കന്നുകാലി പ്രയോഗം; ബത്തേരിയിൽ രാഷ്ട്രീയ പോര്
text_fieldsസുൽത്താൻ ബത്തേരി: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം യാഥാർഥ്യമായ ബൈപാസ് റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ നഗരസഭ ചെയർമാനെതിരെ രാഷ്ട്രീയ പോരിനുറച്ച് യു.ഡി.എഫ്. മുസ്ലിം ലീഗും ചെയർമാനും തമ്മിലാണ് തർക്കമെങ്കിലും പ്രശ്നം കോൺഗ്രസും ഏറ്റെടുത്തു കഴിഞ്ഞു.
ശനിയാഴ്ച യു.ഡി.എഫ് വനിത കൗൺസിലർമാർ സുൽത്താൻ ബത്തേരിയിൽ വാർത്ത സമ്മേളനത്തിനെത്തിയത് കോൺഗ്രസ് നേതാവ് ബാബു പഴപ്പത്തൂർ, ലീഗ് നേതാവ് ഷബീർ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു.
കഴിഞ്ഞ 30നാണ് സുൽത്താൻ ബത്തേരിയിലെ രാജീവ് ഗാന്ധി ബൈപാസ് ഉദ്ഘാടനം നടന്നത്. നഗരസഭ ചെയർമാൻ ടി.എൽ. സാബുവായിരുന്നു ഉദ്ഘാടകൻ. ബൈപാസ് റോഡിനായി കാര്യമായി ഇടപെട്ടത് കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയാണെന്നും ഇക്കാര്യം അവഗണിക്കുന്ന രീതിയിലാണ് നഗരസഭയിലെ ഇടതു നേതാക്കളുടെ നിലപാടെന്നും യു.ഡി.എഫ് ആരോപിച്ചിരുന്നു. വാർഡ് മെംബർ അടക്കം അവർ ഉദ്ഘാടനത്തിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തു. ഭരണപക്ഷവും പ്രതിപക്ഷവും വികസന കാര്യത്തിലെ ഐക്യമില്ലായ്മ ഉദ്ഘാടന പ്രസംഗത്തിൽ പ്രതിഫലിച്ചതോടെ വിവാദമായി.
സുൽത്താൻ ബത്തേരിയിലെ ഒരു വാട്സ്ആപ് ഗ്രൂപ്പിനെ കന്നുകാലി ഗ്രൂപ്പെന്ന് ചെയർമാൻ പറഞ്ഞതോടെ പ്രശ്നം രൂക്ഷമായി. ഗ്രൂപ്പിൽ അംഗമായ ചെയർമാനെ ഗ്രൂപ്പിലൂടെത്തന്നെ ചില അംഗങ്ങൾ ചോദ്യം ചെയ്തു. ഇത് കൂടുതൽ വിവാദത്തിന് ഇടയാക്കി. ഒരംഗത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ശബ്ദം ചില വാട്സ് ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ചു. ആക്ഷേപത്തിന് ഇരയായ യുവാവ് പൊലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്ന് വനിത അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എമ്മിെൻറ തണലുള്ളതുകൊണ്ടാണ് ചെയർമാൻ ധിക്കാരപരമായി പെരുമാറുന്നതെന്ന് വനിത അംഗങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ സി.പി.എം നയം വ്യക്തമാക്കണമെന്നാണ് അവരുടെ ആവശ്യം. യു.ഡി.എഫ് കൗൺസിലർമാരായ വത്സ ജോസ്, രാധ രവീന്ദ്രൻ, ബാനു പുളിക്കൽ, ഷിഫാനത്ത്, ബിന്ദു സുധീർ, ഷെറീന അബ്ദുല്ല, ഷൈലജ സോമൻ, ലീല പാൽപത്ത്, രാധ ബാബു, ബൾക്കീസ് ഷൗക്കത്തലി എന്നിവരാണ് വാർത്തസമ്മേളനത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ടി.എൽ. സാബു ജയിച്ചത് യു.ഡി.എഫിനൊപ്പം നിന്നാണ്. പിന്നീടുണ്ടായ രാഷ്ട്രീയ നീക്കങ്ങളിൽ നഗരസഭയിൽ മാണി വിഭാഗം എൽ.ഡി.എഫിനൊപ്പം ചേർന്നു. ഇതാണ് നഗരസഭയിൽ യു.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കിയത്.
വിപ്പ് ലംഘിച്ച സാബുവിനെ പാർട്ടി പുറത്താക്കിയിട്ടുണ്ട്. കൂടെ നിന്ന് കാലുവാരിയ അംഗത്തെ ആഞ്ഞടിക്കാൻ കിട്ടിയ അവസരമാണ് ബത്തേരിയിൽ ഇപ്പോൾ യു.ഡി.എഫ് ഉപയോഗപ്പെടുത്തുന്നതെന്ന് വ്യക്തം. അതേസമയം തന്നെ തേജോവധം ചെയ്യാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് ചെയർമാൻ സാബു പറഞ്ഞു. വികസന പ്രവൃത്തികൾ കണ്ട് വിറളി പിടിച്ചാണ് യു.ഡി.എഫ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടയിൽ കന്നുകാലി പ്രയോഗം ഇരുഭാഗത്തും ചർച്ചയായിട്ടുണ്ട്.
ചെയർമാനെ പ്രതിരോധിക്കാൻ എൽ.ഡി.എഫ് ഇതുവരെ പരസ്യമായി രംഗത്തുവന്നിട്ടില്ല. ഭരണതുടർച്ചക്കുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോൾ സി.പി.എം നടത്തുന്നത്. യു.ഡി.എഫ് ആണെങ്കിൽ കൈവിട്ടുപോയ അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.