ഒളിമ്പിക് ഗെയിംസ് ഫുട്ബാൾ നിർത്തിവെപ്പിച്ച് പൊലീസ്; സംഘാടകർക്ക് പിഴയിട്ടു
text_fieldsഅമ്പലവയൽ: ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ദിനേന ഒഴുകിയെത്തുകയും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒരുമിച്ചുകൂടുകയും ചെയ്യുന്ന വയനാട്ടിൽ ജില്ല ഒളിമ്പിക് ഗെയിംസ് ഫുട്ബാൾ നടത്തുന്നത് തടഞ്ഞ് പൊലീസ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പേരിൽ സംഘാടകർക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. വ്യാഴാഴ്ച അമ്പലവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായ ഫുട്ബാൾ ചാമ്പ്യൻഷിപ്പാണ് അമ്പലവയൽ പൊലീസ് എത്തി തടഞ്ഞത്. വെള്ളിയാഴ്ച മുതൽ കളി നടത്താൻ പാടില്ലെന്ന കർശന നിർദേശം നൽകിയാണ് പൊലീസ് മടങ്ങിയത്.
മൈക്കും പന്തലുമൊക്കെ ഒരുക്കിയശേഷമാണ് ടൂർണമെന്റ് ഒരുദിവസം കൊണ്ട് നിർത്തേണ്ടി വന്നത്. ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു. കളി നിർത്തിവെപ്പിച്ച പൊലീസ് സംഘാടകർക്ക് 2000 രൂപ പിഴയിടുകയും ചെയ്തു. കോവിഡ് മാനദണ്ഡമനുസരിച്ചാണ് കളി നിർത്തിവെപ്പിച്ചതെന്നാണ് ഇതുസംബന്ധിച്ച് അമ്പലവയൽ പൊലീസിെൻറ പ്രതികരണം.
അഞ്ചേക്കർ വരുന്ന വിശാലമായ ഗ്രൗണ്ടിൽ ഒറ്റപ്പെട്ട കാണികളെ സാക്ഷിനിർത്തിയാണ് മത്സരങ്ങൾ അരങ്ങേറിയതെന്ന് സംഘാടകർ പറയുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബിവറേജ് കോർപറേഷൻ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ ക്യൂവിലും ഉള്ളതുപോലുള്ള ആൾക്കൂട്ടമൊന്നും ഉണ്ടായിരുന്നില്ല.
മേൽപറഞ്ഞ ഇടങ്ങളിലൊന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയാറാവാതെ പന്തുകളി തടയാൻ കാണിക്കുന്ന 'ശുഷ്കാന്തി'യിൽ സംശയമുണ്ടെന്ന് അമ്പലവയലിലെ കായിക പ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
200 പേരടങ്ങുന്ന സംഘം അമ്പലവയൽ പ്രദേശത്ത് സിനിമ ഷൂട്ടിങ്ങിൽ സജീവമാണെന്നും അതൊന്നും തടയാതെ കളി മാത്രം തടഞ്ഞത് എന്തടിസ്ഥാനത്തിലാണെന്നുമാണ് കളിക്കമ്പക്കാരുടെ ചോദ്യം.
കോഴിക്കോട്ട് കേരള പ്രീമിയർ ലീഗ് ഫുട്ബാൾ അടക്കം സംസ്ഥാനത്തുടനീളം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കായിക മത്സരങ്ങൾ അരങ്ങേറുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അമ്പലവയൽ ഗ്രൗണ്ടിന് വിളിപ്പാടകലെ ടൂറിസ്റ്റ് കേന്ദ്രമായ എടക്കൽ ഗുഹയിൽ വെള്ളിയാഴ്ചയും 2000ത്തോളം പേരെ പ്രവേശിപ്പിച്ചപ്പോഴാണ് തുറസ്സായ ഗ്രൗണ്ടിൽ 22 കളിക്കാർ മാത്രം മത്സരത്തിനിറങ്ങുന്ന ജില്ലതല ഗെയിംസ് നിർത്തിവെപ്പിച്ചത്.
സർക്കാർ നിയന്ത്രണത്തിലുള്ള ജില്ല ഒളിമ്പിക് അസോസിയേഷനാണ് ടൂർണമെന്റിെൻറ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത്. പ്രാദേശിക ക്ലബുകളുമായി സഹകരിച്ചാണ് മത്സരങ്ങൾ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ് സംഘാടക സമിതി ചെയർമാൻ. ഗെയിംസിെൻറ ഭാഗമായി പല കായിക ഇനങ്ങളിലും മത്സരങ്ങൾ അരങ്ങേറിയെങ്കിലും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് എവിടെയും പരാതി ഉയർന്നിരുന്നില്ല. അമ്പലവയലിൽ മത്സരങ്ങൾ പൊലീസ് നിർത്തിവെപ്പിക്കുന്ന അതേസമയത്ത് കൽപറ്റ മുണ്ടേരി സ്കൂൾ ഗ്രൗണ്ടിൽ ജില്ല ഒളിമ്പിക് ഗെയിംസ് നെറ്റ്ബാൾ ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തത് പൊലീസ് ഇൻസ്പെക്ടറായിരുന്നു. രണ്ടിടത്ത് രണ്ടു മാനദണ്ഡമാണോ എന്നാണ് ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.