ദുരിതപൂർണം... ഈ പാടി ജീവിതം
text_fieldsപൊഴുതന: കാലഹരണപ്പെട്ട എസ്റ്റേറ്റ് ലയങ്ങളിലെ തോട്ടം തൊഴിലാളികളുടെ ദുരിതജീവിതം ഒരു മാറ്റവുമില്ലാതെ തുടരുന്നു. പാടികളെല്ലാം പരിതാപകരമായ അവസ്ഥയിലാണ്. ഏതു നിമിഷവും തകർന്നു വീഴാവുന്ന പാടികളിൽ ഭീതിയോടെയാണ് കുടുംബങ്ങൾ കഴിയുന്നത്. പൊഴുതന പഞ്ചായത്തിലെ കല്ലൂർ, അച്ചൂർ, പാറക്കുന്ന്, വൈത്തിരി പഞ്ചായത്തിലെ ചുണ്ടേൽ, ചേലോട്, ആനപ്പാറ, മേപ്പാടി പഞ്ചായത്തിലെ നെല്ലിമുണ്ട, കടൂർ തുടങ്ങിയ ഡിവിഷനുകളിലെ ലയങ്ങളാണ് കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലുള്ളത്.
മഴ ചാറിയാൽ ചോർന്നൊലിക്കും. വർഷാവർഷം അറ്റകുറ്റ പണികൾ നടത്താത്തതാണ് ലയങ്ങൾ നശിക്കുന്നതിന് കാരണമെന്ന് താമസക്കാർ പറയുന്നു. ഷീറ്റും ഓടും മേഞ്ഞ ലയങ്ങളുടെ മേൽക്കൂര കാറ്റിൽ ഇളകിപോകുന്നതും പതിവാണ്. ആൾപാർപ്പില്ലാത്ത ലയങ്ങൾ കാടു കയറി ഇഴജന്തുകളുടെ ഭീഷണിയും നേരിടുന്നുണ്ട്. കുടിവെള്ള പദ്ധതികൾ നിർജീവമായതും മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങളില്ലാത്തതും വൃത്തിഹീനമായ പരിസരവും ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി.
1910 കാലയളവിൽ ഹാരിസൺ മലയാളം പ്ലാേൻറഷൻ നേതൃത്വത്തിൽ തേയില എസ്റ്റേറ്റ് ആരംഭിച്ചെങ്കിലും 1930നു ശേഷമാണ് തൊഴിലാളികൾക്ക് കൂട്ടമായി താമസിക്കാൻ ലയങ്ങൾ നിർമിക്കുന്നത്. തുടക്കത്തിൽ ലയങ്ങളുടെ പുനരുദ്ധാരണ ജോലികൾ കൃത്യമായി നടന്നെങ്കിലും പിന്നീട് സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി മാനേജ്മെൻറ് പിന്മാറി.
ലയങ്ങളുടെ പാർശ്വഭിത്തികളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ട്രേഡ് യൂനിയൻ നേതാക്കൾ മാനേജ്മെൻറുമായി ബന്ധപ്പെടുമ്പോൾ മാത്രം ചെറിയ രീതിയിലുള്ള അറ്റകുറ്റപ്പണികൾ ലയങ്ങളിൽ നടത്താറുണ്ടെങ്കിലും മാസങ്ങൾക്കുശേഷം വീണ്ടും പഴയതുപോലെയാകും. വൈത്തിരി താലൂക്കിൽ മാത്രം എസ്റ്റേറ്റ് മേഖലകളിൽ രണ്ടായിരത്തോളം തോട്ടം തൊഴിലാളികളാണ് വിവിധ പ്രദേശങ്ങളിലെ ലയങ്ങളിൽ വർഷങ്ങളായി താമസിച്ചുവരുന്നത്. ഇതിൽ ഏറെയും ഭൂരഹിത കുടുംബങ്ങളാണ്. ലയങ്ങളുടെ ശോച്യാവസ്ഥ കാരണം പല കുടുംബങ്ങളും എസ്റ്റേറ്റിനു പുറത്ത് വാടകക്ക് താമസിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.