ഹയർ സെക്കൻഡറി പരീക്ഷ; 72.13% വിജയം
text_fields813 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. 6893 വിദ്യാർഥികള്‍ ഉപരിപഠനത്തിന് അർഹത നേടി. പ്ലസ് ടുവിൽ രണ്ടു സ്കൂളുകൾക്ക് നൂറുമേനി. ജില്ലയിൽ ഒരു വിദ്യാർഥിക്ക് ഫുൾമാർക്ക്. വിജയത്തിൽ മുൻ വർഷത്തേക്കാളും 4.77 ശതമാനം കുറവ്. സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കുറവ് വയനാട്ടിൽ. വി.എച്ച്.എസ്.ഇയിൽ വിജയ ശതമാനം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജില്ലക്ക്. ഓപൺ സ്കൂൾ വിഭാഗത്തിൽ 54 ശതമാനം വിജയം
കൽപറ്റ: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയില്‍ 72.13 ശതമാനം വിജയം. 813 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ജില്ലയിലെ 60 സ്കൂളുകളിൽ നിന്നായി 9773 വിദ്യാർഥികൾ ഹയർ സെക്കൻഡറി പരീക്ഷക്ക് രജിസ്റ്റർ ചെയ്തതിൽ 9557 വിദ്യാർഥികൾ പരീക്ഷയെഴുതുകയും 6893 വിദ്യാർഥികള്‍ ഉപരിപഠനത്തിന് അർഹത നേടുകയും ചെയ്തു. കഴിഞ്ഞ വർഷം 76.9 ശതമാനമായിരുന്നു ജയം.
2022ല്‍ 75.07, 2021ല്‍ 83.23, 2020ല്‍ 82.97, 2019ല്‍ 85.79 ശതമാനം എന്നിങ്ങനെയായിരുന്നു ജില്ലയിലെ വിജയശതമാനം. സംസ്ഥാനത്ത് ഏറ്റവും വിജയ ശതമാനം കുറവ് വയനാട്ടിലാണ്. ജില്ലയിൽ വിജയ ശതമാനം ഏറ്റവും കുറവുള്ളത് ഗവ. എച്ച്.എസ്.എസ് തൃശ്ശിലേരി (22.36) യും ജി.എച്ച്.എസ്.എസ് അച്ചൂരും (23.21) ആണ്. ഓപൺ സ്കൂൾ വിഭാഗത്തിൽ 54 ശതമാനം വിജയമാണ് ജില്ല നേടിയത്. 11 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 694 പേർ പരീക്ഷ എഴുതിയതിൽ 375 പേരാണ് ഉപരിപഠനത്തിന് അർഹരായത്.
വി.എച്ച്.എസ്.ഇയിൽ ജില്ല മുന്നിൽ
വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ ജില്ല വയനാടാണ്. ജില്ലയിൽ 85.21 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 83.63 ആയിരുന്നു. ജില്ലയിൽ ആകെ 771 വിദ്യാർഥികളാണ് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത്. ഇതിൽ 657 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
ഫുൾ എ പ്ലസിൽ പിണങ്ങോട് ഒന്നാമത്
പിണങ്ങോട്: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിന്. 93 ഫുൾ എ പ്ലസുമായാണ് പിണങ്ങോട് ഒന്നാം സ്ഥാനത്തെത്തിയത്. സയൻസിൽ 75, കോമേഴ്സിലും ഹ്യുമാനിറ്റീസിലും ഒമ്പത് വീതമാണ് ഫുൾ എ പ്ലസ്. 94 ആണ് ഇവിടത്തെ വിജയ ശതമാനം.
333 കുട്ടികൾ പരീക്ഷ എഴുതിയതിൽ 150 പേർക്ക് 90 ശതമാനത്തിന് മുകളിൽ മാർക്കും 208 കുട്ടികൾക്ക് 1000ന് മുകളിൽ മാർക്കുമുണ്ട്. കഴിഞ്ഞ ദിവസം വന്ന എസ്.എസ്.എൽ.സി ഫലത്തിലും പിണങ്ങോട് എച്ച്.എസ് ആയിരുന്നു ജില്ലയിൽ ഒന്നാമത്. മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പി.ടി.എ, മാനേജ്മെന്റ് എന്നിവർ അഭിനന്ദിച്ചു.
