്ന വൈദ്യുതി ചാർജും ഉയർന്ന ഭൂ നികുതിയുമാണ് സർക്കാർ ഈടാക്കുന്നത്. ലയങ്ങൾക്ക് കെട്ടിട നികുതി ഈടാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ഇവിടെ ഉൽപാദനചെലവ് കൂടുതലാണ്. കൂലി കൂടുതലാണ്. സ്ഥിരതയില്ലാത്ത വിപണിയും പ്രയാസമുണ്ടാക്കുന്നു. വലിയ പ്രതിസന്ധിയിലൂടെയാണ് തോട്ടം മേഖല കടന്നുപോകുന്നതെന്ന് ഉടമകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.