മീനങ്ങാടിക്ക് 43 എ പ്ലസ്
മീനങ്ങാടി: ഹയർ സെക്കൻഡറി പരീക്ഷയിൽ മീനങ്ങാടി ഗവ. ഹയ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. സയൻസിൽ 98 ഉം കോമേഴ്സിൽ 94ഉം ഹ്യുമാനിറ്റീസിൽ 71 ശതമാനവുമാണ് വിജയം. 43 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസുണ്ട്. ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടമായ 20 പേരുണ്ട്.
സയൻസ് വിഭാഗത്തിൽ 1196 നേടി സാരംഗി ചന്ദ്രയും കോമേഴ്സിൽ 1183 മാർക്ക് നേടി ജിൻഷിദ ഷെറിനും ഹ്യുമാനിറ്റീസിൽ 1195 മാർക്കു നേടി ഐശ്വര്യ ജഗദീഷ് മലാമെയും ഒന്നാമതെത്തി.
എം.ജി.എം ഹയര്‍ സെക്കൻഡറിക്ക് മികവ്
മാനന്തവാടി: ഹയര്‍ സെക്കൻഡറി പരീക്ഷയിൽ എം.ജി.എം ഹയര്‍ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. 49 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ കുട്ടികളും വിജയിച്ചു. 41 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് നേടി. ജാസ്മിന് ജലീല്‍ എന്ന വിദ്യാർഥി 1200 ല്‍ 1198 മാര്‍ക്ക് നേടി സ്കൂള്‍ ടോപ്പര്‍ ആയി. വിജയികളെ സ്കൂള്‍ മാനേജ്മെന്റും പി.ടി.എയും അഭിനന്ദിച്ചു.
വിജയത്തിളക്കത്തിൽ മുട്ടിൽ വി.എച്ച്.എസ്
മുട്ടിൽ: തുടർച്ചയായ അഞ്ചു വർഷത്തെ 100 ശതമാനം വിജയ കിരീടം നിലനിർത്തി ഡബ്ല്യു.ഒ.വി.എച്ച്.എസ് മുട്ടിൽ. 350 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 63 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി സ്ഥാപനം ജില്ലയിലെ മുൻനിര പട്ടികയിൽ ഇടംപിടിച്ചു. 21 പേർക്ക് ഒരു വിഷയത്തിൽ എ പ്ലസ് നഷ്ടമായി. കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി ജില്ലയിൽ 100 ശതമാനം വിജയം കരസ്ഥമാക്കുന്ന വിദ്യാലയമെന്ന നേട്ടം ഡബ്ല്യു.ഒ വി.എച്ച്.എസിന് സ്വന്തം.
ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികളെയും അധ്യാപകരും മാനേജ്മെന്റും പി.ടി.എയും അഭിനന്ദിച്ചു. 13 വർഷത്തെ പ്രധാനാധ്യാപക ജീവിതത്തിൽനിന്ന് ഈ വർഷം വിരമിക്കുന്ന പി.വി. മൊയ്തു മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാലയം ഉന്നത നേട്ടങ്ങൾ കൈവരിച്ചെന്ന് മാനേജ്മെൻറ് കമ്മിറ്റി അനുമോദന ചടങ്ങിൽ അറിയിച്ചു.
30 ശതമാനത്തിന് താഴെ രണ്ട് സ്കൂളുകള്‍
കൽപറ്റ: ജില്ലയിൽ 30 ശതമാനത്തിന് താഴെ വിജയ ശതമാനമുള്ള രണ്ട് സ്കൂളുകൾ. ജി.എച്ച്.എസ്.എസ് അച്ചൂര്, ജി.എച്ച്.എസ് തൃശിലേരി സ്കൂളുകളിലാണ് വിജയശതമാനം ഏറ്റവും കുറവ്. 23.21 ശതമാനമാണ് അച്ചൂര് സ്കൂളിലെ വിജയ ശതമാനം. 112 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 26 പേരാണ് ഇവിടെ ഉപരിപഠനത്തിന് അര്‍ഹരായത്. തൃശിലേരി സ്കൂളില്‍ 161 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 36 പേർ വിജയിച്ചു. 22.36 ശതമാനമാണ് ഈ സ്കൂളിലെ വിജയശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.